“ആര് ചെയ്തതാണെങ്കിലും വലിയൊരു ഉപദ്രവമായിപ്പോയി”; നവാസിന് 26 ലക്ഷം എൽഐസി ഇൻഷുറൻസ് ക്ലെയിം ലഭിച്ചെന്നത് വ്യാജമാണെന്ന് സഹോദരൻ

','

' ); } ?>

അന്തരിച്ച നടൻ നവാസിന് മരണാനന്തര ഇൻഷുറൻസ് ക്ലെയിം ആയി എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ) 26 ലക്ഷം രൂപ നൽകിയെന്ന വാർത്ത നിഷേധിച്ച് സഹോദരനും നടനുമായ നിയാസ് ബക്കർ. വാട്ട്സാപ്പിലൂടെ പ്രചരിക്കുന്ന പോസ്‌റ്റർ ചിലർ അയച്ചു തന്നപ്പോഴാണ് ശ്രദ്ധയിൽപെടുന്നതെന്നും ആര് ചെയ്തതാണെങ്കിലും വലിയൊരു ഉപദ്രവമായിപ്പോയി എന്നും നിയാസ് ബക്കർ പറഞ്ഞു. മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ജീവിതത്തിനൊപ്പവും ജീവിതത്തിനു ശേഷവും നിങ്ങളോടൊപ്പം” എന്ന എൽഐസിയുടെ ടാ‌ഗ്ലൈനും പോസ്‌റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്.

“എന്റെ സഹോദരൻ നവാസിന് 26 ലക്ഷം രൂപ എൽഐസി ഇൻഷുറൻസ് ക്ലെയിം ആയി കിട്ടി എന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. വാട്‌സാപ്പിൽ ഷെയർ ചെയ്തു കിട്ടിയ ഒരു പോസ്‌റ്റർ ആൾക്കാർ അയച്ചു തരുമ്പോഴാണ് ഞങ്ങൾ അറിയുന്നത്. അത്തരമൊരു സംഭവം നടന്നിട്ടില്ല എന്നിരിക്കെ ആരാണ് ഇത്തരമൊരു വാർത്ത പ്രചരിപിക്കുന്നത് എന്ന് അറിയില്ല. ഇത് എൽഐസിയുടെ ഔദ്യോഗിക ആളുകൾ ആണോ അയച്ചത് എന്നുപോലും അറിയില്ല. എൽഐസിയുടെ ഔദ്യോഗികമായ എംബ്ളമോ സീലോ ഒന്നും ഈ പോസ്‌റ്ററിൽ ഇല്ല. ഈ ഫേക്ക് ന്യൂസ് എവിടെനിന്ന് തുടങ്ങി എന്നതിനെപ്പറ്റി ഒരു തെളിവും ഇല്ല. അങ്ങനെ ഒരു തുക ഞങ്ങൾക്ക് കിട്ടിയിട്ടില്ല. എൽഐസിയുടെ പേരിൽ വന്ന ഒരു വ്യാജ വാർത്തയാണ് ഇത്. എൽഐസിയുടെ വാർത്തയാണെന്ന് പറയാനുള്ള ഒരു തെളിവും അതിൽ ഇല്ല”. നിയാസ് പറഞ്ഞു.

ഇത് ചെയ്തത് ആരായാലും വലിയൊരു ദ്രോഹമാണ് ചെയ്തത്. പത്തു പൈസയുടെ ഗതിയില്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ ഒരു പ്രചാരണം നടത്തിയാൽ കിട്ടാനുള്ളത് കൂടി ഇല്ലാതെയാകും. ഞങ്ങളെ സംബന്ധിച്ച് നവാസ് ചെയ്ത വർക്കുകളുടെ പേയ്മെൻ്റ് ഒക്കെ കിട്ടാനുണ്ട്. ഇത്രയും പണം ഞങ്ങൾക്ക് കിട്ടി എന്നുകരുതി അത് തരാൻ അമാന്തിക്കാനും സാധ്യതയുണ്ട്. ഈ ചെയ്തത് ഒരു ഉപദ്രവമാണ്. ഇത് ചെയ്‌തത് എൽഐസി ആണോ എന്നുപോലും അറിയില്ല. ഇവരുടെ ഏജൻസി ഗ്രൂപ്പിൽ ഒക്കെ ഈ പോസ്‌റ്റ് വന്നിട്ടുള്ളതാണ്. ഏതെങ്കിലും ഒരു ഏജൻസി അവരുടെ കാര്യലാഭത്തിനു വേണ്ടി ചെയ്തിട്ടുള്ളതായിരിക്കാം. പക്ഷേ ഇത് ഞങ്ങളോട് ചെയ്യുന്ന വലിയ ചതിയാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ആരെയും ഇങ്ങനെ ദ്രോഹിക്കരുത്.”-നിയാസ് കൂട്ടിച്ചേർത്തു.