ശ്രീനാഥ് ഭാസിക്കൊപ്പം ഓണ്‍ലൈന്‍ ഗെയിം: വൈറല്‍ വീഡിയോ

ലോക്ഡൗണില്‍ ഓണ്‍ലൈന്‍ ഗെയിമിനിടെ കൂടെ കളിയ്ക്കാന്‍ കിട്ടിയത് ശ്രീനാഥ് ഭാസിയെ. ശ്രീനാഥ് ഭാസിയ്‌ക്കൊപ്പം ഓണ്‍ലൈലനില്‍ കളിയ്ക്കുന്ന ഈ വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. കഴിഞ്ഞ ദിവസം കോള്‍ ഒഫ് ഡ്യൂട്ടി വാര്‍സോണ്‍ ഗെയിം കളിക്കാനിരുന്ന രണ്ടു യുവാക്കളാണ് വീഡിയോ പങ്കുവെച്ചത്. കളിക്കിടെ ശ്രീനാഥ് ഭാസിയുടെ ശബ്ദം കേട്ടു സംശയം തോന്നിയ ഇവര്‍ ഗെയിമിനിടയില്‍ ശ്രീനാഥ് ഭാസിയല്ലേ എന്ന് നിരന്തരം ചോദിച്ചെങ്കിലും താരം ആദ്യമെല്ലാം ഒഴിഞ്ഞുമാറി.

പേര് ചോദിച്ചപ്പോള്‍ ശ്രീയെന്നും മറുപടി ലഭിച്ചതോടെ അവര്‍ക്ക് ഹരമായി. ശ്രകീനാഥ് ഭാസിയുടെ ശബ്ദവുമായി സാമ്യമുണ്ടെന്നറിയിച്ചപ്പോള്‍ നിരവധി പേര്‍ പറയാറുണ്ടെന്നായി ഭാസി. യുവാക്കള്‍ എന്താണ് ജോലിയെന്നു തിരക്കിയപ്പോള്‍ സിനിമാമേഖലയിലാണെന്ന് താരം പറഞ്ഞതോടെ യുവാക്കള്‍ വിടാതെ പിന്തുടരുകയായിരുന്നു. ശ്രീനാഥ് ഭാസിക്ക് വാര്‍സോണ്‍ കളിക്കാനൊക്കെ എവിടെ നേരമെന്നു അമ്പരന്ന അവര്‍ ഏതൊക്കെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന അടുത്ത ചോദ്യമെറിഞ്ഞു. അഞ്ചാം പാതിരായില്‍ ചെറിയൊരു റോള്‍ ചെയ്തിട്ടുണ്ടെന്നും ഹാക്കറുടേതാണെന്നും ഭാസി. ആദ്യമായി ഒരു സിനിമാതാരവുമായി ഗെയിം കളിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ ഭാസിയുടെ കടുത്ത ആരാധകരാണെന്നും എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്നും യുവാക്കള്‍ വച്ച് കാച്ചി. ആ ‘പൊക്കല്‍’ ഭാസി കൈയോടെ പിടിച്ചു. ഇബ്‌ലീസ് കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിനു മുന്നില്‍ യുവാക്കള്‍ വീണു. ഒടുവില്‍ ഗെയിം അവസാനിച്ചപ്പോള്‍ ഫ്രണ്ട് റിക്വസ്റ്റ് പരിഗണിക്കണേയെന്ന് താരത്തോട് ആവശ്യപ്പെട്ടാണ് അവര്‍ യാത്ര പറഞ്ഞത്.