മീ ടൂ ദുരുപയോഗം ചെയ്യരുത് ; ഡബ്ലിയുസിസിക്കെതിരെ സിദ്ദിഖും

ഡബ്ലിയുസിസിയുടെ ആരോപണങ്ങള്‍ ബാലിശമാണെന്ന് നടന്‍ സിദ്ദിഖ്. സിനിമാ സംഘടനയായ അമ്മയ്ക്ക് വേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമായ സിദ്ദിഖ് പ്രതികരിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ നടപടിയെടുക്കേണ്ടെന്നത് അമ്മ ജനറല്‍ ബോഡി മീറ്റിംഗ് തീരുമാനമായിരുന്നു. മോഹന്‍ലാലിനെതിരെ ഇത്രയധികം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല.

ദിലീപ് രാജിക്കത്ത് നല്‍കിയത് ശരിതന്നെ.ദിലീപിനെതിരെയുള്ള കുറ്റം തെളിയട്ടെ. അനാവശ്യ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ദിലീപ് കുറ്റാരോപിതനാണെന്ന് തെളിഞ്ഞാല്‍ മാത്രം നടപടിയെടുത്താല്‍ മതിയെന്നായിരുന്നു ജനറല്‍ ബോഡി തീരുമാനം. എക്‌സിക്യൂട്ടീവിന് ഈ തീരുമാനത്തെ മറികടക്കാനാകില്ല. രാജി വെച്ച്
പോയ നടിമാരെ തിരിച്ചെടുക്കാന്‍ സാധിക്കില്ല. തിരികെ വരണമെങ്കില്‍ അവര്‍ അപേക്ഷിക്കണം. സംഘടനയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടി ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കാറില്ലെന്നും സിദ്ദിഖ് ആരോപിച്ചു.

അമ്മ നടീ- നടന്മാരുടെ സംഘടനയാണ്. അതില്‍ ആക്ഷേപം തോന്നേണ്ടതില്ല. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മ. സംഘടനയില്‍ അംഗത്വം വേണ്ടെന്ന് തീരുമാനിച്ചത് നടിയാണ്. അവര്‍ക്ക് മാനസികമായ എല്ലാ പിന്തുണയും സംഘടന നല്‍കിയിട്ടുണ്ട്.

ദിലീപിനെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാണ് ഡബ്ല്യുസിസി ആവിശ്യപ്പെടുന്നത്. ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുത്തതാണ്. എന്നാല്‍ 280 പേര്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗം ആ തീരുമാനം മരവിപ്പിക്കുകയായിരുന്നു.

ദിലീപിനെതിരെ മാത്രമാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രതി പള്‍സര്‍ സുനിയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. സംഘടനയ്ക്കുള്ളില്‍ നിന്ന് പ്രസിഡന്റിനെ ചീത്തവിളിയ്ക്കുന്നത് ശരിയല്ല. അത്തരക്കാര്‍ക്കെതിരെ സംഘടന നടപടിയെടുക്കുമെന്നും സിദ്ദിഖ് അറിയിച്ചു.

കെ.പി.എസ്.സി ലളിതയും സിദ്ദിഖിനൊപ്പം മാധ്യമങ്ങളെ കണ്ടു. സംഘടനയ്ക്കകത്ത് നിന്നു കൊണ്ട് ഭാരവാഹികളെ ചീത്തവിളിക്കുന്നത് ശരിയല്ലെന്ന് കെ.പി.എസ്.സി ലളിതയും പ്രതികരിച്ചു. സംഘടനയില്‍ നിന്ന് പുറത്തു പോയ നടിമാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് പറയട്ടെയെന്നും അവര്‍ പറഞ്ഞു.