
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിതയെ പിന്തുണച്ചവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് മെഴുകുതിരി തെളിച്ചുള്ള കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങി വിമൺ ഇൻ സിനിമ കളക്ടീവ്. ഫെബ്രുവരി 17 വൈകുന്നേരം ആറ് മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട്- മാനാഞ്ചിറ ഓപ്പൺ സ്റ്റേജ്, കൊച്ചി-അബ്ദുൾ കലാം മാർഗ്, മറൈൻ ഡ്രൈവ് തിരുവനന്തപുരം – മാനവീയം വീഥി എന്നിവിടങ്ങളിലായിട്ടാണ് പരിപാടി നടക്കുക. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് ഡബ്ള്യൂ സി സി ഈ കാര്യം അറിയിച്ചത്.
“2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും, അതേ ദിവസമായിരുന്നു അവൾ ധൈര്യത്തോടെ തെറ്റ് ചെയ്തവർക്കെതിരെ സംസാരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു #അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്.”ഡബ്ള്യൂ സി സി കുറിച്ചു.
“കഴിഞ്ഞ 9 വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിച്ചവരാക്കി മാറ്റുകയാണ്. പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, WCC അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവരോടുമോപ്പം നിൽക്കുന്നവരെ, ഈ യാത്രയെ അനുസ്മരിക്കാൻ ക്ഷണിക്കുന്നു. ഇരുട്ടിൻ്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം.” ഡബ്ള്യൂ സി സി കൂട്ടിച്ചേർത്തു.
അതിജീവിതയുടെ പോരാട്ടത്തിന് 9 വർഷങ്ങളാകുന്ന വേളയിലാണ് WCC ഇത്തരമൊരു സമീപനം മുന്നോട്ട് വെക്കുന്നത്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം അതിജീവിത ആക്രമിക്കപ്പെടുന്നത്. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിന്റെ വസതിയിലാണ് അഭയം തേടിയത്. വിവരം അറിഞ്ഞ് സ്ഥലം എംഎല്‍എ ആയിരുന്ന പി ടി തോമസ് ലാലിന്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാര്ട്ടിന് ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്ട്ടിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു വിചാരണക്കോടതിയുടെ വിധി. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി മണികണ്ഠന്, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ആറ് പേര്‍ക്കും 20 വര്‍ഷം കഠിന തടവും പിഴയുമായിരുന്നു കോടതി വിധിച്ചിരുന്നത്. കേസിലെ എട്ടാം പ്രതി ദിലീപ് അടക്കം നാല് പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു.