വിണ്ണിലെ താരമല്ല, മണ്ണിലെ മനുഷ്യന്‍!

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് പിറന്നാളാശംസ അറിയിച്ചുകൊണ്ട് സംവിധായകന്‍ വൈശാഖ് എഴുതിയ കുറിപ്പ് വൈറലാകുന്നു. തന്റെ അനുഭവത്തില്‍ മമ്മൂട്ടി എന്ന നടന്‍ വിണ്ണിലെ താരമല്ല മണ്ണിലെ മനുഷ്യന്‍ ആണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് സംവിധായകന്‍. നിരവധിപേരാണ് മമ്മൂട്ടിക്ക് പിറന്നാളാശംസയുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ളത്. സംവിധായകന്‍ വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം….

പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന് ,
പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല .
ചിലരൊക്കെ പറഞ്ഞു പിണങ്ങുമെന്ന്,
പക്ഷേ എന്നോട് പിണങ്ങിയിട്ടില്ല.
ചെന്നപ്പോഴൊക്കെ വാതില്‍ തുറന്നു തന്നു ,
കഴിക്കുന്ന ആഹാരത്തില്‍ നിന്നും ഒരു പങ്ക് തന്നു.

പോക്കിരിരാജയില്‍ പകച്ചു നിന്നപ്പോള്‍ ,
കരുതലിന്റെ സംരക്ഷണം തന്നു .
മധുരരാജയില്‍ വാശി പിടിച്ചപ്പോള്‍ ,
വാത്സല്യത്തിന്റെ നിറചിരി തന്നു .

വീണു പോകുമോ എന്ന് ഭയന്നപ്പോളെല്ലാം മനസ്സ് ഉറപ്പു തന്നു,
ഒരു ഫോണ്‍ കോളിനപ്പുറത്ത് വന്‍മതിലിന്റെ
സംരക്ഷണം പോലെ,ഒരു ‘വല്യേട്ട’നുണ്ട് !
വിണ്ണിലെ താരമല്ല , മണ്ണിലെ മനുഷ്യന്‍!
അഭ്രപാളികളില്‍ നിരന്തരം വിസ്മയം തീര്‍ക്കുമ്പോളും ,ജീവിതത്തില്‍ ഇനിയും ‘അഭിനയിക്കാന്‍’പഠിച്ചിട്ടില്ലാത്ത നടന്‍,പ്രിയപ്പെട്ട മമ്മൂക്ക !

എനിക്ക് മാത്രമല്ല പലര്‍ക്കും മമ്മൂക്ക ഒരു കോണ്‍ഫിഡന്‍സ് ആണ് .
കാരണം ,
വിജയിക്കുന്നവന്റെയും
പരാജയപ്പെടുന്നവന്റെയും മുന്നില്‍ ആ വാതില്‍ എപ്പോഴും ഒരേപോലെ തുറന്ന് കിടക്കും .
ഒരു വേര്‍തിരിവും ഇല്ലാതെ,
ഒരു കരുതല്‍ ഇവിടെയുണ്ട് എന്ന ഉറപ്പോടെ …

പ്രിയപ്പെട്ട മമ്മൂക്കക്ക് പിറന്നാള്‍ ആശംസകള്‍…