“വോട്ട് ചെയ്തു, അംഗങ്ങളുടെ അഭിപ്രായം അനുസരിച്ച് ഒരു കമ്മിറ്റി വരും” മോഹൻലാൽ

','

' ); } ?>

താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാൽ. ആരും സംഘടന വിട്ടു പോകുന്നില്ലെന്നും നല്ല ഭരണസമിതി വരുമെന്ന പ്രതീക്ഷയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. വോട്ട് രേഖപെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വോട്ട് ചെയ്തു തിരിച്ചു പോവുകയാണ്. അമ്മയിലെ അംഗങ്ങളുടെ അഭിപ്രായം അനുസരിച്ച് ഒരു കമ്മിറ്റി വരും. നല്ല രീതിയില്‍ അമ്മ എന്ന പ്രസ്താനത്തെ മുന്നോട്ട് കൊണ്ടു പോകും. ആരും അമ്മയിൽ നിന്ന് വിട്ടൊന്നും പോയിട്ടില്ല. എല്ലാവരും ചേര്‍ന്ന് ഏറ്റവും നല്ല ഭരണം കാഴ്ച്ച വെക്കുമെന്നാണ് എന്റെ വിശ്വാസം. അങ്ങനെ സംഭവിക്കും”, എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ചാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പോളിങ് സമയം. വൈകുന്നേരത്തോടെ വോട്ടെണ്ണൽ പൂർത്തിയായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും. ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തില്ലെന്നാണ് വിവരം. ഉച്ചയ്ക്ക് ശേഷം ജനറല്‍ ബോഡി യോഗവും വൈകിട്ടോടെ പുതിയ ഭരണ സമിതിയുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗവും നടക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം ഉണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റില്‍ രാജിവെച്ചിരുന്നു. പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയാണ് അമ്മയെ നയിച്ചത്. അഡ്‌ഹോക് കമ്മിറ്റി ഭരണത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അമ്മയില്‍ നിര്‍ണായക തെരഞ്ഞെടുപ്പ് നടക്കുന്നത്.

കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, വിനുമോഹൻ, നന്ദുപൊതുവാൾ, ജോയ് മാത്യു എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. എക്സിക്യുട്ടീവ് കമ്മിറ്റിയിലെ വനിതാസംവരണത്തിലേക്ക് നീനാ കുറുപ്പ്, സജിതാബേട്ടി, സരയൂമോഹൻ, ആശാഅരവിന്ദ്, അഞ്ജലിനായർ എന്നിവരും മത്സരിക്കുന്നുണ്ട്. 506 അംഗങ്ങളുള്ള സംഘടനയിലെ മിക്കവരും തിരഞ്ഞെടുപ്പിന് എത്തുമെന്നാണ് പ്രതീക്ഷ.

ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരരംഗത്തുണ്ട്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറര്‍ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലുമാണ് മത്സരിക്കുന്നത്. 11 അംഗ എക്‌സിക്യൂട്ടീവിലേക്ക് 13 പേര്‍ മത്സര രംഗത്തുണ്ട്. ഇതില്‍ 4 സീറ്റ് വനിതാ സംവരണം ആണ്.