നിത്യഹരിത നായകനായി വിഷ്ണു ഉണ്ണികൃഷ്ണന്‍ ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്കെത്തി

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന നിത്യഹരിത നായകന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്കെത്തി. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജനൊപ്പം മനുവും കൂടി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജനും മുഴുനീള കോമഡി വേഷം അവതരിപ്പിക്കുന്ന ചിത്രംകൂടിയാണിത്. നിത്യഹരിത നായകന്‍ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസിന്റെയും ദീപന്റെയും അസോസിയേറ്റായിരുന്ന എ.ആര്‍ ബിനുരാജാണ്.

സിനിമയുടെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോട്ട് തുടങ്ങി. ജയശ്രീ, അനില, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയുടെ മകള്‍ രവീണ എന്നിവരാണ് നായികമാര്‍. മഞ്ജുപ്പിള്ള, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, കൊച്ചുപ്രേമന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന് ശേഷം പവി.കെ.പവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജയഗോപാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് നവാഗതനായ രഞ്ജന്‍ രാജാണ്. കലികയും ഹസീനയും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. കൊല്ലങ്കോട്, നെന്മാറ,പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.