‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിലൂടെയാണ് ബാലതാരമായ് വിഷ്ണു ഉണ്ണികൃഷ്ണന്‍ വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് കുറച്ച് സിനിമകളില്‍ അഭിനയിച്ചെങ്കിലും ബിബിന്‍ ജോര്‍ജ്ജുമൊന്നിച്ചെഴുതിയ ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാള്‍ എന്ന നിലയിലാണ് പിന്നീട് വിഷ്ണു അറിയപ്പെട്ടത്. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ബിപിനുമായുള്ള തിരക്കഥയെഴുത്തിനൊപ്പം തന്നെ നായകനായുമെത്തി. മഹാരാജാസ് കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കി തന്റെ സ്വപ്നം കൂടിയായ സിനിമയില്‍ ചുവടുറപ്പിക്കാനായ സന്തോഷത്തിലാണിപ്പോള്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. മലയാളത്തിന്റെ യുവ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ നായകനായെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ തിരക്കഥയില്‍ പങ്കാളിയായതിനൊപ്പം ചിത്രത്തില്‍ മുഴുനീള കഥാപാത്രം അവതരിപ്പിക്കാനായതിന്റെ ത്രില്ലിലാണ് വിഷ്ണു സെല്ലുലോയ്ഡിനോട് സംസാരിച്ചത്.
.യമണ്ടന്‍ വിശേഷങ്ങള്‍..
.ഒരു യമണ്ടന്‍ വിശേഷമായിട്ടാണ് യമണ്ടന്‍ പ്രേമകഥ വരുന്നത്. ഒരു ദുല്‍ഖര്‍ സിനിമ വന്നിട്ട് ഒന്നര വര്‍ഷത്തോളമായി. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അനൗണ്‍സ് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ പറഞ്ഞിരുന്നു 566 ദിവസങ്ങള്‍ക്ക് ശേഷമാണ് ദുല്‍ഖറിന്റെ ഒരു മലയാള സിനിമ വരുന്നതെന്ന്. എല്ലാവരെയും പോലെ ഞങ്ങളും കാത്തിരിക്കുകയാണ് യമണ്ടന്‍ പ്രേമകഥയ്ക്കായിട്ട്.
. തിരക്കഥയ്ക്ക്‌ശേഷമുള്ള നിങ്ങളുടെ നീണ്ട കാത്തിരിപ്പ്. എന്താണ് വൈകാന്‍ കാരണം?
.ഇങ്ങനെ ഷെഡ്യൂള്‍ ചെയ്തതല്ല, ഇടയ്ക്ക് ചെറിയ ചെറിയ ഗ്യാപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പെട്ടെന്ന് തീരുമെന്നാണ് ഞങ്ങളും പ്രതീക്ഷിച്ചത്. കാരണം ദുല്‍ഖറിന് ഹിന്ദി ചിത്രത്തിന്റെ കുറച്ച് ഭാഗം ഷൂട്ട് ചെയ്യാന്‍ പോകാനുണ്ടായിരുന്നു. അങ്ങനെ പോയ ആ ഗ്യാപ്പിലാണ് ഇവിടെ വെള്ളപ്പൊക്കം വന്നത്. പിന്നെ ഞങ്ങള്‍ ഷൂട്ട് ചെയ്യാനിരുന്ന സ്ഥലമൊക്കെ വെള്ളത്തില്‍ മുങ്ങിപ്പോയി. വെള്ളപ്പൊക്കത്തിന് ശേഷം അവിടെ ആദ്യത്തെ ഒരു ജ്യോഗ്രഫി അല്ലാത്ത രീതിയിലായി. അപ്പോള്‍ കുറച്ച് കാത്തിരിക്കേണ്ടി വന്നു. ആ സമയത്ത് ദുല്‍ഖറിന്റെ ഹിന്ദി സിനിമ തുടങ്ങി. അപ്പോള്‍ ആ സിനിമ തീരാന്‍ കാത്തിരുന്നു. അത് കഴിഞ്ഞപ്പോള്‍ ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റിന്റെ പ്രശ്‌നമുണ്ടായി. ഇപ്പോള്‍ എല്ലാം കഴിഞ്ഞു.
.ദുല്‍ഖറിനെ മലയാളി പ്രേക്ഷകര്‍ ഇതു വരെ കണ്ടതില്‍ നിന്ന് എന്ത് വ്യത്യസ്ഥതയാണ് പ്രതീക്ഷിക്കേണ്ടത്?
ദുല്‍ഖറിനെ ഞാനും ബിബിനും കാണാന്‍ ആഗ്രഹിക്കുന്നൊരു ജോണറുണ്ട്. ആ ജോണറില്‍ പുള്ളി ഇത് വരെ അഭിനയിച്ചിട്ടില്ല. ലോക്കല്‍ എന്നു വേണമെങ്കില്‍ പറയാം. ഒരു കട്ട ലോക്കലായിട്ടുള്ളൊരു ലല്ലു എന്നൊരു ക്യാരക്ടറാണ് ദുല്‍ഖറിന്.
. ഈ ഒരു കഥ എഴുതുന്ന സമയത്ത് തന്നെ ദുല്‍ഖറിനെ മനസ്സില്‍ കണ്ടുകൊണ്ടാണോ എഴുതിയത്?
.അതെ. ദുല്‍ഖറിനെ മനസ്സില്‍ വെച്ചാണ് ഞങ്ങള്‍ ഇത് പ്ലാന്‍ ചെയ്തത്. യാദൃശ്ചികമായി ഒരു ഷൂട്ടിനിടെ വീണ് എന്റെ കൈയ്ക്ക് പരിക്ക് പറ്റി. അമേരിക്കന്‍ ട്രിപ്പിന് പോകാനിരുന്നതായിരുന്നു ഞാനും ബിബിനും. അങ്ങനെ ആ ട്രിപ്പ് ക്യാന്‍സലായി. ചെയ്യാനിരുന്ന സിനിമ മുടങ്ങി. അങ്ങനെ വീട്ടിലിരിക്കുകയാണ്. നമ്മള് പോസിറ്റീവ് ആറ്റിറ്റിയൂഡിന്റെ ആള്‍ക്കാരായത്‌കൊണ്ട് കൈ ഒടിഞ്ഞിരിക്കുന്ന സമയം എഴുത്ത് തുടങ്ങാമെന്ന് വിചാരിച്ചു. ദുല്‍ഖറെ വെച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ആന്റോ ചേട്ടന്‍ എന്നെ കാണാന്‍ വേണ്ടി വീട്ടില്‍ വന്നത്. നിങ്ങള്‍ എഴുതുന്ന പരിപാടി ദുല്‍ഖറിന് പറ്റിയതാണോ എന്നു ചോദിച്ചു. അപ്പോള്‍ ഞാനും ബിപിനും മുഖാമുഖം നോക്കി. അതെ എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ചെയ്യാനിരുന്നത് ദുല്‍ഖര്‍ പടമാണ്, അത് സ്‌ക്രിപ്റ്റ് ഫൈനലാവാത്തത് കൊണ്ട് തുടങ്ങിയിട്ടില്ല. നിങ്ങളുടേത് പെട്ടന്നെ് തീര്‍ക്കുകയാണെങ്കില്‍ പുള്ളിയെ കേള്‍പ്പിക്കാം. അടുത്ത പ്രൊജക്ടായിട്ട് നമുക്ക് തുടങ്ങാമെന്നും പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ക്കും ഭയങ്കര ആവേശമായി. പെട്ടന്ന് എഴുതി തീര്‍ത്തു. ആ സമയത്ത് ഞാന്‍ ശിക്കാരി ശംഭു എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ പോയി ഞാനും ബിബിനും കൂടി ദുല്‍ഖറിനെ കഥ കേള്‍പ്പിച്ചു. ദുല്‍ഖര്‍ കേട്ടിരിക്കുമ്പോള്‍ തന്നെ നമുക്ക് ഭയങ്കര എനര്‍ജി കിട്ടി. കാരണം ഓരോ തമാശയ്ക്കും പുള്ളി ചിരിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്കും ആവേശമായി. കംപ്ലീറ്റ് സ്‌ക്രിപ്റ്റും പറയുമ്പോള്‍ ദുല്‍ഖര്‍ ഭയങ്കരമായിട്ട് എന്‍ജോയ് ചെയ്യുകയായിരുന്നു. ചെറിയ കാര്യത്തിന് വരെ ചിരിക്കുന്ന ആളാണ് ദുല്‍ഖര്‍. ചിരിച്ച് ചിരിച്ച് ഒടുവില്‍ ദുല്‍ഖര്‍ പറയുകയാണ് ഒരുമിനിറ്റ് ഞാന്‍ ആലോചിച്ചിട്ട് പറയാമെന്ന്. അപ്പോള്‍ ഞങ്ങള്‍ക്ക് ടെന്‍ഷനായി. ദുല്‍ഖര്‍ ഇത് വരെ ചെയ്യാത്തൊരു ക്യാരക്ടറാണ്. അപ്പോള്‍ ചെയ്താല്‍ എങ്ങനെയാവും എന്നും ആശയക്കുഴപ്പത്തിലായിരുന്നു ദുല്‍ഖര്‍. അപ്പോള്‍ ഞങ്ങള്‍ ഫുള്‍ ഡയലോഗുകളും കഥയുമൊക്കെ വിശദീകരിച്ച് പറഞ്ഞപ്പോള്‍ പുള്ളി ഓക്കെ പറയുകയായിരുന്നു.
.ഡയറക്ടര്‍ ബി.സി നൗഫലിനെ നിങ്ങളാണോ ആന്റോ ചേട്ടനാണൊ തിരഞ്ഞെടുത്തത്?
. എന്നോടും ബിബിനോടും നിങ്ങള്‍ക്ക് ഒരു സിനിമ എഴുതിക്കൂടെ എന്ന് ചോദിച്ച ആള് നൗഫലിക്കയാണ്. അദ്ദേഹത്തിന് വേണ്ടിയിട്ടാണ് ഞങ്ങള്‍ ആദ്യമായിട്ടൊരു തിരക്കഥ എഴുതുന്നത്. അതില്‍ ഞങ്ങളെ തന്നെ നായകന്‍മാരാക്കിയിട്ടാണ് ഞങ്ങള്‍ എഴുതിയത്. പക്ഷെ ആ സിനിമ നടക്കാതെ പോയി. നൗഫലിക്കയും സിനിമ എടുക്കില്ലെന്ന നിലപാട് എടുത്തിരുന്നു. അപ്പോള്‍ ഞങ്ങള്‍ കഥ നാദിര്‍ഷയ്ക്ക് കേള്‍പ്പിച്ചുകൊടുത്തു. അദ്ദേഹമത് ചെയ്യാമെന്ന് പറഞ്ഞു. അമര്‍ അക്ബര്‍ അന്തോണി സംഭവിച്ചത് അങ്ങനെയാണ്. അതിന് ശേഷം നൗഫിലിക്കയ്ക്ക് വേണ്ടി ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് വേണ്ടി ഒരു യമണ്ടന്‍ പ്രേമകഥയുടെ സ്ര്ക്രിപ്റ്റ് എഴുതുന്നത്.
.എഴുത്ത് പറ്റുമെന്ന് തോന്നിയത് എപ്പോള്‍ മുതലാണ്?
.എഴുത്തിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിട്ടുപോലുമില്ല. എഴുത്തുകാരനാകണമെന്ന് ആഗ്രഹിച്ചിട്ടുമില്ലായിരുന്നു. എന്റെയും ബിബിന്റെയും മനസ്സില്‍ അഭിനയിക്കണം എന്നു മാത്രമായിരുന്നു. നൗഫലിക്കയാണ് പറഞ്ഞത് സ്‌കിറ്റ് തയ്യാറാക്കുന്ന പോലെ തന്നെയാണ്. സിനിമയ്ക്കും എഴുതൂ, നിങ്ങളെ തന്നെ അഭിനയിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെ അഭിനയിപ്പിക്കാം എന്നു പറഞ്ഞതിന്റെ ഒരു ആവേശത്തിലങ്ങ് എഴുതിയതാണ്. ഞങ്ങള്‍ക്ക് തന്നെ അഭിയിക്കേണ്ടതായത്‌കൊണ്ട് മാക്‌സിമം അങ്ങ് പൊലിപ്പിച്ചാണ് എഴുതിയത്. എഴുതി വന്നപ്പോള്‍ സംഭവിച്ചത് വേറെ രീതിയിലായി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങിയവരൊക്കെ അഭിനയിച്ച് തകര്‍ത്തപ്പോള്‍ പടവും വലുതായി. അപ്പോള്‍ ഞങ്ങള്‍ക്കും അതിന്റെ പേരിലൊരു ബാനറായി. അതാണ് സംഭവിച്ചത്. അല്ലാതെ ഞങ്ങള്‍ക്ക് എഴുതാന്‍ വേണ്ടി അങ്ങനെയൊന്നും ചെയ്തതല്ല.
. എഴുത്തായി, അഭിനയമായി, ഇനി ഡയറക്ഷന്‍..
.ഇല്ല, അതും ഈ പറഞ്ഞപോലെ ഞങ്ങള്‍ക്കൊരു പ്ലാനുമില്ല. ഇപ്പോള്‍ ഡയറക്ഷനെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. സാങ്കേതികമായിട്ട് ഒരുപാട് അറിവ് വേണ്ട കാര്യമാണ് അതെല്ലാം. അത്രയൊന്നും നമുക്ക് അറിഞ്ഞ്കൂട. അങ്ങനെ ചെയ്യാനൊരു ധൈര്യം തോന്നുമ്പോള്‍ ഡയറക്ഷനെക്കുറിച്ച് ആലോചിക്കാം.
.ബിബിനുമായി പുതിയ എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ..
.കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ സംവിധായകനായ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ഓര്‍ഗാനിക് ലവ് സ്‌റ്റോറി എന്ന ചിത്രത്തിലാണ് ബിബിന്‍ അടുത്തതായിട്ട് അഭിനയിക്കുന്നത്. അത് കഴിഞ്ഞിട്ട് ഞങ്ങള്‍ ഒരുമിച്ച് അടുത്ത സിനിമയുടെ ആലോചന നടക്കുന്നുണ്ട്.
.ബിബിന്റെ പുതിയ ചിത്രം എഴുതുന്നത് ബിബിന്‍ തന്നെയാണോ?
.അല്ല, ശശാങ്കനാണ് അതിന്റെ കഥ.
.വിഷ്ണുവിന്റെ പുതിയ സിനിമാ വിശേഷങ്ങള്‍..
.എന്റെ അടുത്ത ഇറങ്ങാനുള്ള സിനിമ ഷാഫി സാര്‍ സംവിധാനം ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്കാണ്. അതില്‍ ഷറഫുദീന്‍, ധ്രുവന്‍, ഹരീഷേട്ടന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. പിന്നെ മൂന്ന് നായികമാരുണ്ട്. മാനസാ രാധാകൃഷ്ണന്‍, ഗായത്രി സുരേഷ്, സൗമ്യ മേനോന്‍. ഇതൊരു കോമഡി ചിത്രമാണ്. റാഫി സാര്‍ ആണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ്. ഞാന്‍ ഷാഫി സാറിന്റെ മായാവിയില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചിരുന്നു. അതിന് ശേഷം ബിബിന്‍ നായകനായ ഒരു പഴയ ബോംബ് കഥയിലും ഒരു ചെറിയ വേഷത്തില്‍ എത്തിയിരുന്നു. ആ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് ഷാഫി സാര്‍ എന്നോട് ഈ സിനിമയെക്കുറിച്ച് പറഞ്ഞത്. ഇങ്ങനൊരു പടം എന്റെ മനസ്സിലുണ്ട്, നമുക്കത് പിടിച്ചാലോ എന്ന്. ഞാന്‍ കേട്ടപാടെ അപ്പോള്‍ തന്നെ പറഞ്ഞു നമ്മളത് ചെയ്യും എന്ന്.
.വിഷ്ണുവിനെ ആകര്‍ഷിച്ചൊരു കഥാപാത്രം?
.പ്രത്യേകിച്ച് ഒന്നിനേയും എടുത്തുപറയാന്‍ പറ്റില്ല. ഞങ്ങള്‍ എഴുതിയത് ചെയ്യുമ്പോള്‍ കുറച്ചുകൂടി പരിചിതമായിരിക്കും ആ കഥാപാത്രം. കട്ടപ്പനയിലെ കിച്ചു എന്ന കഥാപാത്രം ഓരോ മലയാളിയ്ക്കും റിലേറ്റ് ചെയ്യാന്‍ പറ്റും. സിനിമാ മോഹവുമായി നടക്കുന്ന എല്ലാ ചെറുപ്പക്കാര്‍ക്കും കിച്ചുവിനെ കാണുമ്പോള്‍ അയ്യോ..ഇത് ഞാനാണല്ലൊ എന്ന് തോന്നുന്നു എന്ന കാര്യം ഞങ്ങളോട് പറയാറുണ്ട്. ഞാനും അതില്‍പെട്ടൊരാളാണല്ലോ..അതിലെ ഒട്ടു മിക്ക കാര്യങ്ങളും സ്വന്തം ജീവിതത്തില്‍ ഉണ്ടായത്് കൊണ്ട് ആ സിനിമയില്‍ സിനിമാറ്റിക്കായിട്ട് വെച്ചിട്ടുണ്ട്. പിന്നെ യമണ്ടന്‍ പ്രേമകഥയില്‍ ഞാന്‍ ടെന്നി സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ കൂട്ടുകാരനാണ്. ബ്ലൈന്‍ഡാണ് ആ കഥാപാത്രം. മഹാരാജാസില്‍ പഠിക്കുന്ന സമയത്ത് എനിക്ക് കുറച്ച് ബ്ലൈന്‍ഡായിട്ടുള്ള കൂട്ടുകാരുണ്ടായിരുന്നു. പിന്നെ ബിബിന്റെ കൂടെ ബ്രണ്ണന്‍ കോളേജില്‍ കൂടെ പഠിച്ച ഒരു സുഹൃത്തുണ്ട് സനോജ്. മഹാരാജാസില്‍ ഞങ്ങളുടെ കൂടെ പഠിച്ച ടിമി ചേട്ടനുണ്ട്. ഈ ചേട്ടനും ബ്ലൈന്‍ഡാണ്. കോമഡി പാരഡി പാട്ടുകളൊക്കെ എഴുതുകയും പാടുകയും ചെയ്യുന്ന ഒരാളാണ്. ടിമി ചേട്ടന്റെ മാസറിസവും പിന്നെ സനോജ് എന്ന സുഹൃത്തിന്റെ സംസാരവുമെല്ലാമാണ് എഴുതുമ്പോഴുള്ള ഞങ്ങളുടെ മനസ്സിലെ റഫറന്‍സ്. അതൊക്കെ യമണ്ടനില്‍ ഗുണം ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
.ദുല്‍ഖറിന്റെ കൂടെയുള്ള എക്‌സ്പീരിയന്‍സ്..
.കുഞ്ഞിക്കാ..എന്ന്പറഞ്ഞ് പിള്ളേര് ചാവുന്നത് വെറുതേയല്ല. പുളളി ഒരു സംഭവമാണ്. ഭയങ്കര രസാണ്. മലയാളത്തില്‍ മാത്രമല്ല, ഇന്ത്യ മൊത്തം അറിയപ്പെടുന്ന സ്റ്റാറാണ് ദുല്‍ഖര്‍. അതിനാല്‍ തന്നെ ആദ്യമൊക്കെ ഒരു പേടിയും ഗ്യാപ്പുമൊക്കെ ഇട്ടാണ് നിന്നിരുന്നത്. ഫസ്റ്റ് ദിവസം തന്നെ ഷൂട്ടില്‍ ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ സാധാരണക്കാരെ പോലെ തോളില്‍ കൈയ്യിട്ട് താന്‍ പറയെടോ നമുക്ക് പടത്തിന് വേണ്ടിയിട്ടല്ലെ എന്നെല്ലാം പറഞ്ഞ് പുള്ളി തന്നെ ഈസിയാക്കി. ഭയങ്കര കമ്പനിയാണ് ദുല്‍ഖര്‍. പുറത്ത് നിന്ന് നോക്കും പോലെയല്ല. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് തമാശയൊക്കെ പറയും. സലീമേട്ടന്‍ കൂടെ ഉണ്ടെങ്കില്‍ നമുക്ക് ചിരിച്ചോണ്ടിരിക്കാം. എപ്പോഴും ഇങ്ങനെ ഓരോന്നു പറഞ്ഞ്‌കൊണ്ടിരിക്കും. ഫുള്‍ ഫണ്ണായിരുന്നു ലൊക്കേഷന്‍ മൊത്തം.
. സിറ്റിയുവേഷന്‍ കോമഡി വര്‍ക്കൗട്ട് ചെയ്യാന്‍ സ്‌ക്രിപ്റ്റില്‍ ആദ്യമേ പ്ലാന്‍ ചെയ്യാറുണ്ടോ? ഉദാഹരണം ‘രതീഷ്’…
. രതീഷ് സ്‌ക്രിപ്റ്റില്‍ ഉള്ളതാണ് (ചിരിയ്ക്കുന്നു). വര്‍ക്കൗട്ടാവുക എന്നു പറഞ്ഞ് കഴിഞ്ഞാല്‍ അതൊരു ഭാഗ്യമാണ്. ഇതെന്തായാാലും ക്ലിക്കാവും എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. രണ്ടും കല്‍പ്പിച്ചുള്ളൊരു പരീക്ഷണമാണ്. ‘രതീഷ്’ എന്നു പറയുന്ന തമാശ ഇപ്പോഴും പലര്‍ക്കും അറിയില്ല. അതെങ്ങനെയാണ് വന്നത് എന്നു വെച്ചാല്‍ ഞങ്ങളുടെ കൂട്ടുകാരുടെ ഇടയിലുള്ള ഒരു തമാശയാണത്. അതായത് നമ്മള്‍ ഒരു പുതിയ ഷര്‍ട്ട് ഇട്ട് എവിടെങ്കിലും പോയി വന്ന് കഴിഞ്ഞ് എല്ലാവരോടും അഭിപ്രായം ചോദിച്ചാല്‍ ഷര്‍ട്ട് വെറുതേ രതീഷായി പോയിട്ടോ..എന്നാണ് പറയുക. കൊള്ളൂല എന്നു പറയുന്നതിന് പകരമായിട്ടാണ് രതീഷ് എന്നു പറയുന്നത്. ഞങ്ങളുടെ കൂട്ടുകാരുടെ ഇടയില്‍ പറയുന്നതാണ്. പഴയ ഒരു പരിചയക്കാരനുണ്ട്. പുള്ളീടെ പേര് രതീഷ് എന്നാണ്. കൂടെ ഒരു പേര് കൂടി ഉണ്ട്. അത് ഞാന്‍ പറയുന്നില്ല, അയാള്‍ക്ക് മനസ്സിലാവും…(ചിരിക്കുന്നു)..അയാളുടെ പേര് വെച്ചിട്ട് പരസ്പരം കളിയാക്കി കളിയാക്കി അങ്ങനെ ഞങ്ങളുടെ കൂട്ടത്തിലുള്ളതാണ് ഇ രതീഷ്. മോശം പേരായിട്ടല്ല, കളിയാക്കാന്‍ വേണ്ടിയിട്ട് പറയുന്ന ഒരു പേരായിരുന്നു ഞങ്ങളുടെ ഇടയില്‍ രതീഷ്. സ്‌ക്രിപ്റ്റ് എഴുതി കഴിഞ്ഞപ്പോള്‍ ആദ്യം വായിച്ച് കേള്‍പ്പിച്ചത് ഞങ്ങളുടെ കൂട്ടുകാരെയാണ്. അവരുടെ അഭിപ്രായം കേട്ടിട്ട് സ്‌ക്രിപ്റ്റില്‍ മാറ്റങ്ങളും വരുത്താറുണ്ട്. അവിടുന്നാണ് ഞങ്ങള്‍ക്ക് ആദ്യ റിയാക്ഷന്‍ കിട്ടുന്നത്. ഈ കൂട്ടുകാര്‍ക്കൊക്കെ അറിയാവുന്നതാണ് ഈ രതീഷിന്റെ കാര്യം. അവരെ വായിച്ച് കേള്‍പ്പിച്ചപ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നു. പുറത്തുള്ളവര്‍ക്ക് അറിയാത്തതിനാല്‍ വര്‍ക്കൗട്ടാവുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. പിന്നെ രണ്ടും കല്‍പ്പിച്ച് അങ്ങ് വെച്ചതാണ്. ധര്‍മ്മേട്ടന്‍ അത് പറയുകയും ചെയ്തപ്പോള്‍ ആ തമാശ ഗംഭീരമായിട്ടു വന്നു.
.കോമഡി എഴുതുന്ന രീതി?
.പറഞ്ഞ് നോക്കിയും ചെയ്ത് നോക്കിയുമാണ് എഴുതുക. എന്നിട്ട് കൂട്ടുകാരുടെ അടുത്ത് ഇത് വായിച്ച് കേള്‍പ്പിക്കും. ഞങ്ങളുടെ ഏതെങ്കിലും ഒരു കൂട്ടുകാരനുണ്ടായ അനുഭവങ്ങളായിരിക്കും സിനിമയില്‍ സിനിമാറ്റിക്കായിട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവുക. അങ്ങനെയാണ് ഞങ്ങളുടെ സിനിമയിലെ ഭൂരിഭാഗം ഹ്യൂമര്‍ സീനുകളും.
.അമര്‍ അക്ബര്‍ അന്തോണിയില്‍ ഓരോ ക്യാരക്ടറിനും ക്യാരിക്കേച്ചര്‍ സ്വഭാവം ഉണ്ട്. അത് ബോധപൂര്‍വ്വം അങ്ങനെ ചെയ്തതാണൊ..അല്ലെങ്കില്‍ ചെയ്ത് വന്ന സമയത്ത് അങ്ങനെയായാതാണോ?
.അത് അങ്ങനെ തന്നെ ചെയ്തതാണ്. ഒരു വ്യത്യസ്ഥതയ്ക്ക് വേണ്ടിയിട്ട് എന്നുള്ള രീതിയിലാണ് അങ്ങനെ പ്ലാന്‍ ചെയ്തത്. ദൈവമനുഗ്രഹിച്ച് അത് വര്‍ക്കൗട്ടാവുകയും ചെയ്തു. അടുത്ത സിനിമയില്‍ പക്ഷെ അങ്ങനെയില്ല. കുറച്ചുകൂടി റിയലിസ്റ്റിക്കായിട്ടാണ് കട്ടപ്പനയില്‍ പോയിരിക്കുന്നത്. യമണ്ടനില്‍ എങ്ങനെയാണ് വന്നിരിക്കുന്നത് എന്നറിയില്ല. സിനിമ ഇറങ്ങികഴിയുമ്പോള്‍ അറിയാം.
.ഒരുപാട് കോമഡി പ്രതീക്ഷിക്കുന്നു?
തീര്‍ച്ചയായിട്ടും. ഹ്യൂമര്‍ നന്നായിട്ട് വര്‍ക്കൗട്ടായിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം.
.ചിത്രത്തിലെ പാട്ടുകള്‍?
.നാദിര്‍ഷ ഇക്കയാണ് ഇതില്‍ മ്യൂസിക്ക് ചെയ്തിരിക്കുന്നത്. നാല് പാട്ടുകളുണ്ട്. നാലും ഞങ്ങളുടെ മനസ്സ് നിറഞ്ഞ് എന്‍ജോയ് ചെയ്ത പാട്ടുകളാണ്. വിനീത് ശ്രീനിവാസന്‍, വിദ്യാധരന്‍ മാസ്റ്റര്‍, നജീം അര്‍ഷാദ്, ജാസി ഗിഫ്റ്റ് തുടങ്ങിയവരൊക്കെ പാടിയിട്ടുണ്ട്. ഒരു പാട്ട് ഡപ്പാന്‍ കൂത്ത് പാട്ടാണ്. അത് ജാസി ഗിഫ്റ്റാണ് പാടിയിരിക്കുന്നത്. അതും ഒരു പുതിയ അനുഭവമാണ്. ഡപ്പാന്‍ കൂത്ത് പക്കാ ഡാന്‍സ് സോംഗില്‍ ഇതുവരെ കാണാത്ത കുഞ്ഞിക്കയെ കാണാം..
.ഫാമിലിയെക്കുറിച്ച്?
.എനിക്ക് അച്ഛന്‍, അമ്മ, രണ്ടു ചേച്ചിമാര്‍ എന്നിവരാണ് ഉള്ളത്. ചേച്ചിമാരുടെ കല്ല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളൊക്കെ ആയി അവരൊക്കെ സെറ്റില്‍ഡാണ്.
.വിഷ്ണുവിന്റെ കല്ല്യാണം?
നോക്കുന്നുണ്ട്. ബിബിന്റെ കല്യാണത്തിനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഈ ചോദ്യം കേട്ടത്. എല്ലാവരും വന്നിട്ട് ഇനി എപ്പോഴാണ് നിന്റേത് എന്ന ചോദ്യമേ കേള്‍ക്കാനുള്ളു. എന്തായാലും നോക്കുന്നുണ്ട്. ചിലപ്പോള്‍ ഉടനെ തന്നെ ഉണ്ടാവും.
.വിഷു ഓര്‍മ്മകള്‍?
.പഴയ വിഷു എന്നു പറയുമ്പോള്‍ പടക്കം പൊട്ടിക്കലും മറ്റ് പരിപാടികളുമെല്ലാം ഉണ്ടാവും. വിഷുവിന്റെ സീസണാവുമ്പോള്‍ കൊന്ന പൂത്തിട്ടുണ്ടാവുമല്ലോ.. ഞാനൊക്കെ പത്തില്‍ പഠിക്കുന്ന ആ സമയത്ത് കൊന്ന അങ്ങനെ ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഒരു കൊന്ന മരത്തിലൊക്കെയേ പൂവ് ഉണ്ടാവുകയുള്ളൂ. അപ്പോള്‍ കലൂര്‍ കടവന്ത്ര റോഡില്‍ രണ്ടു സൈഡിലും കൊന്ന മരങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. കൊന്നപൂവിന് ഭയങ്കര ക്ഷാമമാണ്. നമുക്ക് കംപ്ലീറ്റ് കൊന്നപൂവ് പറച്ചിട്ട് കച്ചവടം ചെയ്യാം എന്നെല്ലാമുള്ള വന്‍ ആശയവുമായിട്ട് ഞങ്ങള്‍ കൊന്ന പറിക്കാന്‍ തീരുമാനിച്ചു. കുറേ കൊന്ന പൂവൊക്കെ പറക്കുകയും ചെയ്തു. പിറ്റേ ദിവസം വില്‍ക്കാനായിട്ട് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ തലേ ദിവസം വൈകുന്നേരം തന്നെ ആള്‍ക്കാര്‍ കൊന്നപൂവ് റെഡിയാക്കി വെയ്ക്കുമല്ലോ..വെളുപ്പിന് എഴുന്നേറ്റ് കണി കാണേണ്ടതല്ലേ..ഞങ്ങള്‍ക്ക് ആര്‍ക്കും ആ ചിന്ത പോയില്ല. രാവിലെ ഏഴു മണിയൊക്കെ ആയപ്പോഴേക്കും കൊന്ന പൂവ് വില്‍ക്കാനായിട്ട് ഇറങ്ങിയിരിക്കുകയാണ് ഞങ്ങള് കുറേ മണ്ടന്‍മാര്‍..(ചിരിക്കുന്നു). അതാണ് മറക്കാനാവാത്ത ഒരു വിഷു അനുഭവം.