14 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, കുഞ്ചാക്കോ ബോബന്‍ അച്ഛനായി

മലയാളികളുടെ പ്രിയനടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. തനിക്ക് ആണ്‍കുഞ്ഞ് പിറന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ ചാക്കോച്ചന്‍ തന്നെയാണ് അറിയിച്ചത്. സിനിമാതാരങ്ങളുള്‍പ്പടെ നിരവധി പേരാണ് ചാക്കോച്ചനും പ്രിയക്കും ആശംസകള്‍ നേര്‍ന്നത്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്.

ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2005ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരം നിരവധി മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു ഇവരുടെ പതിനാലാം വിവാഹവാര്‍ഷികം. ഈ വിവാഹവാര്‍ഷികം നമുക്ക് ഏറെ സ്‌പെഷ്യലാണെന്ന് ഭാര്യയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് കൊണ്ട് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.