നടന്‍ വിശാല്‍ വിവാഹിതനാവുന്നു…

തമിഴ് നടനും നടിഗര്‍ സംഘം, തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ കൗണ്‍സില്‍ തലവനുമായ വിശാല്‍ വിവാഹിതനാകുന്നു. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് 41 കാരനായ വിശാലിന്റെ വധു.വിശാലിന്റെ പിതാവ് ജി.കെ റെഡ്ഡിയാണ് മകന്റെ വിവാഹ വാര്‍ത്ത പ്രഖ്യാപിച്ചരിക്കുന്നത്.

നടന്‍ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വര്‍ഷങ്ങളായി താരം പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷെ പിന്നീടും പല പൊതുവേദികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപെട്ടതോടെ വീണ്ടും ഇവരുടെ വിവാഹവാര്‍ത്ത സജീവമായി പ്രചരിക്കാന്‍ തുടങ്ങി. വിശാലിന്റെ ഏറ്റവും പുതിയ ചിത്രം സണ്ടക്കോഴി രണ്ടില്‍ പ്രതിനായക വേഷത്തിലെത്തിയത് വരലക്ഷ്മിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് വിശാലിന്റെ വിവാഹവാര്‍ത്ത പുറത്തു വന്നിരിക്കുന്നത് .

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റായ വിശാലിനെ അടുത്തിടെ കൗണ്‍സിലിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 20 നാണ് ചെന്നൈ ടി നഗറിലുളള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫിസിനു മുന്നിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിശാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.