നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് ; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും

രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജ്. 2019 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് താരം അറിയിച്ചത്.

‘ഇതൊരു പുതിയ തുടക്കമാണ്. പുതിയ ഉത്തരവാദിത്തം. നിങ്ങളുടെ പിന്തുണയോടെ വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കും. മണ്ഡലം ഏതെന്ന കാര്യം ഉടന്‍ അറിയിക്കും. ഇത്തവണ ജനങ്ങളുടെ സര്‍ക്കാര്‍’. പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ബിജെപിയുടെയും സംഘപരിവാറിന്റെയും നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയാണ് പ്രകാശ് രാജ്. നേരത്തെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ബിജെപിയ്ക്കും ആര്‍എസ്എസ്സിനും എതിരെ രൂക്ഷമായ പ്രതികരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും താരം പ്രചാരണത്തില്‍ സജീവമായിരുന്നു. പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് വലിയ സ്വീകരണമാണ് ട്വിറ്ററില്‍ ലഭിച്ചത്.