നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

തമിഴ് നടനും അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റുമായ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. നടന്റെ പേരിലുള്ള നിര്‍മാണ കമ്പനി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിലാണ് എഗ്മോര്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷമായി നിര്‍മ്മാണകമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും തുക നികുതിയ്ക്കായി പിടിക്കുന്നുണ്ടായിരുന്നു. അതൊന്നും അടച്ചില്ല എന്നതാണ് കേസ്. പരാതിയുമായി ബന്ധപ്പെട്ട് 2007ല്‍ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു.

ചെന്നൈയിലെ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്‍ ഹാജരാകേണ്ടതായിരുന്നെന്നും എന്നാല്‍ വിചാരണയ്ക്ക് വിശാല്‍ എത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ചുള്ള സമന്‍സ് ലഭിച്ചിരുന്നില്ലെന്ന് വിശാലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമന്‍സ് ലഭിക്കാതെ കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന അപേക്ഷ എങ്ങനെ സമര്‍പ്പിച്ചുവെന്ന് എതിര്‍ഭാഗം കോടതിയില്‍ വാദിച്ചിരുന്നു. രണ്ടാം തവണയാണ് സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകുന്നതില്‍ വിശാല്‍ വീഴ്ച്ച വരുത്തിയതെന്നും എതിര്‍ഭാഗം വാദിച്ചു. ജൂലൈ 24നായിരുന്നു വിശാല്‍ ഹാജരാകേണ്ടിയിരുന്നത്. വിശാല്‍ എത്താതിരുന്നതിനാല്‍ വിചാരണ ആഗസ്റ്റ് 28ലേക്ക് മാറ്റി.