ഇത് നമ്മുടെ ശൈലജ ടീച്ചറല്ലേ…രേവതിയെ കണ്ട് ഞെട്ടി പ്രേക്ഷകര്‍

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയില്‍ നടി രേവതിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത് ഫോട്ടോയിലെ രേവതിയുടെ ലുക്കാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലാണ് രേവതി ചിത്രത്തിലെത്തുന്നത്. കെ.കെ. ശൈലജ ടീച്ചര്‍ തന്നെയാണോ ഇത് എന്ന് തോന്നുന്ന വിധമാണ് ചിത്രത്തില്‍ രേവതിയുടെ ലുക്ക്. ശൈലജ ടീച്ചറുമായി വളരെ സാമ്യം തോന്നുന്ന തരത്തിലാണ് രേവതിയുടെ മേക്ക് ഓവര്‍.

ചിത്രത്തില്‍ നേഴ്‌സ് ലിനിയുടെ വേഷത്തില്‍ എത്തുന്നത് റിമ കല്ലിങ്കലാണ്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒപിഎം ബാനറാണ് വൈറസ് നിര്‍മ്മിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും.