വിധു വിന്‍സെന്റിന്റെ റോഡ് മൂവി; ‘വൈറൽ സെബി’ ആരംഭിച്ചു

മാൻഹോൾ, സ്റ്റാൻഡ് അപ്പ് എന്നീ സിനിമകൾക്ക് ശേഷം വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വൈറൽ സെബി”യുടെ ചിത്രീകരണം ഇന്ന് കോഴിക്കോട് ആരംഭിച്ചു. ഈജിപ്ഷ്യന്‍ സ്വദേശി മിറ ഹമീദ് ആണ് ചിത്രത്തിലെ നായിക. പ്രമുഖ യൂട്യൂബർ സുദീപ് കോശിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിത മഠത്തിൽ, ആനന്ദ് ബാലകൃഷ്ണൻ എന്നിവരുടേതാണ് ചിത്രത്തിൻ്റെ തിരക്കഥ. എൽദോ ശെൽവരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റർ: ക്രിസ്റ്റി, സംഗീതം: അരുൺ വർഗീസ്, ആർട്ട്: അരുൺ ജോസ്, ഗാനരചന: റഫീക്ക് അഹമ്മദ് , പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, ചീഫ് അസോസിയേറ്റ് ക്രിയേറ്റിവ് ഡയറക്ടർ: ജെക്സൺ ആൻ്റണി, കോസ്റ്റ്യൂം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗൻ, സ്റ്റിൽസ്: ഷിബി ശിവദാസ്, പി.ആർ.ഓ: പി.ശിവപ്രസാദ്. കോഴിക്കോട്, പാലക്കാട്, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

മലയാള ചലച്ചിത്ര സംവിധായികയും മാധ്യമ പ്രവര്‍ത്തകയുമാണ് വിധു വിന്‍സന്റ്. 2016 ല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം സിനിമക്കുള്ള ഫിപ്രസി അവാര്‍ഡും മികച്ച നവാഗതസംവിധായികക്കുള്ള രജത ചകോരവും നേടി. മലയാളചലച്ചിത്ര സംവിധാനത്തിന് സംസ്ഥാന പുരസ്‌കാരം നേടുന്ന ആദ്യ വനിതയാണ് വിധു. യാത്രാവിവരണ ഗ്രന്ഥത്തിനു നല്‍കുന്ന 2020ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ദൈവം ഒളിവില്‍ പോയ നാളുകള്‍ എന്ന ഗ്രന്ഥത്തിനു ലഭിച്ചു.

കൊല്ലം ജില്ലയില്‍ ജനിച്ചു. വിമലഹൃദയം ഗേള്‍സ് ഹൈ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് നിന്ന് ബിരുദം കരസ്ഥമാക്കിയതിനൊപ്പം ഐ.എ.എസ്. നും പരിശീലിച്ചിരുന്നു. സി. ഡിറ്റില്‍ നിന്ന് പൊസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സയന്‍സസ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മ്യൂണിക്കേഷന്‍ ചെയ്തു. അക്കാലത്ത് ഡോക്യുമെന്ററികളോട് ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലും മീഡിയവണ്‍ ടിവിയിലും മാധ്യമ പ്രവര്‍ത്തകയായിരുന്നു. ‘ദ കാസ്റ്റ് ഓഫ് ക്ലീന്‍ലിനെസ്’ എന്ന പേരില്‍ 2014 ല്‍ അവതരിപ്പിച്ച ഡോക്യുമെന്ററിയുടെ തുടര്‍ച്ചയായി സംവിധാന ചെയ്ത മാന്‍ഹോള്‍ നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹമായി.