വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ; പ്രക്ഷോഭത്തിന് നേരിട്ടെത്തി ഹനുമാൻകൈൻഡ്

','

' ); } ?>

ക്രോക്കോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നേരിട്ടെത്തി പ്രമുഖ മലയാളി റാപ്പർ ഹനുമാൻകൈൻഡ്. ചലോ സൻസദ് മാർച്ചിന്റെ ഭാഗമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയും മാസ്കും ധരിച്ച് അദ്ദേഹം പ്രതിഷേധസ്ഥലത്തെത്തിയത്. പ്രതിഷേധകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെയും കണ്ണീർവാതക പ്രയോഗത്തെയും രൂക്ഷമായി വിമർശിച്ച ഹനുമാൻകൈൻഡ്, പ്രക്ഷോഭസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവെക്കുകയും ചെയ്തു.

പോലീസ് നടപടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ദേശീയപതാകയേന്തി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും റാപ്പർ പങ്കുവെച്ചിരുന്നു. ‘പോലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നതിനും ആളുകളെ ലാത്തി വീശുന്നതിനും തൊട്ടുമുമ്പ്,’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

‘നീതിപൂർവമായ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കാൻ എത്തിയ ആളുകൾക്കെതിരെ ഇത്തരത്തിൽ ക്രൂരമായ ബലപ്രയോഗം നടത്തിയതിന് യാതൊരു ന്യായീകരണവുമില്ല. നമ്മൾ മെച്ചപ്പെട്ട സാഹചര്യങ്ങൾ അർഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നത് ഒരു കുറ്റമല്ല,’ എന്ന് ഹനുമാൻകൈൻഡ് കുറിച്ചു.

ഹനുമാൻകൈൻഡിന് പുറമെ പ്രമുഖ സിനിമാ താരങ്ങളായ ഷബാന ആസ്മി, പ്രകാശ് രാജ് ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ പ്രക്ഷോഭസ്ഥലത്ത് നേരിട്ടെത്തി വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഹൃതിക് റോഷൻ, ദിൽജിത് ദോസാഞ്ജ്, വിർ ദാസ്, ദിഷ പഠാണി തുടങ്ങിയ പ്രമുഖരും സോഷ്യൽ മീഡിയയിലൂടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ഹനുമാൻകൈൻഡ് എന്ന പേരിൽ ശ്രദ്ധ നേടിയ സൂരജ് ചെറുകാട്ട്. ബിഗ് ഡൗഗ്‌സ് എന്ന റാപ്പിലൂടെയാണ് ആഗോള ശ്രദ്ധയിലേക്ക് ഉയർന്നത്. ‘ധുരന്ധർ’ ഉൾപ്പെടെ ചിത്രങ്ങളുടെ ഭാഗമായി. മലയാളത്തിൽ ‘റൈഫിൾ ക്ലബ്’ എന്ന സിനിമയിൽ വേഷമിട്ടു.