
മലയാള സിനിമയിലെ പ്രിയ ദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും നിയമപരമായി വേർപിരിഞ്ഞു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ദാമ്പത്യബന്ധം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസമായി ഇവർ മാറി താമസിക്കുകയാണെന്നാണ് വിവരം.
നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും നടൻ അനു മോഹന്റെ സഹോദരനുമായ വിനു മോഹനും, സീരിയൽ-സിനിമ താരവുമായ വിദ്യയും 2013-ലായിരുന്നു വിവാഹിതരായത്. സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നതിനിടയിലുള്ള പ്രണയമാണ് പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിൽ കലാശിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന ഇരുവരും ഒരുമിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളും പതിവായി പങ്കുവെച്ചിരുന്നു.
എന്നാൽ, കുറച്ചുനാളുകളായി ഇവർ ഒന്നിച്ച് പുതിയ ചിത്രങ്ങളോ വീഡിയോകളോ പങ്കുവെക്കാതിരുന്നതും, വിനു മോഹൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് വിദ്യയുമായുള്ള ചിത്രങ്ങൾ നീക്കം ചെയ്തതും ആരാധകർക്കിടയിൽ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. വേർപിരിയലിന്റെ കൃത്യമായ കാരണങ്ങൾ വ്യക്തമല്ലെങ്കിലും, ഇരുവരും കരിയറുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്. എന്നാൽ വിദ്യയുടെ പേജിൽ ഇപ്പോഴും ഇവർ ഒരുമിച്ചുളള ചിത്രങ്ങളുണ്ട്. മാത്രമല്ല ഇൻസ്റ്റ്ഗ്രാം പേജിലെ അക്കൗണ്ടിന്റ പേരും വിദ്യ വിനു മോഹൻ എന്നാണ്.
‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിനു മോഹനും ‘നീലാംബരി’യിലൂടെ മലയാളത്തിലെത്തിയ വിദ്യയും തമിഴ്, മലയാളം ഭാഷകളിൽ നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരരായ ജോഡിയായിരുന്നു.
2007-ൽ റിലീസ് ചെയ്ത തമിഴ് ചിത്രമായ ‘ദണ്ഡയുതപാണി’യിൽ നായികയായാണ് വിദ്യ സിനിമയിലെത്തുന്നത്. 2009-ൽ ‘നീലാംബരി’യിലൂടെ മലയാളത്തിലെത്തി. തുടർന്ന് ചെറിയ കള്ളനും വലിയ പോലീസും, മഹാരാജാ ടാക്കീസ് എന്നിവയുൾപ്പെടെ പതിനഞ്ചോളം മലയാള സിനിമകളിലും ആറ് തമിഴ് സിനിമകളിലും ഒരു കന്നഡ സിനിമയിലും വിദ്യ അഭിനയിച്ചു. സിനിമകൾ കൂടാതെ തമിഴ് മലയാളം സീരിയലുകളിലും വിദ്യ സജീവമാണ്.