
അല്ലു അർജുനെ നായകനാക്കി പ്രമുഖ സംവിധായകൻ അറ്റ്ലി ഒരുക്കുന്ന ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രം ‘രാക്ക’ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി. സിനിമാ സാങ്കേതികവിദ്യയുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച്, ഏറ്റവും കൂടുതൽ ആളുകളെ ഒരേസമയം തത്സമയം മോഷൻ-ക്യാപ്ചർ ചെയ്ത (Motion-Capture) നേട്ടത്തിനാണ് ചിത്രത്തിന് ഈ അംഗീകാരം ലഭിച്ചത്. 2026 ഫെബ്രുവരിയിൽ ചിത്രീകരിച്ച ഈ സങ്കീർണമായ രംഗത്തിന് 2026 സെപ്റ്റംബർ 15-നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗിക അംഗീകാരം നൽകിയത്.
തത്സമയ മോഷൻ-ക്യാപ്ചർ രീതിയിൽ ഒരേ സമയം 37 അഭിനേതാക്കളുടെ പ്രകടനങ്ങളാണ് ചിത്രത്തിനായി ക്യാമറയിൽ പകർത്തിയത്. നാല് വയസ്സുള്ള കുട്ടി മുതൽ എഴുപത് വയസ്സുള്ള മുതിർന്ന വ്യക്തി വരെ ഈ രംഗത്തിന്റെ ഭാഗമായി. ഒരൊറ്റ ക്യാപ്ചർ വോളിയത്തിനുള്ളിൽ ഇത്രയധികം വ്യക്തികളുടെ പ്രകടനവും സൂക്ഷ്മ ചലനങ്ങളും ഗുണനിലവാരം ചോരാതെ റെക്കോർഡ് ചെയ്യുക എന്നത് വലിയൊരു സാങ്കേതിക വെല്ലുവിളിയായിരുന്നു. ചിത്രത്തിന്റെ വി.എഫ്.എക്സ് പ്രൊഡ്യൂസർ ഇതിനായി പുതിയൊരു മോഷൻ-ക്യാപ്ചർ പൈപ്പ്ലൈനും വർക്ക്ഫ്ലോയും വികസിപ്പിച്ചെടുക്കുകയുണ്ടായി.
റെക്കോർഡ് ചിത്രീകരണത്തിനായി 92 അത്യാധുനിക ഓപ്റ്റിക്കൽ മോഷൻ-ക്യാപ്ചർ ക്യാമറകളാണ് സജ്ജീകരിച്ചത്. അഡ്വാൻസ്ഡ് നെറ്റ്വർക്കിങ്, സിൻക്രണൈസേഷൻ, അൺറിയൽ എൻജിൻ വഴിയുള്ള തത്സമയ വിഷ്വലൈസേഷൻ, വിറ്റ്നസ് ക്യാമറകൾ, ഫേഷ്യൽ ക്യാപ്ചർ സാങ്കേതികവിദ്യ എന്നിവ ഒരുമിച്ച് ഉപയോഗിച്ചാണ് ഈ നേട്ടം സാക്ഷാത്കരിച്ചത്. ആപ്പിൾ ആർട്ട് സ്റ്റുഡിയോയുടെ സാങ്കേതിക നൈപുണ്യവും അണിയറപ്രവർത്തകരുടെ കൂട്ടായ പ്രയത്നവുമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ സീനിയർ അഡ്ജുഡിക്കേറ്റർ സ്വപ്നിൽ ദാംഗ്രീകർ നായകൻ അല്ലു അർജുനും സംവിധായകൻ അറ്റ്ലിക്കും ഔദ്യോഗിക ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ചിത്രം അല്ലു അർജുന്റെ കരിയറിലെ ഇരുപത്തിരണ്ടാമത്തെയും അറ്റ്ലിയുടെ ആറാമത്തെയും ചിത്രമാണ്. ‘പുഷ്പ 2’ ന് ശേഷം അല്ലു അർജുൻ എത്തുന്ന ചിത്രത്തിൽ മൊട്ടയടിച്ച തലയും, കണ്ണ് എഴുതിയ തീക്ഷ്ണമായ നോട്ടവും, ടാറ്റൂകളും അടങ്ങിയ വേറിട്ട ലുക്കാണുള്ളത്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന വിഷ്വൽ ഇഫക്റ്റുകളുമായി ഒരുങ്ങുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം ഇന്ത്യൻ സിനിമയുടെ ആഗോളതലത്തിലെ മറ്റൊരു അഭിമാനകരമായ കാൽവെപ്പായി മാറുമെന്നാണ് സിനിമാലോകത്തിന്റെ വിലയിരുത്തൽ. ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദിൽജിത്ത് ആണ്.