വിനീത് ശ്രീനിവാസന്‍ സഹ സംവിധായകനാവുന്നു (സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസീവ്)

വിനീത് ശ്രീനിവാസന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറാവുന്നു. സെല്ലുലോയ്ഡ് മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് വിനീത് താന്‍ സംഹസംവിധായകനാവുന്നു എന്ന് വെളിപ്പെടുത്തിയത്. തന്റെ കൂട്ടുകാരന്റെ ചിത്രത്തിലാണ് സഹസംവിധായകനാവുക. വരുന്ന ജൂണില്‍ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും.

വിനീതിന്റെ വാക്കുകള്‍

‘ഞാന്‍ ഒരു സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്. ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റ് ചെയ്യാതെയാണ് ഞാന്‍ സംവിധായകനാവുന്നത്. ഇപ്പോള്‍ എനിക്ക് അസോസിയേറ്റായിട്ട് വര്‍ക്ക് ചെയ്യാന്‍ ഒരു അവസരം ലഭിച്ചിരിക്കുകയാണ്. സിനിമ ജൂണില്‍ ചിത്രീകരണം ആരംഭിക്കും. എന്റെ അടുത്ത കൂട്ടുകാരനാണ് ആ സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ന കാര്യമേ ഒരാള്‍ ചെയ്യാന്‍ പറ്റു എന്നുള്ള ചിന്ത എനിക്ക് ഒരുകാലത്തും ഉണ്ടായിട്ടില്ല. ഞാന്‍ എല്ലാത്തിലും നിന്നിട്ടുണ്ട്. സ്വതന്ത്ര സംവിധായകനാവാതെ അസോസിയേറ്റായി മാത്രം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരുപാട് പേരെ എനിക്കറിയാം. അവരതില്‍ സന്തോഷം കണ്ടെത്തുന്നു. അതേസമയം അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ചെറിയ സിനിമകള്‍ ചെയ്ത് ഫെസ്റ്റിവലിലും മറ്റുമായി പുരസ്‌ക്കാരങ്ങള്‍ നേടുന്നുണ്ട്. സിനിമയില്‍ പ്രവര്‍ത്തിക്കുക എന്നത് ഏത് മേഖലയിലാണെങ്കിലും ഒരോരുത്തരുടെയും ആഗ്രഹവും താല്‍പ്പര്യവുമാണ്. ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ഡയറക്ടറായേ പറ്റൂ എന്നില്ല. ഒരു അസോസിയേറ്റ് ഡയറക്ടറായി കഴിഞ്ഞാല്‍ എപ്പോഴാണ് സിനിമ ചെയ്യുക എന്ന പ്രഷര്‍ അവര്‍ക്ക് ഇല്ല. കല്ല്യാണം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ട് കുട്ടിയായോ എന്ന് ചോദിക്കുന്നപോലെയാണിത്. അങ്ങനെയൊന്നുമില്ല. ഓരോരുത്തര്‍ തീരുമാനിക്കുന്ന സമയത്ത് സിനിമ എന്ന ആലോചന ഉള്ളവര്‍ക്ക് മുന്നോട്ട് പോകാം. അല്ലാത്തവര്‍ ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല’ .വിനീത് പറഞ്ഞു.

അച്ഛന്റെ രചനകള്‍ തന്നെ സ്വാധീനിച്ചതിനേ കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുമെല്ലാം വിനീത് അഭിമുഖത്തില്‍ വിശദമായി സംസാരിക്കുന്നുണ്ട്. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഈ ലക്കം മാഗസ്സിനിലും യൂട്യൂബ് ചാനലിലും ഉടന്‍ ലഭ്യമാവും