“മലയാളസിനിമയിൽ പകരക്കാരനില്ലാത്ത അതുല്യ പ്രതിഭ, തിരിച്ചുവരും എന്നുള്ള ചിന്തയിലായിരുന്നു”; വിനയൻ

','

' ); } ?>

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്‌മരിച്ച് സംവിധായകൻ വിനയൻ. അസുഖത്തിന്റെ പിടിയിൽപ്പെട്ടപ്പോഴും ശ്രീനി തിരിച്ചുവരും എന്നുള്ള ചിന്തയിലായിരുന്നുവെന്നും, ആക്ഷേപഹാസ്യത്തിൻ്റെ രൂപത്തിൽ നടത്തിയ ചില സാമൂഹിക വിമർശനങ്ങൾ മലയാള സിനിമയും മലയാളവും ഉള്ളിടത്തോളം നിലനിൽക്കുമെന്നും വിനയൻ പറഞ്ഞു. കൂടാതെ മലയാളസിനിമയിൽ പകരക്കാരനില്ലാത്ത അതുല്യ പ്രതിഭയാണ് ശ്രീനിവാസനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ശ്രീനിക്ക് പകരം വേറൊരാളെ ചിന്തിക്കാൻ പോലും കഴിയില്ല. ഞാൻ സംവിധാനം ചെയ്ത ശിപായി ലഹള മുതലാണ് അദ്ദേഹവുമായുള്ള പരിചയം. അതിനുശേഷം നാലഞ്ചുസിനിമകളിൽ ഒന്നിച്ചു പ്രവർത്തിച്ചു. ശ്രീനിയുടെ കഥകൾ, കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ തുടങ്ങിയവയിലൂടെയൊക്കെ അദ്ദേഹത്തിന് സമൂഹത്തോട് പറയാനുള്ള കാര്യങ്ങൾ മുഖംനോക്കാതെ അവതരിപ്പിച്ചു.” വിനയൻ പറഞ്ഞു.

“അസുഖത്തിന്റെ പിടിയിൽപ്പെട്ടപ്പോഴും ശ്രീനി തിരിച്ചുവരും എന്നുള്ള ചിന്തയിലായിരുന്നു. ആക്ഷേപഹാസ്യത്തിൻ്റെ രൂപത്തിൽ നടത്തിയ ചില സാമൂഹിക വിമർശനങ്ങൾ മലയാള സിനിമയും മലയാളവും ഉള്ളിടത്തോളം നിലനിൽക്കും. മലയാളസിനിമയിൽ പകരക്കാരനില്ലാത്ത അതുല്യ പ്രതിഭയാണ് അദ്ദേഹം.” വിനയൻ കൂട്ടിച്ചേർത്തു.

ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.

ഭാര്യയും അടുത്ത ചില ബന്ധുക്കളുമാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത്. മക്കൾ വിനീതും ധ്യാനും സ്‌ഥലത്തില്ല. ഇരുവരും കൊച്ചിയിലേക്കു പുറപ്പെട്ടിട്ടുണ്ട്. ഇവരെത്തിയ ശേഷമായിരിക്കും സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുക. എംഎൽഎ കെ. ബാബു, രമേഷ് പിഷാരടി അടക്കമുള്ള ചലച്ചിത്ര പ്രതിഭകൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.