വിജയം വിനയന് തന്നെ…ഫെഫ്ക പിരിച്ചുവിടണം

','

' ); } ?>

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഫെഫ്കയ്ക്ക് പുറമെ, ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന്‍ എന്നീ സംഘടനകള്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. അമ്മ, ഫെഫ്ക എന്നിവ ട്രേഡ് യൂണിയന്‍ സംഘടനകള്‍ ആണെന്നും അതിനാല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഈ തര്‍ക്കത്തില്‍ ഇടപെടാന്‍ കഴിയില്ല എന്ന് ഫെഫ്ക സംഘടനകള്‍ക്ക് വേണ്ടി ഹാജര്‍ ആയ കെ പരമേശ്വര്‍, സൈബി ജോസ്, ആബിദ് അലി ബീരാന്‍ എന്നിവര്‍ വാദിച്ചു. ട്രേഡ് യൂണിയന്‍ ആക്ടും, കോമ്പറ്റീഷന്‍ ആക്ടും തമ്മില്‍ ചില വൈരുധ്യങ്ങള്‍ ഉണ്ടെങ്കിലും, തങ്ങള്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്ന് കോടതി വ്യക്തമാക്കി. കേസിലെ വസ്തുതകള്‍ വിനയന് അനുകൂലം ആണെന്ന് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. വിനയന് വേണ്ടി അഭിഭാഷകന്‍ ഹര്‍ഷദ് ഹമീദ് ആണ് സുപ്രീം കോടതിയില്‍ ഹാജരായത്.

സംഘടനകള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തില്‍ സംഘടനയ്ക്കും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനുമെതിരേ രൂക്ഷ വിമര്‍ശനവുമായി വിനയന്‍. ഫെഫ്ക പിരിച്ചു വിടണമെന്നും ബി.ഉണ്ണികൃഷ്ണന് തന്നോടുള്ള പകയാണ് കേസിന് പിന്നിലെന്നും വിനയന്‍ പ്രതികരിച്ചു. ബി.ഉണ്ണികൃഷ്ണന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന് ഇതോടെ വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വ്യക്തിപരമായ പ്രശ്‌നമല്ലെന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്. ”തൊഴിലാളി സംഘടനകള്‍ കോമ്പറ്റീഷന്‍ കമ്പനിയുടെ അധികാര പരിധിയില്‍ വരുന്നില്ല. നിയമപരമായ പ്രശ്‌നമാണ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്” ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വിനയന്റെ വിലക്ക് നീക്കി കൊണ്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സിനിമ താരങ്ങളുടെ സംഘടന ആയ അങങഅ ക്ക് 4,00,065 രൂപ പിഴ വിധിച്ചിരുന്നു. ഫെഫ്കയ്ക്ക് 85,594 രൂപയും ഡയറക്ടേഴ്‌സ് യൂണിയന് 3,86,354 രൂപയും പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന് 56,661 രൂപയും പിഴ ചുമത്തിയിരുന്നു. ഇടവേള ബാബു, ഇന്നസെന്റ്, സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍, കെ മോഹനന്‍ എന്നിവര്‍ക്കും പിഴ വിധിച്ചിരുന്നു. ഈ പിഴ 2020 മാര്‍ച്ചില്‍ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവച്ചിരുന്നു. സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയോടെ പിഴ തുക പൂര്‍ണ്ണമായും സംഘടനകള്‍ വിനയന് നല്‍കേണ്ടി വരും.

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…