“കമ്പ്യൂട്ടർ ഗ്രാഫിക്സുപയോഗിച്ച് മോഹൻലാലിനേയും മമ്മൂട്ടിയേയും അവതരിപ്പിച്ചതിന് സിനിമയിൽ നിന്ന് വിലക്ക് നേരിട്ടു”; വിനയൻ

','

' ); } ?>

സിനിമയിൽ കമ്പ്യൂട്ടർ ഗ്രാഫിക്സുപയോഗിച്ച് മോഹൻലാലിനേയും മമ്മൂട്ടിയേയും അവതരിപ്പിച്ചതിന് സിനിമയിൽ നിന്ന് വിലക്കുനേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ വിനയൻ. ഇന്ന് മമ്മൂട്ടിക്കും മോഹൻലാലിനുമൊക്കെ ഒരുവർഷം 100 പടത്തിനൊക്കെ ഡേറ്റ് കൊടുക്കാമെന്നും, സാധ്യതകൾ നമ്മളുദ്ദേശിക്കുന്നതിനേക്കാൾ അപ്പുറത്തേക്ക് വളർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ ഐയിൽ നിർമ്മിച്ച ‘മണികണ്ഠൻ: ദ ലാസ്റ്റ് അവതാർ’ എന്ന ചിത്രത്തിൻ്റെ ടീസർ ലോഞ്ചിൽ സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം സിനിമകളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാധ്യതകൾ നമ്മളുദ്ദേശിക്കുന്നതിനേക്കാൾ അപ്പുറത്താണ്. ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും അവതരിപ്പിച്ചു, സിജിയിൽ കൂടി. അന്ന് വലിയ പ്രശ്നമായി. ഒന്നോ രണ്ടോ വർഷം എന്നെ അവർ വിലക്കി. ഇന്ന് ആർക്കും ആരേയും ഉണ്ടാക്കാം. ഒരു ലിമിറ്റേഷനുമില്ല. ഇന്ന് മമ്മൂക്കയ്ക്കും മോഹൻലാലിനുമൊക്കെ ഒരുവർഷം 100 പടത്തിനൊക്കെ ഡേറ്റ് കൊടുക്കാം. ഫോട്ടോസ് കൊടുത്താൽ മതിയല്ലോ. അവർ ഇതുവരെ ചെയ്തതിനേക്കാൾ വലിയ എക്‌സ്പ്രഷൻസോടെ അഭിനയിക്കും, ആക്ഷൻ ചെയ്യും. എഐയുടെ കാലമാണ്. നമ്മുടെ ആർട്ടിസ്റ്റുകൾ മോശക്കാരല്ല. വളരേ മികച്ച അഭിനേതാക്കളാണ്. അവർ ചെയ്‌തിട്ടുള്ള അഭിനയത്തിന് മുകളിൽ എക്സ്സ്പ്രഷൻസ് കണ്ടാൽ നമുക്ക് ഞെട്ടിയല്ലേ പറ്റത്തുള്ളൂ. ആ കാലമാണ് വരുന്നത്.’ വിനയൻ പറഞ്ഞു.

‘1999-ൽ 26 വർഷംമുമ്പ് ‘ആകാശഗംഗ’ ചെയ്യുമ്പോൾ, മയൂരി എന്ന് യക്ഷിയുടെ മുഖം മോർഫ് ചെയ്‌ത്‌ പൂച്ചയുടേതുപോലെയാക്കുന്ന ഷോട്ടുണ്ട്. ആ മോർഫിങ്ങിന് അന്ന് ഒരു സെക്കൻഡിന് 12,000 രൂപയാണ്. ഇന്ന് മുന്നൂറോ അഞ്ചൂറോ മറ്റോ ഉള്ളൂ. ‘അത്ഭുതദീപ്’ ചെയ്യുമ്പോൾ, ജഗതി ശ്രീകുമാർ- അമ്പിളി ചേട്ടനെ- കുഞ്ഞനായി ഡാൻസ് ചെയ്യിക്കണം. എന്തുകഷ്‌ടപ്പാടാണ് നമ്മളന്ന് ചെയ്യുന്നത്. ഇന്നാണെങ്കിൽ അമ്പിളി ചേട്ടന്റെ ഫോട്ടോയും ഒരു കുഞ്ഞൻ്റെ ഫോട്ടോയും കൊടുത്താൽ എന്ത് ഡാൻസ് വേണമെങ്കിലും നമുക്ക് കളിപ്പിക്കാം. അതുകൊണ്ട് വലിയ ജാഡകൾ ഒന്നും ആർക്കും കാണിക്കാൻ പറ്റില്ല. അതിനുമുകളിൽ കാണിക്കുന്ന, വിരൽത്തുമ്പിൽ എടുക്കാൻ പറ്റുന്ന ടെക്‌നീഷ്യൻസിൻ്റെ നാളുകളാണ് സിനിമയിലും ടെക്നോളജിയും വരുന്നത്.’ വിനയൻ കൂട്ടിച്ചേർത്തു.

ലക്ഷ്മി ഗോപാലസ്വാമി, മണിക്കുട്ടൻ, ഹണിറോസ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി 2005 ൽ പുറത്തിറങ്ങിയ ചിത്രമാണ് “ബോയ് ഫ്രണ്ട്”. യേശുദാസ് പാടി അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചലച്ചിത്രത്തിനുണ്ട്. ഹരികൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിദ്യാസാഗർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് വിനയനായിരുന്നു.