നീറ്റ് പ്രക്ഷോഭം; ജോൺ ബ്രിട്ടാസിനെതിരെ വിവാദ പോസ്റ്റുമായി വിനായകൻ

','

' ); } ?>

രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ അങ്ങേയറ്റം രൂക്ഷവും അധിക്ഷേപകരവുമായ ഭാഷയിൽ പോസ്റ്റുമായി നടൻ വിനായകൻ. ഡൽഹിയിൽ നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന വിദ്യാർത്ഥി സമരം എം.പി. ‘ഹൈജാക്ക്’ ചെയ്യാൻ ശ്രമിക്കുകയാണെന്ന് വിനായകൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

കുറിപ്പിൽ ജോൺ ബ്രിട്ടാസിന്റെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. “യുവതീയുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ” എന്ന അധിക്ഷേപ പരാമർശത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.

ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളിൽ ജോൺ ബ്രിട്ടാസ് എം.പി. സജീവമായി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ഡൽഹി സി.പി.എം. ആസ്ഥാനത്ത് എത്തിയ പോലീസ്, എസ്‌.എഫ്.ഐ. നേതാവ് ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ എം.പി. അതിനെതിരെ രംഗത്തുവരികയും പോലീസുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഈ വിഷയം അദ്ദേഹം രാജ്യസഭയിൽ ഉന്നയിക്കുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് വിനായകന്റെ പ്രതികരണം വന്നിരിക്കുന്നത്.

മുമ്പും രാഷ്ട്രീയ നേതാക്കൾക്കെതിരെ വിനായകൻ നടത്തുന്ന ഇത്തരം പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ താരം മുമ്പ് നിയമനടപടികളും നേരിട്ടിട്ടുണ്ട്.