‘അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ’.-പ്രതികരണവുമായി വിനായകന്‍

ഫോണിലൂടെ മോശമായി സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ വിനായകനെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് വിനായകന്‍ ഒരു ദേശീയ മാദ്ധ്യമത്തോട് വിഷയത്തില്‍ പ്രതികരിച്ചത്.

‘എനിക്ക് ഒന്നും പറയാനില്ല. അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല. എന്നെ വിളിക്കുന്നവരുടെ കോളുകള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്യാറില്ല. ഇതെന്നെ സംബന്ധിച്ചതാണെന്ന് എനിക്ക് തോന്നുന്നേ ഇല്ല. അവരുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെ,’ എന്നാണ് വിനായകന്‍ പറയുന്നത്

വിനായകനെ ക്യാംപിലേക്ക് ക്ഷണിക്കുന്നതിനായി യുവതി ഫോണില്‍ വിളിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. കല്‍പ്പറ്റ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുടെ വീട്ടിലെത്തി പോലീസ് മൊഴിയും രേഖപ്പെടുത്തി. വിനായകനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെകുറിച്ച് യുവതി ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ നേരത്തെ ചര്‍ച്ചയായിരുന്നു.

error: Content is protected !!