മലയാളി കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട സിനിമ,വികൃതിയെ പ്രശംസിച്ച് ലാല്‍ ജോസ്

','

' ); } ?>

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വികൃതി. ഒരു യഥാര്‍ത്ഥ സംഭവത്തെയും കഥാപാത്രത്തെയും ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഇത്തരം സിനിമകള്‍ കണ്ടിട്ടെങ്കിലും സൈബര്‍ ഇടത്തെ മാലിന്യങ്ങള്‍ നമ്മള്‍ തുടച്ചു മാറ്റണമെന്നും തന്റെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന വോയിസ് ക്ലിപ്പിനെ കുറിച്ചും ലാല്‍ ജോസ് വിശദീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് ലാല്‍ജോസ് വികൃതിയെ പ്രശംസിച്ച് രംഗത്തെത്തിയത്.

ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ സിനിമ നാല്‍പ്പത്തിയൊന്നിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളുമായി നെട്ടോട്ടമോടുന്നതിനിടെ വക്കീലാപ്പീസും പോലീസ് കമ്മീഷണര്‍ ഓഫീസും ഒക്കെ കേറിയിറങ്ങണ്ട അവസ്ഥ. അതെത്ര സങ്കടകരവും അരോചകവുമാണ്. എന്റേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വോയ്‌സ് ക്ലിപ്പിനെതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ മാതൃകാപരമായ നടപടി പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് വികൃതി എന്ന സിനിമ കണ്ടത്. മൊബൈല്‍ ഫോണും സാമൂഹ്യ മാദ്ധ്യമത്തില്‍ ഒരു അക്കൗണ്ടും ഉള്ള ആര്‍ക്കും ആരുടേയും ജീവിതം തകര്‍ത്തെറിയാന്‍ പറ്റുന്ന ഈ കാലത്ത് ഈ വിഷയത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന സിനിമയാണിത്. സൗബിന്‍, സുരാജ്, സുരഭി തുടങ്ങി ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ വരെ റോളുകള്‍ മനോഹരമാക്കായിരിക്കുന്നു. എന്റെ സ്വകാര്യ അഹങ്കാരം വിന്‍സിയാണ്. മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ ഞങ്ങള്‍ കണ്ടത്തിയ നടി. അവളുടെ പെര്‍ഫോമന്‍സു കണ്ടപ്പോള്‍ അഭിമാനം തോന്നി. വികൃതിയുടെ സംവിധായകന്‍ എംസി ജോസഫ് തിരക്കഥാകൃത്ത് അജീഷ് പി തോമസ് മറ്റ് അണിയറക്കാര്‍ ഏവര്‍ക്കും അഭിനന്ദനങ്ങള്‍. മലയാളി കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട സിനിമയാണ് വികൃതി. ഇത്തരം സിനിമകള്‍ കണ്ടിട്ടെങ്കിലും സൈബര്‍ ഇടത്തെ മാലിന്യങ്ങളെ നമുക്ക് തുടച്ചു മാറ്റാനായെങ്കില്‍ ..