ഷൈലോക്കിന് ഒരു ഒന്നൊന്നര എതിരാളി

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്കില്‍ വില്ലന്‍ വേഷത്തില്‍ നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍ എത്തുന്നു. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിയാണ് ഷാജോണിനെ വില്ലനായി സെലക്ട് ചെയ്തത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഷാജോണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ കഥാപാത്രത്തിനായി തന്നെ സെലക്ട് ചെയ്തത് മമ്മൂട്ടിയാണെന്നും ഷാജോണ്‍ പറഞ്ഞു. വളരെ ശക്തമായ ഒരു കഥാപാത്രം ആണ് ഷൈലോക്കിലേതെന്നും ഒരു കട്ട നെഗറ്റീവ് റോളാണ് തനിക്കുള്ളതെന്നും ഷാജോണ്‍ വ്യക്തമാക്കി.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. മീനയാണ് ചിത്രത്തിലെ നായിക. തമിഴ് നടന്‍ രാജ് കിരണ്‍ ഈ ചിത്രത്തില്‍ വളരെ നിര്‍ണ്ണായകമായ ഒരു വേഷം ചെയ്യന്നുണ്ട്. അദ്ദേഹം ആദ്യമായാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ വളരെ പിശുക്കനായ ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ദ മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ഷൈലോക്കിന്റെ കഥ തിരക്കഥ സംഭാഷണം ഒരുക്കുന്നത്. രണദിവ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദര്‍ ആണ്. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്.