”ഹലോ.. റാംജി റാവു സ്പീക്കിങ്ങ് ” എന്ന ഡയലോഗ് കേള്‍ക്കുമ്പോള്‍ മനസ്സില്‍ നീളന്‍ മീശയും തലയോട് ചേര്‍ന്ന് ഒതുക്കി ചീവിയ നീളന്‍ മുടിയും ഉള്ള ഒരു ഭീകരന്റെ രൂപം ഓര്‍ക്കാത്ത പ്രേക്ഷകരുണ്ടാവില്ല. അതാണ് വിജയ രാഘവന്‍ എന്ന നടന്‍ തന്റെ ഒറ്റ കഥാപാത്രങ്ങളിലൂടെ നല്‍കിയ ആഴപരപ്പ്. അഭിനയം ജീവിതമാക്കിയ അതുല്യ പ്രതിഭകളില്‍ ഒന്ന് ഇദ്ദേഹം തന്നെയാണെന്ന് അദ്ദേഹം സമ്മാനിച്ച 300-ാളം വേഷങ്ങളില്‍ നിന്നും സധൈര്യം പറയാം. തന്റെ അച്ഛന്‍ എന്‍ എന്‍ പിള്ളയുടെ കാപാലിക എന്ന നാടകം ക്രോസ്‌ബെല്‍റ്റ് മണി സിനിമയാക്കിയപ്പോള്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആറാം വയസ്സില്‍ തന്നെ വിജയരാഘവന്‍ സിനിമയിലേക്കുള്ള തന്റെ രംഗപ്പ്രവേശനം നടത്തി. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം 1982-ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത ‘സുറുമയിട്ട കണ്ണുകള്‍’ എന്ന ചിത്രത്തിലൂടെ 21-ാം വയസില്‍ നായകനായി. പിന്നീടങ്ങോട്ട് ഒരിക്കലും വിജയരാഘവന്‍ അഭിനയത്തില്‍ നിന്ന് തിരിഞ്ഞ് നോക്കിയിട്ടില്ല. 1989 ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് എന്ന ചിത്രം വിജയരാഘവന് അര്‍ഹമായ സാന്നിധ്യം സിനിമയില്‍ നേടിക്കൊടുത്തു. പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍ (1993), 1995-ല്‍ പുറത്തിറങ്ങിയ ദി കിങ് എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളം സിനിമകളിലെ സ്ഥിര സാന്നിധ്യമായി. തന്റെ നീണ്ടുകിടക്കുന്ന അഭിനയജീവിതത്തെ കുറിച്ച് കോട്ടയത്തെ വസതിയില്‍ വെച്ച് അദ്ദേഹം സെല്ലുലോയ്ഡിനോട് തുറന്നു പറയുന്നു.
.എത്ര വര്‍ഷമായി ഇപ്പോള്‍ സിനിമയിലെത്തിയിട്ട്?
ഞാനിങ്ങനെ കൃത്യമായി കണക്കുകളൊന്നും കുറിച്ച് വെക്കാറില്ല., ഞാന്‍ അഭിനയിച്ച സിനിമയുടെ എണ്ണവും എനിക്കറിയില്ല. ഇങ്ങനെ പോകുന്നു അത്രയേ ഉള്ളു.
. കാപാലിക ഒരു തിയേറ്റര്‍ പ്ലേ ആയിരുന്നല്ലോ.. അഭിനയം തന്നെയാണ് ഉപജീവനം തന്നെയെന്ന് എപ്പോഴാണ് ശരിക്ക് തിരിച്ചറിഞ്ഞത്…?
അത് എന്റെ കോളേജ് സ്റ്റഡീസ് കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ തീരുമാനിച്ചതാണ്. ഫൈനല്‍ ഇയര്‍ പഠിക്കുമ്പോള്‍ അച്ഛനിങ്ങനെ ചോദിച്ചു.
”എന്താണ്..? പഠിച്ചിട്ട് വല്ല ഉദ്യോഗവും പരിപാടിയും ഉണ്ടോ..” അപ്പോള്‍ ഞാന്‍ പറഞ്ഞു..” അങ്ങനെയൊന്നുമില്ല ”. അദ്ദേഹം ചോദിച്ചു ”ഒന്നഭിനയിക്കുന്നോ…?” അന്ന് ഞാന്‍ പലര്‍ക്കും പകരം അഭിനയിച്ചും അങ്ങനെയൊക്കെയായി നാടകവുമായി ഒരു ബന്ധമുണ്ട്. ”ഈ വര്‍ഷം ഞാന്‍ നാടകം എഴുതുന്നതില്‍ ഒരു കഥാപാത്രം ഉണ്ട്. ഒരു ചെറുപ്പക്കാരന്‍,” അപ്പോള്‍ അന്നെന്റെ പ്രായത്തിനനുസരിച്ചുള്ള ഒരു ക്യാരക്ടറുണ്ട്. ”നീ അഭിനയിക്കുന്നോ..? ‘ എനിക്കെങ്ങനെയെങ്കിലും അപ്പോള്‍ ഈ പഠനത്തില്‍ നിന്ന് ഒന്ന് ചാടി രക്ഷപെട്ടാമതിയായിരുന്നു. എനിക്ക് പഠിത്തം വളരെ ബോറായിട്ടാണ് തോന്നിയത്. ഞാന്‍ ലിറ്ററേച്ചറെടുത്തിരുന്നതാണ്. എന്നാലും നാടകങ്ങളെക്കുറിച്ചുള്ള എന്റെ പരിചയവും സാഹിത്യവും കലയുമൊക്കെ എന്റെ അച്ഛന്റെ അടുത്ത് നിന്നാണ്. എന്റെ ഗുരു എന്നൊക്കെ ഞാന്‍ കാണുന്നതും അറിയുന്നതുമൊക്കെ അങ്ങനെയാണല്ലോ. അങ്ങനെ 71 ല്‍ ഞാന്‍ നാടകത്തിലഭിനയിക്കാന്‍ തുടങ്ങി. അന്നുമുതല്‍ എന്റെ പ്രൊഫഷന്‍ അഭിനയമാണെന്ന് തീരുമാനിച്ചതാണ്. സിനിമ ഞാന്‍ വിചാരിച്ചിട്ടില്ല. ഒരിക്കലും വിചാരിച്ചിട്ടില്ല. കാപാലികയില്‍ അഭിനയിക്കുമ്പോഴും അങ്ങനെയാവണമെന്നോ അങ്ങനെ ഒരു പ്രതീക്ഷയോ എനിക്കില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ ഷൂട്ടിങ്ങ് കാണുന്നത് തന്നെ കാപാലിക സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പാഴാണ്. അന്നൊക്കെ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നി. ക്യാമറയുടെ സാന്നിധ്യത്തില്‍ ലെഫ്റ്റ് നില്‍ക്കുന്ന ഒരാളുടെ കണ്ണില്‍ നോക്കി സംസാരിക്കാന്‍. അതൊക്കെ എനിക്ക് പരിചയക്കുറവ് കൊണ്ട് പറ്റാത്ത ഒരു കാര്യമായി തോന്നി. പക്ഷെ ആ സിനിമ ഇന്ന് കാണുമ്പോള്‍ വലിയ കുഴപ്പമൊന്നുമില്ല എന്ന് തോന്നുന്നു.
. നാടകങ്ങള്‍ക്ക് സിനിമകളേക്കാള്‍ കൂടുതല്‍ സാംസ്‌കാരികമായി പ്രാധാന്യമില്ലേ?
ഞാന്‍ അച്ഛന്റെ നാടകങ്ങള്‍ ഈയടുത്ത് പലപ്പോഴൊക്കെയായിട്ട് വായിക്കാനിടയായി.’അച്ഛന്റെ ക്രോസ്‌ബെല്‍റ്റ’്, ‘കാപാലിക’, ‘ഈശ്വരന്‍ അറസ്റ്റില്‍’ തുടങ്ങിയ എല്ലാ നാടകങ്ങളിലും മനുഷ്യന്‍ ഉള്ളിടത്തോളം കാലം ഉള്ള പ്രശ്‌നങ്ങളാണ്. ഉദാഹരണത്തിന് ‘ക്രോസ്‌ബെല്‍റ്റ’് എന്ന ചിത്രത്തില്‍ ഒരു ആന്റി കറപ്ഷന്‍ ഔഫീസര്‍ ഒരു കറപ്റ്റഡ് ഓഫീസറായി മാറുന്നതാണ് കാണിക്കുന്നത്. അതില്‍ ആ കാലത്ത് എല്ലാം ഉപേക്ഷിച്ച് പാര്‍ട്ടി പ്രസ്ഥാനത്തിന് വേണ്ടി ഇറങ്ങിയ രണ്ട് പേരുമുണ്ട്. ആ കാലഘട്ടം അതിന്റെ പ്രസക്തി ഇപ്പോഴും ആ നാടകത്തിനുണ്ട്. ഇപ്പോള്‍ ‘കാപാലിക’ തന്നെയെടുക്കുക. ഒരു നിരപരാധിയായ പെണ്ണിനെ ചതിച്ച് വഞ്ചിച്ച് ഈ സമൂഹം പ്രോസ്റ്റിറ്റിയൂട്ട് ആക്കുകയാണ്. അതില്‍ ഒരു ഡയലോഗുണ്ട്. ഒരു അച്ചനോട് ആ സ്ത്രീ പറയുന്നത്. ”അച്ചനെ പട്ടം കെട്ടിച്ചതും എന്റെ അരക്കെട്ടഴിച്ചതും ഒരേ സമൂഹമാണ”്. അതിന്റെ പ്രസക്തി എല്ലാ കാലത്തുമുണ്ട്. മനുഷ്യനുള്ളിടത്തോളം കാലം സ്ത്രീകളെ ഈ രീതിയില്‍ ഉപയോഗിക്കുന്നു. അതുപോലെ ‘ഈശ്വരന്‍ അറസ്റ്റില്‍’. ദൈവമെന്ന വിശ്വാസത്തിന്റെ പേരില്‍ മുസ്ലീമും ഹിന്ദുവും ക്രിസ്ത്യനുമെല്ലാം ദൈവത്തിനെ കാണാനായി ഒരു പരിശ്രമം നടത്തുകയാണ്. അവനവനില്‍ തന്നെയാണ് ദൈവം.! ‘നീയാണ് ദൈവം’ എന്ന് ആ നാടകത്തില്‍ പറയുന്നു. അല്ലാതെ ഒരു പ്രത്യേക മതത്തെയും അവഹേളിക്കുന്നതല്ല ആ നാടകം. അച്ഛന്‍ പ്രസിദ്ധനാവുന്നത് 62ന് ശേഷമൊക്കെയാണ്. അതിന് മുമ്പ് അദ്ദേഹത്തിന്റെ ഒരു നാടകമുണ്ട്, ‘മരീചിക’. അതില്‍ പെന്‍ഷന്‍ കിട്ടാന്‍ വേണ്ടി നടക്കുന്ന ഒരാള്‍ സെക്രട്ടേറിയേറ്റില്‍ ചെല്ലുകയാണ്. അവസാനം നിരാശനായി അയാള്‍ അവിടെ നിന്ന് തിരിച്ചുപോകുമ്പോള്‍ അയാള്‍ സെക്രട്ടേറിയേറ്റിന് മുന്നിലുള്ള വേലുത്തമ്പി ദളവയുടെ ഒരു പ്രതിമക്ക് മുന്നില്‍ ബസ്സ് കാത്തുനില്‍ക്കുകയാണ്. അവിടെവെച്ച് കൊട്ടാരക്കരക്ക് ബസ്സ് കാത്ത് നില്‍ക്കുന്ന മറ്റൊരാളെ കാണുന്നു. അവിടെ വെച്ച് ഇവരുടെ ഒരു ഫാന്റസി സംഭവിക്കുകയാണ്. വേലുത്തമ്പി ദളവ തന്നെ ആ കാലഘട്ടത്തിലേക്ക് ഇറങ്ങി വരുകയും കേരളത്തെ മൊത്തം സംശുദ്ധമാക്കുകയും ചെയ്യുകയാണ്. ആ നാടകം എന്നും പ്രസക്തമാണ്. ഇപ്പോഴും ആ നാടകം കാണുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും.
. സമിതി നിര്‍ത്താനുണ്ടായ സാഹചര്യം?
സമിതി നിര്‍ത്താനുണ്ടായ പ്രധാന കാരണം അതിന് പറ്റുന്ന ആര്‍ട്ടിസ്റ്റിനെ കിട്ടാത്തതുതന്നെയാണ്. കിട്ടുന്നില്ലെന്ന് മാത്രമല്ല അന്ന് നമ്മുടെ സമിതിയില്‍ അഭിനയിച്ചുകൊണ്ടിരുന്നവര്‍ നൂറു ശതമാനം ഡെഡിക്കേറ്റഡായിരുന്നു. അന്ന് ഈ പറയുന്ന ടിവിയും മറ്റു മാധ്യമങ്ങളൊന്നുമില്ല. അപ്പോള്‍ ഒരു നടന് അവന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ‘നാടകം’ എന്നുള്ള മാധ്യമം ആണുണ്ടായിരുന്നത്. അപ്പോള്‍ നാടകത്തിനെ അയാള്‍ അത്രമാത്രം സ്‌നേഹിച്ചിരുന്നു. പിന്നെ ഇന്ന് കാണുന്നതുപോലെ ഉത്സപ്പറമ്പില്‍ മാത്രം ഒതുങ്ങി നിന്നതല്ല നാടകം. നാടകം ടിക്കറ്റ് വെച്ചായിരുന്നു. ഞാനൊക്കെ അഭിനയിച്ചതുമുഴുവന്‍ ഫൈനാന്‍സ് സൊസൈറ്റികളും കൃത്യമായ സംഘടനകളും നടത്തിയിരുന്ന നാടകങ്ങളാണ്. അത് മൊത്തം ആയിരവും രണ്ടായിരവും ജനങ്ങള്‍ കാണാന്‍ ഉണ്ടാവും. അതൊരു അടച്ചിട്ട തിയേറ്ററിലാണ്. നാടകം കാണാന്‍ വേണ്ടി മാത്രമാണ് പ്രേക്ഷകന്‍ വന്നുകൊണ്ടിരുന്നത്. അവര്‍ക്ക് വേണ്ടിയാണ് നാടകം കളിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഒരു എന്‍ലൈറ്റന്‍ഡ് ഓഡിയന്‍സും ഉണ്ടായിരുന്നു. മാത്രമല്ല അന്ന് അഭിനയിച്ചുകൊണ്ടിരുന്ന നടീനടന്മാര്‍ക്ക് അതിനോട് ഒരു കമ്മിറ്റ്‌മെന്റും ഉണ്ടായിരുന്നു. ഞങ്ങളുടെ നാടക ട്രൂപ്പിലുണ്ടായിരുന്ന കോട്ടയം വത്സലന്‍, എം ആര്‍ മണി, എം എസ് വാര്യര്‍, മാവേലിക്കര അമ്മിയമ്മ. രാജമ്പിദേവിന്റെ അച്ഛന്‍ എസ് ജെ അദ്ദേഹം. അങ്ങനെ അനവധി നടന്മാര്‍, നമ്മുടെ ട്രൂപ്പില്‍ പതിനഞ്ചും ഇരുപതും വര്‍ഷമൊക്കെ അഭിനയിച്ചിട്ടുണ്ട്.. തുടര്‍ച്ചയായിട്ട്… അന്ന് അതിന് വേണ്ടി ഡെഡിക്കേറ്റഡായിരുന്നു. അതുകൊണ്ടാണ് അവര്‍ ഒരേ സമിതിയില്‍ തന്നെ നിന്നത്. പിന്നെ ഇന്ന് സിനിമയില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന ഒരംഗീകാരം പോലെ ജനങ്ങള്‍ അത്രക്കൊക്കെ ഈ നടന്മാരെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ഇന്ന് അത്രമാത്രം ഡെഡിക്കേഷന്‍ ഇല്ല, നാടകത്തിനോട് എന്തോ ഒരു പുഛം ഒക്കെ തോന്നുന്നുണ്ടെന്ന് തോന്നുന്നു. നല്ല നാടകങ്ങളുമില്ല. അന്നത്തേത് വളരെ സമ്പന്നമായിരുന്നു. അന്ന് അച്ഛന്റെ ട്രൂപ്പല്ലാതെ കെപി എസി, തോപ്പില്‍ ഭാസിച്ചേട്ടന്‍, മാമന്‍ചേട്ടന്‍, മാധവന്‍ചേട്ടന്‍, എസ് എല്‍ പുരം സദാനന്ദന്‍, കെ ടി മുഹമ്മദ്, ഗീതാ ഭാസ്‌കര്‍.. അദ്ദേഹം നാടകകൃത്തല്ല.. പക്ഷെ നല്ലൊരു സംഘാടകനായിരുന്നു. അങ്ങനെ ഒരുപാട് നല്ല നാടകകൃത്തുകളുമുണ്ടായിരുന്നു കേരളത്തില്‍. അതുപോലെ തന്നെ ഒരുപാട് നാടക സമിതികളും ഉണ്ടായിരുന്നു. വളരെ അര്‍ത്ഥവത്തായ നാടകങ്ങളും സാമൂഹിക പ്രതിബദ്ധതയുള്ള നാടകങ്ങളുമാണ്ടായിരുന്നു. അന്നത്തെ മോശം നാടകങ്ങള്‍ക്കു വരെ ഒരു സാമൂഹിക പ്രതിബദ്ധതയുണ്ടായിരുന്നു.
. സാമൂഹിക പ്രതിബദ്ധകളൊക്കെയുണ്ടായിട്ടും എങ്ങനെയാണ് സിനിമയില്‍ മാത്രം ഒതുങ്ങിപ്പോയത്..?
ഞാനങ്ങനെ ഒരവസ്ഥയിലേക്ക് എത്തിപ്പെട്ടതാണ്. കാരണം അന്ന് അഭിനയിച്ച പല നാടകങ്ങളും ഇപ്പോള്‍ അഭിനയിക്കാന്‍ പറ്റുമോയെന്ന് സംശയമാണ്. ഇന്ന് വളരെ സങ്കുചിതമായ മാനസികാവസ്ഥയിലേക്കെത്തിയിരിക്കുകയാണ് മനുഷ്യന്‍. മതങ്ങളെയൊക്കെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും എല്ലാ മത അധ്യക്ഷന്മാരും ഒക്കെ രാഷ്ട്രീയപ്പാര്‍ട്ടികളെ വെച്ച് വില പേശുകയാണ്. അടിസ്ഥാനപരമായിട്ട് ഒരു വിശ്വാസത്തിലും വിശ്വസിക്കാതെ എന്നാല്‍ നമ്മളെന്തൊക്കെയോ വലിയ ആള്‍ക്കാരാണെന്ന് വിശ്വസിച്ച് സംഘടനയെകൊണ്ട് നടക്കുന്ന കുറേ ആള്‍ക്കാരുണ്ട്. അത് മതത്തിന്റെ ഭാഗത്തുണ്ട്. ബാക്കി എല്ലാ സ്ഥലങ്ങളിലുമുണ്ടത്. രാഷ്ട്രീയത്തിന് അതിന്റെ യഥാര്‍ത്ഥ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ ഈ സംഘടന മതാദ്ധ്യക്ഷന്മാര്‍ക്കും അതിന്റെ കൂടെ ജീവിക്കുന്ന നമ്മുക്കും ഈ മൂല്യങ്ങള്‍ ഇല്ലാതായിരിക്കുകയാണ്. ഉള്ളവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ പറ്റില്ല പ്രകടിപ്പിക്കാനൊരു വേദിയില്ല. പലപ്പോഴും എനിക്ക് തോന്നും അന്നവതരിപ്പിച്ച പോലെ പല നാടകങ്ങളും ഇന്നത്തെ വേദിയില്‍ അവതരിപ്പിക്കാന്‍ പറ്റുമോ?. അന്ന് അങ്ങോട്ടുമിങ്ങോട്ടും മനുഷ്യന് പരസ്പരം മനസിലാവുമായിരുന്നു. ഇന്ന് അതിനൊക്കെ ഒരുപാട് മാറ്റം വന്നിരിക്കുന്നു. അപ്പോള്‍ ഞാന്‍ ഒറ്റക്കിവിടെ നിന്നിട്ട് എന്തെതിര്‍ക്കാനാ?. അല്ലെങ്കില്‍ എന്ത് നന്മയുണ്ടാക്കാന്‍ വേണ്ടിയിട്ട്?. പണ്ടൊക്കെ നേരം വെളുക്കുമ്പോള്‍ നല്ല എന്‍ര്‍ജറ്റിക്കായി എണീറ്റുകൊണ്ടിരുന്ന ആളാണ് ഞാന്‍, എന്റെ വ്യക്തിപരമായ കാര്യങ്ങളല്ല.. ചില കാര്യങ്ങള്‍ കാണുമ്പോള്‍ ഒരു ചങ്കിടിപ്പുണ്ട.. എന്തോ അസ്വസ്ഥതയുണ്ട്.. ഈ സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളിലും.
. ഇപ്പോഴത്തെ രാഷ്ട്രീയ വ്യവസ്ഥിതിയോട് വെറുപ്പ് തോന്നുന്നുണ്ടോ…?
തീര്‍ച്ചയായിട്ടും. പക്ഷെ ആ വെറുപ്പ് സംഭവിച്ച് പോയതാണ്. എനിക്കറിയാം എന്റെ സുഹൃത്തുക്കളില്‍ തന്നെ പലരുമുണ്ട്. അവര്‍ പാര്‍ട്ടിയില്‍ ഉറച്ച് വിശ്യസിക്കുന്നവരാണ്. അവരോടൊക്കെ നമ്മള്‍ സംസാരിച്ച് വരുമ്പോള്‍ ”ആ അത്.. ശരിയാ പിന്നെ ഇപ്പോ വേറെ എന്താ ഒരു വഴി ഉളളത്…” എന്നുള്ള ഒരു മാറ്ററിലേക്കാണ് അവരെത്തി ചേരുന്നത്. അല്ലാതെ ശരിക്കുള്ള ഒരു മാനസിക അവസ്ഥയിലല്ല അവരരാരും നില്‍ക്കുന്നത്. അതുകൊണ്ടാണ് ഒരു സാധാരണക്കാരനായ ഞാന്‍ ഒരു പ്രത്യേക പാര്‍ട്ടിയിലോ പ്രവര്‍ത്തനത്തിനോ ഒന്നും നില്‍ക്കാത്തത്.
. അച്ഛന്റെ പ്രധാനപ്പെട്ട വേഷങ്ങളിലൊന്നായിരുന്നു ഗോഡ് ഫാദറിലെ കഥാപാത്രം.. ആ ഒരു എക്‌സ്പ്പീരിയന്‍സിനെക്കുറിച്ച് അച്ഛനെപ്പോഴെങ്കിലും സംസാരിച്ചിരുന്നോ?
അച്ഛന്‍ പറഞ്ഞ് കേട്ടിട്ടുള്ളത് സെറ്റില്‍ ചെന്നപ്പോഴൊക്കെ ഞാന്‍ അവര്‍ പറയുന്നത് അനുസരിക്കുകയായിരുന്നു എന്നാണ്. പിന്നെ ആ കഥാപാത്രം എന്താണെന്നുള്ളത് അദ്ദേഹം കണ്‍സീവ് ചെയ്തിരിക്കുന്നു. ആ ക്യാരക്ടര്‍ എങ്ങനെ പെരുമാറണം എന്നുള്ളത് ഒരു മുറിയില്‍ ചെന്ന് അവിടെ വരെ നടന്ന് ഡയലോഗ് പറയണം, തിരിഞ്ഞ് ഇയാളെ നോക്കിയിട്ട് വേണം ആ ഡയലോഗ് പറയാന്‍, അങ്ങനെ കൃത്യമായ ചില പദ്ധതികളുണ്ട്. നാടകത്തിലതില്ല. നാടകം നടന്റേത് മാത്രമാണ്. പക്ഷെ സിനിമ അഭിനയിക്കുമ്പോള്‍ അത് സംവിധായകന്റേത് മാത്രമാണ്. അപ്പോള്‍ സിദ്ധിഖും ലാലും ക്യാമറാ വേണുവും ഇവര് പറയുന്ന പോലെയൊക്കെ അനുസരിക്കേണ്ടി വരും. പക്ഷെ അവര്‍ വളരെ ബുദ്ധിപൂര്‍വം ചെയ്ത കാര്യങ്ങള്‍. അച്ഛനെങ്ങനെയാണ് ചെയ്തിട്ടുള്ളത് അത് പോലെ അവര്‍ പലപ്പോഴും ഷൂട്ട് ചെയ്തിട്ടുണ്ട്. ഞാനറിഞ്ഞത് അങ്ങനെയാണ്. പലപ്പോഴും ഒരു ക്ലോസൊക്കെ എടുക്കണമെങ്കില്‍ ഇന്ന സ്ഥലത്ത് നോക്കി പറയണം എന്ന് പറഞ്ഞാല്‍ ”ഹാ.. എന്തായി പറയിന്നതിങ്ങനെ…?” എന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിയൊക്കെ കൊണ്ടായിരിക്കും ഡയലോഗ് പറയുക. അതൊക്കെ അവര്‍ അതേപടി ഷൂട്ട് ചെയ്തു. അതാണ് അതിന്റെ ഒരു ഭംഗി വന്നത്. അഭിനയം വളരെ സ്വാഭാവികമായി തോന്നിയ കാര്യമതാണ്. ചിലരെയൊക്കെ ‘അഴിച്ചുവിടുക’ എന്ന് പറയില്ലെ.. അത് പോലെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല അച്ഛന്‍. അതുകൊണ്ട് ആ ക്യാരക്ടര്‍ ഭയങ്കരമായിട്ട് വളര്‍ന്നു.
. എങ്ങനെയാണ് അദ്ദേഹത്തിന് ഇത്ര സൂക്ഷ്മമായി അഭിനയിക്കാന്‍ സാധിച്ചിരുന്നത് …?
അത് അദ്ദേഹം ആ കഥാപാത്രമായിത്തീരുന്നത് കൊണ്ടാണ്. അല്ലെങ്കില്‍ കഥാപാത്രത്തെ അദ്ദേഹത്തിലേക്കെത്തിക്കുന്നത് കൊണ്ടാണ്. ഗോഡ്ഫാദര്‍ കണ്ട് എല്ലാവരും എന്നോട് ചോദിക്കുമായിരുന്നു അച്ഛന്‍ അങ്ങനെയാണൊ വീട്ടിലൊക്കെയെന്ന്.. അതൊരു പാവം മനുഷ്യനായിരുന്നു. പക്ഷെ അല്ലാതെ സിനിമയില്‍ കണ്ട് കഴിഞ്ഞാല്‍ അയ്യോ ഇതൊരു ഭീകരമനുഷ്യനാണെന്ന് തോന്നും. അങ്ങേരുടെ ശബ്ദവും നോട്ടങ്ങളും ഈ പറഞ്ഞ സൂക്ഷ്മമായ അഭിനയം കൊണ്ടൊക്കെ തോന്നിപ്പിക്കുന്നതാണ്. അത് വളരെ മനപ്പൂര്‍വ്വം അറെയ്ഞ്ച് ചെയ്ത് അങ്ങനെ തോന്നാത്ത രീതിയില്‍ ചെയ്യുന്നതാണ്.. അതാണ് ‘അഭിനയ’മെന്ന് പറയുന്നത്.
. ആക്ടിങ്ങിന്റെ ഒരു സ്‌കൂള്‍ എന്ന് തന്നെ വിളിക്കാം.. ?
സംശയമില്ല. ഞാന്‍ ഇന്നെന്തെങ്കിലുമൊക്കെയാണെങ്കില്‍ അത് തീര്‍ച്ചയായിട്ടും ഈ നാടകത്തില്‍ നിന്ന് കിട്ടിയത് തന്നെയാണ്. പിന്നെ സിനിമയിലുള്ള ഒരു എക്‌സ്പീരിയന്‍സുണ്ട്. ഇത്രയും വര്‍ഷം നിന്നപ്പോള്‍ ക്യാമറയും ബാക്കിയുള്ള അതിന്റെ ചുറ്റുപാടുകളുമൊക്കെയായിട്ട് പെരുമാറിയുള്ള അതിന്റെ ഒരു ശീലങ്ങളുണ്ട്. പക്ഷെ സിനിമയും നാടകവും രണ്ടും രണ്ടാണ്. അഭിനയത്തിന്റെ സങ്കേതങ്ങളുണ്ട്. നാടകത്തില്‍ അതൊരു എക്‌സാജറേഷനാണ്. അത്രയും പ്രേക്ഷകര്‍ ഇരിക്കുമ്പോള്‍ അത് അവരിലേക്കെത്തണം. നമ്മുടെ ശബ്ദം. അല്ലെങ്കില്‍ നമ്മുടെ അഭിനയം. സിനിമയിലതുവേണ്ട. അത്തരം ചില വ്യത്യാസങ്ങളുണ്ട്. എന്റെ അഭിനയത്തിന്റെ ബേസ് എന്നാലും നാടകം തന്നെയാണ്. ഉദാഹരണം പറഞ്ഞാല്‍ മറ്റു കഥാപാത്രങ്ങളൊക്കെയാവാന്‍ എനിക്ക് പറ്റുന്നത് നാടകത്തില്‍ നിന്നുള്ള എക്‌സ്പീരീയന്‍സ് തന്നെയാണ്.
.അച്ഛനെ മലയാള സിനിമക്ക് കുറച്ച് മുന്നേ ഉപയോഗപ്പെടുത്താമായിരുന്നെന്ന് തോന്നിയിട്ടുണ്ടോ….?
ഹ.. ഹ.. അങ്ങനെ മുന്നേ.. വരുമായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അച്ഛനൊരു പ്രത്യേക അവസ്ഥയില്‍ അങ്ങനെ സംഭവിച്ച് പോയെന്നേ ഉള്ളു. ഞങ്ങളുടെയൊക്കെ പ്രഷറൊക്കെയായിട്ട് സംഭവിച്ച് പോയതാണ്. അച്ഛനങ്ങനെ സിനിമയില്‍ അഭിനയിക്കണമെന്നോ.. ഒന്നാമതേ ഈ അനുസരിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടൊക്കെയാകാം.. ഒരിക്കലുമങ്ങനെയൊരാഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. അച്ഛനത്ര മാത്രം സ്റ്റേജിനെ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. നാടകമായിരുന്നു അദ്ദേഹത്തിനെല്ലാം. ഒരു മുപ്പത്തഞ്ച് നാല്‍പ്പതുവര്‍ഷത്തോളം വേദിയിലഭിനയിച്ചു. ഇതിനിടയില്‍ എത്രയോ രോഗങ്ങള്‍ വന്നിരിക്കുന്നു. കാലിന് അപാരമായ വേദനയുള്ള ഒരു രോഗമുണ്ട്. അഗ്രവാദം എന്ന് പറയും. കാല് തടിച്ച് നീരൊക്കെ വെക്കും. അങ്ങനെയൊക്കയുള്ള സാഹചര്യങ്ങളില്‍ ഷൂസിട്ട് അഭിനയിക്കേണ്ട കഥാപാത്രങ്ങള്‍ വരുമ്പോള്‍ ഷൂസൊക്കെ കട്ട് ചെയ്ത് ധരിച്ച് കയ്യില്‍ പെയ്ന്‍ കില്ലറൊക്കെ ഇന്‍ജെക്ട് ചെയ്ത് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇത്രയും വര്‍ഷത്തിനിടയില്‍ ഒരു ദിവസം പോലും നാടകം മുടക്കിയിട്ടില്ല. അമ്മയുടെ അനിയത്തി മരിച്ച ദിവസം, അമ്മയെപ്പോലെ തന്നെയായിരുന്നു. അമ്മ നേരത്തെ മരിച്ച് പോയി. അന്ന് ഞങ്ങള്‍ക്ക് നാടകമുണ്ട്. അച്ഛന്‍ ആദ്യം നാടകം കളിച്ചിട്ട് ഇവിടെ വന്നു. പിന്നെ പിറ്റേ ദിവസം ചിത കത്തിച്ച ശേഷം സഹോദരിയോട് ചോദിച്ചു എന്ത് വേണമെന്ന്. നാടകം കളിക്കാമെന്ന് പറഞ്ഞു. അടുത്ത ദിവസം തന്നെ നാടകം കളിക്കാന്‍ പോയി. അത്രമാത്രം കമ്മിറ്റ്‌മെന്റായിരുന്നു. നാടകമെന്ന് പറയുന്നത് സിനിമ പോലെയല്ല. പിന്നേക്ക് മാറ്റി വെക്കാന്‍ പറ്റില്ല. പത്ത് രണ്ടായിരം പേര്‍ ടിക്കറ്റൊക്കെ എടുത്ത് കാണാന്‍ വരുന്ന ഒരു വേദിയാണ്. അവരോടിന്നില്ലെന്ന് പറഞ്ഞാല്‍….?!. അത്രമാത്രം അദ്ദേഹത്തിന്റെ ജീവിതവും നാടകവും ബന്ധപ്പെട്ട് കിടക്കുകയായിരുന്നു.
. നായകാനായ കാലഘട്ടമാണ് തീരെ ഇഷ്ടമില്ലാത്തതെന്ന് തോന്നുന്നു.. ?
2000ന് മുമ്പാണ്. മറ്റൊന്നുമല്ല. നായക കഥാപാത്രങ്ങളൊക്കെ ഞാനഭിനയിച്ചപ്പോള്‍ എല്ലാം ഒന്നു തന്നെയായിട്ട് എനിക്ക് തോന്നിയത്.. നമ്മുടെ ഇവിടെ ഒരുപാട് തെറ്റിധരിക്കപ്പെട്ടിട്ടുണ്ട് ഈ നായക കഥാപാത്രം. നായകനെന്ന ലീഡിങ്ങ് ക്യാരക്ടര്‍ അതായത് ഒരു കഥയില്‍ ആദിമധ്യാന്തം ആ കഥ കൊണ്ടുപോകുന്നയാള് അതാണ് ലീഡിങ്ങ് ക്യാരക്ടര്‍. ഹീറോ എന്ന് പറഞ്ഞാല്‍ പ്രതിബന്ധങ്ങളെ തട്ടിമാറ്റി മുന്നേറുന്നവനാണ്. ഹീറോ ഒരിക്കലും നായകനാവണമെന്നില്ല. പക്ഷെ നമ്മുടെ സിനിമയില്‍ ഇത് രണ്ടും കൂടി ക്ലബ് ചെയ്ത് ഒരു കഥാപാത്രമാക്കിയിരിക്കുകയാണ്. ഒരു സിനിമയില്‍ ചിലപ്പോള്‍ ഒരു പട്ടി നായകനാകാം. ഒരു പട്ടിയുടെ കഥ പറയുമ്പോള്‍ ആ പട്ടിയാണ് അതിലെ നായകന്‍. നമ്മുടെ ഗ്രാഹ്യമെങ്ങനെയാണെന്ന് വെച്ചാല്‍ ആദിമധ്യാന്തമുള്ള കഥയിലെ കഥാപാത്രത്തെ ഹീറോ കൂടിയാക്കും. ആള്‍ റെഡി അങ്ങനെ ഒരു കണ്‍സെപ്റ്റ് കഥയിലുള്ളപ്പോള്‍ എന്റെ വിജയമായിരിക്കും ആ കഥയുടെ അവസാനം. ഒരു സിനിമയിലും അടുത്ത സിനിമയിലും അങ്ങനെയാവുമ്പോള്‍ എനിക്കെന്ത് ചെയ്യാന്‍ പറ്റും. അതിന് ഒരു ഫ്രെയ്മുണ്ടാകും. ഒരു നായകന്‍ വരുന്നു. അവനൊരു കാമുകിയുണ്ടാവുന്നു. തീര്‍ച്ചയായിട്ടും പ്രണയമുണ്ടാവും. പിന്നെ അച്ഛനോ അമ്മയോ സഹോദരങ്ങളോ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ജീവിക്കുന്നു. പിന്നെ ജീവിത മുന്നേറ്റത്തില്‍ എന്ത് പ്രതിബന്ധമുണ്ടെങ്കിലും അവന്‍ തട്ടിമാറ്റുന്നു. അവന്റെ വിജയമായിരിക്കും സിനിമയുടെ അവസാനം. അതൊരു കഥാപാത്രമാണ്. വിജയിയാണ് ആ കഥാപാത്രം. അത് തന്നെയെല്ലാമാകുമ്പോള്‍ സ്വാഭാവികമായും മടുപ്പ് തോന്നും. പിന്നെ ഞാനല്ലാതെ മറ്റൊരാളാകുന്ന ആ കഥാപാത്രം ചെയ്യാനാണ് എനിക്കിഷ്ടം. അതായത് എന്റെ നോട്ടമോ, നടത്തമോ ഒക്കെ കഴിയുന്നതും ഒഴിവാക്കുക. മുഴുവന്‍ മാറാന്‍ പറ്റില്ലല്ലോ. മനുഷ്യനല്ലേ.. എത്രയേറേ വ്യത്യസ്ഥത വരുത്താന്‍ പറ്റുമോ അത്തരം കഥാപാത്രങ്ങള്‍ ചെയ്യുക എന്നുള്ളതാണ് എന്റെ ആഗ്രഹം.
. ഏറെ ഊര്‍ജസ്വലനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാണ് താല്‍പ്പര്യമെന്ന് തോന്നുന്നു…?
അങ്ങനെയല്ല… ഞാന്‍ പറയാറുണ്ട് ദേശാടനത്തിലെ കഥാപാത്രത്തെ എനിക്ക് ഏറെയിഷ്ടമാണെന്ന്. അതത്ര വലിയ റോളൊന്നുമല്ല. ഒരു ഡൗണ്‍ ടു എര്‍ത്ത് ക്യാരക്ടറാണ്. പിന്നെ ഇപ്പോള്‍ ‘ലീല’ എന്ന ചിത്രം, അതിനകത്ത് ഒരു പിള്ളേച്ഛന്റെ കഥാപാത്രമുണ്ട്. അതും ഈ പറഞ്ഞപോലെയുള്ള ഒരു ക്യാരക്ടറല്ല. ഭയങ്കര ഒതുക്കമുള്ള ഒരു ക്യാരക്ടറാണ്. പക്ഷെ ‘ചേറാടി കറിയ’, ‘രൗദ്രം’ എന്നീ ചിത്രങ്ങളിലൊക്കെ കുറച്ച് കൂടി ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ്. ഞാന്‍ കാണുന്നത്, കഥാപാത്രമാവുമ്പോള്‍ എന്നില്‍ നിന്നും വ്യത്യസ്ഥമായ കഥാപാത്രമാണ്. ഒരു നടനിലില്‍ കൂടി കഥാപാത്രത്തെ സൃഷ്ടിക്കുന്ന പ്രക്രിയയാണ് അഭിനയം. അപ്പോള്‍ ആ സൃഷ്ടിക്കുന്ന കഥാപാത്രം എന്റെ കഥാപാത്രമാണ്. എന്റെ ഒരു കുട്ടിയെന്ന് പറയന്നതുപോലെയാണ്. ഇപ്പോള്‍ ഞാനഭിനയിച്ച റാംജി റാവു. അത് വേറൊരാള്‍ അഭിനയിച്ചാല്‍ അത് വേറൊന്നാവും. ചിലപ്പോള്‍ എന്റെ വേഷത്തിനെക്കാള്‍ ആള്‍ക്കാര്‍ അതിനെ ഇഷ്ടപ്പെട്ടെന്ന് വരും. ഞാനഭിനയിച്ചപ്പോള്‍ അങ്ങനെയായി. ഇപ്പോള്‍ ചേറാടിക്കര വേറൊരാള്‍ അഭിനയിച്ചാല്‍ വേറൊന്നാവും. ലീലയുടെ കഥാപാത്രവും അത് പോലെയാവാം. പക്ഷെ അത് ഞാന്‍ ചെയ്യുമ്പോള്‍ എന്റേത് മാത്രമാണ്. എന്നേപ്പോലെ വേറൊരാള്‍ക്ക് ചെയ്യാന്‍ പറ്റില്ല. അപ്പോ അങ്ങനെ എന്റേതു മാത്രമാക്കാന്‍ ശ്രമിക്കാറുണ്ട് ഞാന്‍ ചില ക്യാരക്ടേഴ്‌സ്. ഈയടുത്ത് ഞാന്‍ അഭിനയിച്ച ‘വെനീസിലെ വ്യാപാരി’ എന്ന സിനിമയിലെ ഒരു കഥാപാത്രമുണ്ട്. എനിക്കിഷ്ടപ്പെട്ട രീതിയിലേക്ക് ഞാന്‍ ആ കഥാപാത്രത്തെ ആക്കുകയാണ്. നടന്റെ ഒരു പരിമിധിയുണ്ട്. അവന് അവനില്‍ കൂടെയേ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ പറ്റൂ. ഒരു പെയ്ന്ററൊക്കെയാണെങ്കില്‍ എവിടെ വേണമെങ്കിലും വരക്കാം. സ്‌കല്‍പ്ചറുണ്ടാക്കുന്ന ഒരാള്‍ക്ക് എന്തിലും ശില്‍പ്പങ്ങളുണ്ടാക്കാം. നടന്റെ കാന്‍വാസ് നടനാണ്. അപ്പോ എന്റെ കയ്യും കാലും കണ്ണും മുഖമൊക്കെ വേണം. ഇതല്ലാതെ വേറൊന്നും പറ്റില്ല. ചെറിയ ചില മാറ്റങ്ങളൊക്കെ വരുത്താമെന്നെയുള്ളു. ഇതിലൊക്കെ നിന്നുകൊണ്ടുവേണം ഞാന്‍ മറ്റു കഥാപാത്രങ്ങളാകാന്‍. അതേ പോലെ അഭിനയിക്കുന്ന സമയത്ത് സൃഷ്ടി കര്‍ത്താവ് നമ്മളാണ്. സൃഷ്ടിയും നമ്മളാണ്. സൃഷ്ടി കര്‍ത്താവായ എന്നില്‍ തന്നെയാണ് സൃഷ്ടിയുണ്ടാവുന്നത്. സൃഷ്ടിയുണ്ടായിരിക്കുമ്പോള്‍ തന്നെ അതിനെ വിമര്‍ശിക്കേണ്ടതും ഞാനാണ്. അങ്ങനെയെല്ലാ പ്രക്രിയയും ഒരു നടനില്‍കൂടി തന്നെ നടക്കുകയാണ്. മറ്റൊരു കലാരൂപത്തില്‍ അതില്ല. അത് ചെയ്യുന്ന ആ നേരത്ത് സംഭവിച്ച് പോകുന്നതാണ്. കഴിഞ്ഞാല്‍ പിന്നെ തിരുത്താന്‍ പറ്റില്ല. സിനിമയാണെങ്കില്‍ നമ്മുക്ക് സിനിമയുടെ ഷോട്ട് എടുക്കാം. അങ്ങനെയുള്ളപ്പോള്‍ നമ്മുക്കുള്ള ഒരു ആത്മ നിര്‍വൃതിയുണ്ടല്ലോ. ഇത് പ്രേക്ഷകന്‍ കണ്ട് ഇഷടപ്പെടുക കൂടി ചെയ്യുമ്പോള്‍ ചിരിക്കുകയോ അത്ഭുതപ്പെടുകയോ, നമ്മളുദ്ദേശിക്കുന്ന ഇമോഷനിലേക്ക് നമ്മുക്കുണ്ടാവുന്ന ആ അനുഭൂതിയാണ് സ്‌റ്റേജില്‍ നിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെയാണ് നമ്മുടെ ക്യാരക്ടര്‍ വളരാന്‍ തുടങ്ങുന്നത്. അതൊരു പ്രേത്യേക അനുഭൂതിയാണ്. അത് സിനിമയില്‍ കിട്ടില്ല. അത് പറഞ്ഞാല്‍ മനസ്സിലാവുകയുമില്ല.
. അണിയറയില്‍ പ്രവര്‍ത്തിക്കണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ..?
എനിക്ക് എന്റെ സിനിമകള്‍ ഒരു കൊമേര്‍ഷ്യല്‍ സക്‌സസ് ആവണമെന്നൊന്നുമില്ല. ആദ്യത്തെ ആഴ്ച തീയേറ്ററില്‍ വരുന്ന പ്രേക്ഷകര്‍ ഒരു പ്രത്യേക വിഭാഗക്കാരാണ്. ചെറുപ്പക്കാരാണ്.. അവര്‍ ചിലപ്പോള്‍ വിയര്‍ത്തൊലിച്ച് രണ്ട് ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടി ഷര്‍ട്ടൊക്കെ കീറി ഓടിച്ചെന്നായിരിക്കാം ഒരു സിനിമ കാണുന്നത്. അപ്പോള്‍ അവര്‍ പ്രതീക്ഷിക്കുന്ന ചില സാധനങ്ങളുണ്ട്. അപ്പോള്‍ അങ്ങനത്തെ ഒരു ചിന്തയായിരിക്കും എന്റെ മനസ്സില്‍. അങ്ങനെ ഒരു സിനിമയും അതിന്റെ സാഹചര്യവുമൊക്കെ സംഭവിക്കേണ്ട കാര്യങ്ങളാണ്. ഇത്രയും വര്‍ഷം ഞാന്‍ സിനിമ ചെയ്തയാളാണ്. ചെയ്യുകയാണെങ്കില്‍ എനിക്ക് ഇഷ്ടമുള്ള സിനിമയായിരിക്കണം. എനിക്കിഷ്ടപ്പെട്ടാലേ ജനങ്ങള്‍ക്ക് അത് ഇഷ്ടപ്പെടുകയുള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനങ്ങള്‍ക്കിഷ്ടപ്പെട്ടാലല്ലേ ഇത് ഓടൂ. ഒരു വലിയ പണം മുടക്കുള്ള ഏര്‍പ്പാടായതുകൊണ്ടും അതിന് പണം മുടക്കുന്ന ആള്‍ക്ക് മുടക്കിയ പണം തിരിച്ച് കിട്ടണം എന്നുള്ളത് കൊണ്ടും മറ്റൊരാളെ വേദനിപ്പിക്കാന്‍ എനിക്ക് വലിയ താല്‍പ്പര്യമില്ല. അല്ലെങ്കില്‍ അതിന് തയ്യാറായി ഒരാള്‍ വരുമ്പോള്‍ ആലോചിക്കാം. പിന്നെ ഇപ്പോ ഒരു ജോലിയുണ്ടല്ലോ. മിക്കവാറും എല്ലാ ദിവസങ്ങളിലും തന്നെ ഷൂട്ടിങ്ങൊക്കെയുണ്ട്. അങ്ങനെ ഒരു സിനിമ ചെയ്യുമ്പോള്‍ മിനിമം ഒരഞ്ചാറ് മാസത്തേക്കെങ്കിലും മൊത്തം നമ്മള്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കണം. സിനിമയില്‍ ഒരു പടത്തിന് വിളിച്ചു പിന്നെ അടുത്ത പടത്തിന് പോണം അങ്ങനെ അങ്ങനെ കമ്മിറ്റ് മെന്റുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കില്‍ പിന്നെ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം. ഒന്നാമത്തെ കാര്യം ഞാന്‍ ജീവിതത്തില്‍ വല്യ പ്ലാനിങ്ങ് ഉള്ള ആളേ അല്ല. അടുത്ത നിമിഷം എന്താണെന്ന് എനിക്ക് അറിയാനും മേല. അങ്ങനെയാവണമെന്ന് എനിക്ക് പ്ലാനിങ്ങുമില്ല. എനിക്ക് കണക്ക് എഴുതിവെക്കുന്ന ശീലമില്ല. കിട്ടിയ പൈസയുടെ കണക്കെനിക്കില്ല. ചെലവാകുന്ന പൈസയുടെ കണക്കെനിക്കില്ല. ഒന്നിനും ഒരു കണക്ക് നോക്കുന്ന ആളല്ല. സാധാരണ രീതിയില്‍ ഒരു മനുഷ്യനെപോലെ. അതാണതിന്റെ ഒരു സുഖം.
. വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള സിനിമ…?
‘കക്ഷി അമ്മിണിപ്പിള്ള’ എന്ന് പറയുന്ന ഒരു പടം ഞാന്‍ ചെയ്തപ്പോള്‍, ആസിഫലിയുടെ, അതിനകത്ത് ഒരു ക്യാരക്ടറുണ്ട്. വലിയ പ്രാധാന്യമൊന്നുമില്ല. പക്ഷെ ഞാന്‍ അത് ചെയ്തത് എനിക്ക് ഇഷ്യപ്പെട്ടു. ഒരു ഡിഫ്രണ്ടായിട്ടുള്ള ക്യാരക്ടറാണെന്ന് എനിക്ക് തോന്നി. പിന്നെ മമ്മൂട്ടിയുടെ കൂടെ പോക്കിരി രാജ സെക്കന്‍ഡ് പാര്‍ട്ട്. പക്ഷെ അതില്‍ ഒരേ കഥാപാത്രം തന്നെയാണ്. പിന്നെ ജയറാമിന്റെ അച്ഛനായിട്ട്. അത് സാധാരണ ചെയ്യുന്ന ഒരു യൂഷ്വല്‍ ക്യാരക്ടറാണ്. പക്ഷെ നല്ല സിനിമയായിരിക്കും അത്. പിന്നെ ഷാജോണ്‍ന്റെ സിനിമയിലിപ്പോള്‍ അഭിനയിക്കാന്‍ പോകുന്നു. പിന്നെ ബിപിന്‍, അങ്ങനെ കുറേ സിനിമകളുണ്ട്. പിന്നെ വരുന്ന സിനിമകളിലൊക്കെ അഭിനയിക്കും. ജസ്റ്റ് ലിവ്…അതിനിടക്ക് നല്ല സിനിമകളുണ്ടാവാം. പിന്നെ ജനങ്ങളൊക്കെ കാണുമ്പോള്‍ ” ഇയാളൊരു ബോറനാണല്ലൊ…” എന്ന് തോന്നുന്നതായിരിക്കരുത് അത്രയേ ഉള്ളു.
. വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ…?
ഏയ്… (നിരസിച്ചുകൊണ്ട് ചിരിക്കുന്നു). എനിക്കൊരിക്കലും.. ഇനിയിപ്പോ.. നാളെ അങ്ങനെ ഒരംഗീകാരം കിട്ടിയാല്‍ തന്നെ ഞാനങ്ങനെ വലിയൊരു നടനാവുമെന്ന് തോന്നുന്നില്ല. ഞാനൊരും മോശം നടനാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു നടന്‍ തന്നെയാണ്. അതെന്റെ വിശ്വാസമാണ്. കഴിഞ്ഞ 10, 35 വര്‍ഷം എന്നെ ഞാന്‍ നയിക്കുന്നത് അതുകൊണ്ടാണ്. കോണ്‍ഫിഡന്‍സാണ്. ആ കഥാപാത്രം ഞാന്‍ ചെയ്യും. അങ്ങനെ ചെയ്യാന്‍ പറ്റുന്നത്. എന്റെ ഒരു കോണ്‍ഫിഡന്‍സാണ്. നന്നായിട്ട് ചെയ്ത ഒരുപാട് കഥാപാത്രങ്ങളുണ്ട്. അതിനൊക്കെ അവാര്‍ഡ് കിട്ടണമെന്നുമില്ല. നല്ലൊരു കാര്യമാണ്. നല്ലൊരംഗീകാരമാണ്. പക്ഷെ ഞാന്‍ അവാര്‍ഡ് കിട്ടുന്നത് ഒരു വലിയ കാര്യമായി കാണുന്നില്ല.
. ഏതെങ്കിലും ആക്ടേഴ്‌സിനെ ഫോളോ ചെയ്യാറുണ്ടോ…?
നോ.. ഞാനങ്ങനെ ഒരിക്കലും ഒരാളെ ഫോളോ ചെയ്യാറുള്ള ആളല്ല. ഒരു ടെക്‌നിക്ക് കൂടി ഞാന്‍ പറഞ്ഞ് തരാം. നമുക്ക് ഒരാളെ ബഹുമാനിക്കാം. അല്ലെങ്കില്‍ അയാളെ ഇഷ്ടപ്പെടാം. പക്ഷെ നമ്മള്‍ കൂടുതല്‍ അഡിക്ടഡ് ആവരുത്. നമ്മള്‍ കട്ട ഫാന്‍ എന്നൊക്കെ പറയില്ലേ. അങ്ങനെയായി കഴിഞ്ഞാല്‍ നമ്മുടെ ജെസ്‌റ്റേഴ്‌സൊക്കെ അവരുടെ ജെസ്‌റ്റേഴ്‌സാവാം. നമ്മള്‍ അറിയാതെ അനുകരിക്കാന്‍ ശ്രമമുണ്ടാവും. നമ്മുടെ തൊഴില്‍ ഇതല്ലല്ലൊ. എനിക്കിഷ്ടമുള്ള ഒരുപാട് നടന്മാരുണ്ട്. എനിക്കവരോട് ബഹുമാനവുമുണ്ട്. ഉദാഹരണത്തിന് മരിച്ച് പോയ ഗോപിച്ചേട്ടന്‍, കൊട്ടാരക്കരച്ചേട്ടന്‍, നെടുമുടി വേണു, നസറുദ്ധീന്‍ ഷാ, അങ്ങനെ ഒരുപാട് പേരുണ്ട്. പക്ഷെ ഒരിക്കലും ഞാനതില്‍ ഭയങ്കര ഇംപ്രെസ്ഡായിട്ട് എനിക്കങ്ങനെ ചെയ്യണം എന്ന് വിചാരിക്കാറില്ല. ഞാനെപ്പോഴും ഞാനായിട്ട് നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. പിന്നെ എനിക്കെപ്പോഴും വ്യത്യസ്തമായ കഥാപാത്രം ചെയ്യാനുള്ള പ്രചോദനം ചിറ്റയാണ്. ചിറ്റ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഒരത്ഭുത നടിയായിരുന്നു. ആള് വലിയ വലിപ്പമൊന്നുമില്ല. കഷ്ടിച്ചൊരു നാലര അടി പൊക്കമേ ഉള്ളു. ആകെ 35 കിലോയാണ് തൂക്കം. സ്‌റ്റെഡിയാ.. പക്ഷെ പുള്ളി ഓരോ ക്യാരക്ടര്‍ ചെയ്യുന്നതും ഭയങ്കര വ്യത്യാസമായാണ്. നടപ്പിലും ഇരുപ്പിലും. ഒരിമ വെട്ടലുപോലും വ്യത്യാസമുണ്ട്. ചിറ്റ ചെയ്തുകഴിഞ്ഞാല്‍ ആ കഥാപാത്രം അങ്ങനെയാണെന്ന് തോന്നിപോകും. അതിന് ചിറ്റയുടെ ചില ടെക്‌നിക്കുകള്‍ ഒക്കെയുണ്ട്. അത് ചിലപ്പോഴൊക്കെ ഞാന്‍ ഉപയോഗിക്കാറുണ്ട്. ചിറ്റ എന്നെ ഭയങ്കരമായി സ്വാധീനിച്ച വ്യക്തിയാണ്. ഡിഫ്രണ്ട് ക്യാരക്ടേഴ്‌സ് ചെയ്യുന്ന കാര്യത്തില്‍ ചില ടെക്‌നിക്കുകള്‍ ഉണ്ട്. അഭിനയത്തിന്റെ ടെക്‌നിക്ക്. അതില്‍ ചിറ്റ ഒരസാധ്യ ആളായിരുന്നു. പിന്നെ ഡെഫിനിറ്റായിട്ടും അച്ഛന്‍ എന്നെ സ്വാധീനിച്ചിട്ടുണ്ടാവും. ചിലപ്പോള്‍ ചിലരൊക്കെ പറയും. ”ഓ.. പിള്ള സാറിന്റെ ഛായ തോന്നുന്നുണ്ട് ചില ഷോട്ടിലൊക്കെ! ”എന്ന്. അതങ്ങനെയാവണമല്ലോ..
. ഇപ്പോള്‍ നാടകത്തിലേതുപോലെ സിനിമയിലും സിങ്ക് സൗണ്ട് തന്നെയാണ്?.
എനിക്ക് സിങ്ക് സൗണ്ടില്‍ ചെയ്യുന്നതിനോട് നല്ല അഭിപ്രായമാണ്. പക്ഷെ ഒരു കുഴപ്പം എന്താണെന്ന് വെച്ചാല്‍, എല്ലാവരും ആര്‍ട്ടിസ്റ്റുകളായിരിക്കണം. അതിനകത്ത് എല്ലാ നടീനടന്മാരും കൃത്യമായി ഡയലോഗ് മോഡുലേറ്റ് ചെയ്യാനറിയുന്ന ആര്‍ട്ടിസ്റ്റുകളായിരിക്കണം. അതിനകത്ത് ഒരു മൂന്ന് നാലുപേര് വന്ന് അവര്‍ക്ക് ശബ്ദം കൂടുതലല്ലാതായാല്‍ അവര്‍ക്ക് പകരം വേറെയാള്‍ക്കാരെ കൊണ്ട് ഡബ് ചെയ്യിക്കുക എന്ന് പറയുമ്പോള്‍ അതും ഇതുമായിട്ട് സിങ്കാവില്ല. കഴിഞ്ഞ തവണ ഞാന്‍ ‘കാര്‍ബണ്‍’ എന്ന ഒരു സിനിമയില്‍ അഭിനയിച്ചു. ഞാന്‍ നെടുമുടി വേണു, ഫഹദ്.. അപ്പോള്‍ എല്ലാവരും ആര്‍ട്ടിസ്റ്റുകളാണ്. അപ്പോള്‍ വളരെ കാഷ്വലായിട്ട് സംസാരിക്കാന്‍ പറ്റും. പിന്നെ വേറെ ഒരു കാര്യം തോന്നിയത്. സിങ്ക് സൗണ്ടിലഭിനയിക്കുന്നത് ഡബ് ചെയ്ത് അതേ റിയാലിറ്റിയില്‍ ചെയ്യാന്‍ പറ്റും. ഉദാഹരണത്തിന് ഒരു കരയുന്ന സീനില്‍ നമ്മള്‍ സിങ്ക് സൗണ്ടില്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ എക്‌സ്പ്രഷനെക്കുറിച്ച് ചിന്തിക്കാറില്ല. നമ്മള്‍ ബേര്‍സ്റ്റ് ഔട്ടായിട്ടായിരിക്കും കരയുക. പക്ഷെ അതേ സമയം നമ്മള്‍ ഡബ്ബിങ്ങ് തിയേറ്ററില്‍ വരുമ്പോള്‍ അതേ ആക്ഷന്‍സ് വെച്ച് ശബ്ദം കുറച്ച് കൂടി ഒതുക്കും. പക്ഷെ ഇമോഷനലി അത് കറക്ടായിരിക്കും. അപ്പോള്‍ ആ ഇമോഷന്‍ കൊണ്ട് ആള്‍ക്കാരെ അത്ഭുതപ്പെടുത്താന്‍ കഴിയും. അങ്ങനെ ഒരു ഗുണം ഡബ്ബിങ്ങില്‍ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സൗണ്ട് മോഡുലേഷനെപ്പറ്റി ധാരണയുള്ള ഒരാള്‍ക്ക് എവിടെയാണെങ്കിലും കുഴപ്പമില്ല.
. സൗണ്ട് മോഡുലേഷന്റെ പ്രാധാന്യം ഉപയോഗപ്പെടുത്തുന്ന നടനാണല്ലോ?
നാടകമെന്ന കലാരൂപം തൊണ്ണൂറ് ശതമാനം ശബ്ദനിയന്ത്രണത്തിലൂടെ മാത്രമാണ്. അതായത് വാക്കിന് അര്‍ത്ഥമില്ലല്ലോ. അത് പറയുമ്പോഴാണ് അര്‍ത്ഥം ഉണ്ടാകുന്നത്. ഇപ്പോള്‍ ഉദാഹരണത്തിന് നിങ്ങള്‍ ഇന്നെന്റെ വീട്ടില്‍ വന്ന കാര്യം തന്നെ നിങ്ങളോട് ഒരാള്‍ ചോദിക്കുമ്പോള്‍ നിങ്ങള്‍ തിരിച്ച് ഒരു മൂളലിലൂടെയാണ് ഉത്തരം നല്‍കുന്നതെന്ന് കരുതുക. അപ്പോള്‍ നിങ്ങള്‍ക്ക് അയാളോട് പലരീതിയില്‍ മൂളാം. ശബ്ദം മോഡുലേറ്റ് ചെയ്യുന്നതിലൂടെയാണ് അവിടെ നിങ്ങള്‍ ഉത്തരം നല്‍കുന്നത്. ഓരോ മൂളലിനും ഓരോ അര്‍ത്ഥമാണ്. ഇതൊക്കെ നാടകത്തില്‍ നിന്ന് കിട്ടുന്ന ചെറിയ ചെറിയ അറിവുകളാണ്. നാടകം കാണാന്‍ വരുന്നവര്‍ പറയുന്നതെന്താ. അവിടെ കാഴ്ച്ചയില്‍ ഒരു മൂന്ന് നാല് വരിക്കപ്പുറത്തിരിക്കുന്നവനൊന്നും നമ്മുടെ എക്‌സ്പ്രഷനൊന്നും ശരിക്കും കിട്ടില്ല. പക്ഷെ സിനിമയില്‍ അതല്ല. ”നീയൊന്നും പറണ്ടെടാ ഉവ്വേ. ഞങ്ങള്‍ കണ്ടോളാം” എന്നാണ്. അവിടെ വരുന്നവന് വിഷ്വലാണ് കാണേണ്ടത്. ആ വിഷ്വല്‍ നടക്കുന്നതില്‍ കൂടിയാണ് ആ കഥയറിയുന്നത്. അല്ലാതെ ഡയലോഗ് പറഞ്ഞ്. വലിയ കഥ കേള്‍ക്കാന്‍ വരുന്നവരല്ല. അവര്‍ കാഴ്ച്ച കാണാന്‍ വരുന്നവരാണ്.
.ഫാമിലിയെക്കുറിച്ച്…?
ഇവിടെ ഞാനും ഭാര്യയും രണ്ടാണ്‍കുട്ടികളുമാണുള്ളത്. രണ്ട് പേര്‍ക്കും ബിസിനസ്സാണ്. മൂത്തയാള്‍ ബില്‍ഡിങ്ങ് മെറ്റീരിയല്‍സിന്റെയൊക്കെ ബിസിനസ്സാണ്. അവന്‍ വിവാഹിതനാണ്. ഭാര്യ സ്വന്തമായി ക്ലിനിക്കൊക്കെയുള്ള ഒരു ഡെന്റിസ്റ്റാണ്. അവര്‍ക്ക് രണ്ട് മക്കളാണ്. മൂത്തയാള്‍ക്ക് അദ്രിത് നാരായണന്‍ എന്നാണ് പേര്. രണ്ടാമത്തെയാള് കൊച്ചുകുട്ടിയാണ്. ഒന്നര വയസ്സേ ആയിട്ടുള്ളു. അവന്റെ പേര് ഋത്വിക് രാഘവ് എന്നാണ്. പിന്നെ രണ്ടാമത്തെയാള്. അവന്‍ 3എം കാര്‍ കെയര്‍ എന്ന പേരില്‍ ഒരു കാര്‍ സര്‍വ്വീസിങ്ങ് ഫ്രാന്‍ചൈസാണ്. അത് അവനും എന്റെ മരുമകനും ചേര്‍ന്ന് ഒരുമിച്ച് നടത്തുകയാണ്. അവനും വിവാഹിതനാണ്. ഭാര്യ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥയാണ്. ഇതൊക്കെയാണ് എന്റെ കുടുംബം.