‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ഫീല്‍ ഗുഡ് ചിത്രം…

ഒരു ഫീല്‍ഗുഡ് ചിത്രവുമായാണ് ജിസ് ജോയ് ഇത്തവണയും എത്തിയിരിക്കുന്നത്. ആദ്യമായി ഐശ്വര്യ ലക്ഷ്മിയും ആസിഫും ഒന്നിക്കുന്ന ഒരു കുടുംബചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണമിയും’. അലസനായ ‘വിജയ്’ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ ചെറിയ ട്വിസ്റ്റുകള്‍ എങ്ങനെ അയാളെ മാറ്റി മറിക്കുന്നു എന്നതാണ് കഥയുടെ ചരട്. മോട്ടിവേഷന്‍, പോസിറ്റിവിറ്റി, ‘ട്വിസ്റ്റ്’ എന്നീ ചേരുവകളാല്‍ ഒരുക്കുന്ന ഫീല്‍ ഗുഡ് സിനിമകളാണ് ജിസ് ജോയ് ചിത്രങ്ങളുടെ പ്രത്യേകത. ഈ ചേരുവകള്‍ തന്നെയാണ് വിജയ് സൂപ്പറും പൗര്‍ണമിയിലും അടങ്ങിയിരിക്കുന്നത്. എന്നാല്‍ ഇടക്കിടെ വരുന്ന ഹാസ്യരംഗങ്ങളും വൈകാരിക പ്രകടനങ്ങളുമല്ലാതെ പുതുമകള്‍ ഒന്നും ചിത്രത്തില്ലില്ല. അതിനാല്‍ തന്നെ പ്രേക്ഷക മനസ്സുകളെ ചിത്രം സ്പര്‍ശിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.

തന്റെ മാതാപിതാക്കളുടെ താല്‍പ്പര്യത്തിനനുസരിച്ച് തന്റെ സ്വപ്‌നമായ കരിയര്‍ വെടിഞ്ഞ് ബി ടെക് പഠനത്തിന് പോവുന്ന അലസനായ ഒരു ചെറുപ്പക്കാരനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. അവന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പെണ്‍കുട്ടി കടന്ന് വരുകയാണ്. ‘പൗര്‍ണമി’യെന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. വളരെ കോണ്‍ഫിഡന്റായ ബോള്‍ഡ് ആയ കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി എത്തിയിരിക്കുന്നത്. ആസിഫ് അലി ഐശ്വര്യ ലക്ഷ്മി കൂട്ടുക്കെട്ടിലെത്തുന്ന ആദ്യ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. മുന്‍ ചിത്രങ്ങളിലേതു പോലെത്തന്നെ കൈയ്യടക്കത്തോടെയാണ് ഐശ്വര്യ, പൗര്‍ണമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആസിഫ് അലിയുടെ കൂട്ടുകാരന്റെ വേഷത്തിലെത്തുന്ന ബാലു വര്‍ഗ്ഗീസിന്റെ കഥാപാത്രം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. സിദിഖ് , രഞ്ജി പണിക്കര്‍, കെ.പി.എ.സി ലളിത എന്നിവരുടെ കഥാപാത്രങ്ങള്‍ വൈകാരിക രംഗങ്ങളെല്ലാം തനിമയോടെ കൈകാര്യം ചെയ്തിരിക്കുന്നു. അജു വര്‍ഗ്ഗീസ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ പരസ്യങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഗോപന്റെ വിവരണത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഇത്തരം ചില പുതുമകള്‍ സിനിമയില്‍ കൊണ്ടുവരാന്‍ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ജിസ് ജോയ് ശ്രമിച്ചിട്ടുണ്ടെങ്കിലും സിനിമയിലെ ചില രംഗങ്ങള്‍ മുമ്പെന്നോ കണ്ടുമറന്നതാണല്ലോ എന്നൊരു തോന്നല്‍ പ്രേക്ഷകന്റെ മനസ്സിലുണ്ടാകുന്നുണ്ട്. ചിത്രത്തിലെ മികച്ച സംഗീതം പ്രധാന്യം അര്‍ഹിക്കുന്നുണ്ട്. പ്രിന്‍സ് ജോര്‍ജിന്റ സംഗീതം പുതുമ നിറഞ്ഞവയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രണദിവേയും, ചിത്ര സംയോജനം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് രാജുമാണ്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ.കെ.സുനില്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒറ്റത്തവണ കണ്ട് ആസ്വദിക്കാവുന്ന ഒരു എന്റര്‍റ്റെയ്‌നര്‍ ചിത്രമാണ് ജിത്തു ജോസഫിന്റെ ഈ ചിത്രം…