അടുത്തിടെയാണ് വിജയ്-അറ്റ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ബിഗിലിന്റെ ചിത്രീകരണം പൂര്‍ത്തിയായ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഷൂട്ടിങ് തീര്‍ന്നതിന്റെ സന്തോഷത്തില്‍ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും അടങ്ങുന്ന 400 പേരോളം വരുന്ന സംഘത്തിന് സ്വര്‍ണമോതിരം സമ്മാനിച്ചാണ് വിജയ് ഈ അവസരത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാലിപ്പോള്‍ വിജയ് ആരാധകര്‍ക്കായി ചിത്രത്തിന്റെ മറ്റൊരു വലിയ വാര്‍ത്ത കൂടി പുറത്ത് പുറത്ത് വന്നിരിക്കുകയാണ്. ആരാധകരും സിനിമാപ്രേമികളും ഒരു പോലെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡെയ്റ്റ് തന്നെയാണ് ഈ വാര്‍ത്ത. ഈ വരുന്ന ദീപാവലിയ്ക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചനകള്‍.
മെര്‍സല്‍, തെറി തുടങ്ങിയ സിനിമകള്‍ക്കു ശേഷം അറ്റ്ലീ സംവിധാനം ചെയ്ത ചിത്രം വമ്പന്‍ റിലീസായാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. എന്നാല്‍ ഇത്തവണ മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ ചിത്രവുമായാണ് വിജയ് ചിത്രം ദീപാവലിക്ക് ഏറ്റുമുട്ടുന്നത്. വിജയുടെ ബിഗില്‍ റിലീസ് ചെയ്യുന്ന സമയത്ത് തന്നെയാണ് സേതുപതിയുടെ സംഘതമിഴനും റിലീസിനൊരുങ്ങുന്നത്. കൂടാതെ ഇരുവര്‍ക്കൊപ്പം ധനുഷിന്റെ അസുരനും ദീപാവലിക്ക് എത്താന്‍ സാധ്യതകളുണ്ടെന്നാണ് സൂചനകള്‍.
തികച്ചും ഒരു സ്പോര്‍ട്സ് ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താരയാണ് നായികയായിയെത്തുന്നത്. സംഗീതം ഒരുക്കുന്നത് എ.ആര്. റഹ്മാനാണ്. ചിത്രത്തില്‍ ഇരട്ട ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. കതിര്, ജാക്കി ഷ്റോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ദളപതി 64ന് പുറമെ വേലായുധത്തിന് ശേഷം മോഹന്‍ രാജ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ദളപതി 64 അടുത്ത വര്‍ഷം ദീപാവലി സമയത്താകും തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് അറിയുന്നു. അതേസമയം വിജയുടെ ബിഗിലിന്റെ ട്രെയിലറിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദളപതി ചിത്രം ആഘോഷമാക്കാനുളള തയ്യാറെടുപ്പുകള്‍ ആരാധകര്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരങ്ങളില്‍ ഒരാളാണ് വിജയ്.