വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി; കോടതിയിൽ നേരിട്ട് ഹാജരാകണം

','

' ); } ?>

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസ് പരിഗണിക്കുന്നത് ചെങ്കൽപ്പെട്ട് കുടുംബ കോടതി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ വിജയ്‌യോ സംഗീതയോ കോടതിയിൽ നേരിട്ട് ഹാജരായിരുന്നില്ല. വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാൻ ഇരുവരും അനുമതി തേടിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

വ്യക്തമായ രൂപത്തിൽ വക്കാലത്ത് സമർപ്പിക്കാത്തതിനെക്കുറിച്ച് സംഗീതയുടെ അഭിഭാഷകനോട് കോടതി വിശദീകരണം തേടി. കൂടാതെ, ഇരുവരുടെയും ഇ-മെയിൽ വിലാസം ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്തിയതായും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചതായും കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, അത്തരമൊരു പരാമർശം ഇന്ന് കോടതി നടപടികൾക്കിടെ ഉണ്ടായില്ല.

ഒരു സഹനടിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി, 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി നൽകിയത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ വേളയിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ മധ്യസ്ഥതയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.