‘വീ സ്റ്റാന്‍ഡ് വിത്ത് വിജയ്’ ദളപതിയ്ക്ക് വന്‍ പിന്തുണയുമായി ആരാധകരും സംഘടനകളും

ഇന്നലെ വൈകുന്നേരത്തോടെയാണ് തമിഴ് താരം വിജയിയെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിജയ് നായകനാകുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്യുന്നതിനായി താരത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിഗില്‍ എന്ന ചിത്രത്തെ സംബന്ധിച്ച് വിജയിയും ചിത്രത്തിന്റെ നിര്‍മ്മാതാവായ അന്‍ബു ചെലയാനും തമ്മില്‍ അനധികൃതമായ ഇടപാടുകളുണ്ടായിരുന്നു എന്നായിരുന്നു നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ ലഭിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ചോദ്യം ചെയ്യുന്നതിനുമായി ഉദ്യോഗസ്ഥര്‍ വിജയിയെ കയ്യിലെടുത്തതോടെ ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലുമായി ആരാധകരുടെ പ്രതിഷേധം കൊഴുക്കുകയാണ്. അതേ സമയം താരത്തിനെ പിന്തുണച്ചുകൊണ്ടു വീ സ്റ്റാന്‍ഡ് വിത്ത് വിജയ് എന്ന ഹാഷ് ടാഗ് ക്യാമ്പെനുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകരും പല സംഘടനകളും ഒരുപോലെ രംഗത്തെത്തി. ലക്ഷക്കണക്കിന് ട്വീറ്റുകളുമായി കേരളത്തില്‍ നിന്നും തമിഴ് നാടില്‍ നിന്നും ഒരുപോലെ ആരാധകര്‍ താരത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ്.

സിനിമക്ക് അകത്തും പുറത്തും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനുള്ള പകപോക്കലാണ് ഈ റെയ്ഡ് എന്നും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മുന്നോട്ട് വന്ന രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ചതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. അതേ സമയം താരത്തിന് തന്നെ പിന്തുണയുമായി എസ് എഫ് ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ മെഴ്‌സല്‍, തലൈവ, സര്‍ക്കാര്‍, തുപ്പാക്കി എന്നീ ചിത്രങ്ങളുടെ പേരിലും വിവിധ തരത്തിലുള്ള വിവാദങ്ങള്‍ താരത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. പലതിന്റെയും റിലീസുകള്‍ മാറ്റിവച്ചു, ചിലതിലെ സംഭാഷണങ്ങള്‍ നീക്കം ചെയ്തു. നോട്ട് നിരോധനം, ജിഎസ്ടി, എന്നിവയ്ക്കെതിരേയുള്ള സംഭാഷണങ്ങളുടെ പേരിലാണ് മെര്‍സല്‍ എന്ന ചിത്രത്തിനെതിരെ വിവാദങ്ങളുയര്‍ന്നത്. പല ചിത്രങ്ങള്‍ക്കെതിരേയും ബിജെപിയും അണ്ണാ ഡിഎംകെയും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരാധകര്‍ക്കിടയില്‍ ആക്ഷേപം ഉയരുന്നത്. വിജയിയെ ഇപ്പോള്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അതേ സമയം തമിഴ് സിനിമയിലെ തന്നെ മറ്റൊരു നിര്‍മ്മാതാവിന്റെ പക്കല്‍ നിന്നും 65 കോടിയോളം കണ്ടെടുത്തിട്ടുണ്ട്.