ഫാന്‍സ് അസോസിയേഷനുകള്‍ക്ക് മാതൃകയായി വിജയുടെ ആരാധകര്‍..

താരആരാധനക്കൊപ്പം സമൂഹത്തിന് നല്ല കാര്യങ്ങളും ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ് നാട്ടിലെ വിജയ് ആരാധകര്‍. തമിഴ്‌നാടിലെ അനിശ്ചിതകാല അധ്യാപക സംഘടനങ്ങളുടെ അധ്യാപക സമരം കാരണം പഠിപ്പു മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യം ഒരുക്കിയാണ് വിജയ് ആരാധകര്‍ വാര്‍ത്തകളിലിടം നേടിയിരിക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ സ്‌ക്കൂളുകളും സമരം കാരണം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ സമരം ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത് പഠിക്കുന്ന കുട്ടികളെയാണ്. തൊണ്ണൂറോളം പ്രൈമറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തിരുപ്പൂര്‍ ചിന്നയ്യ ഗൗന്ദന്‍ പുദൂര്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സമരം കാരണം കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് വിജയ് ഫാന്‍സ് രണ്ട് അധ്യാപകരെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി നിയമിച്ചത്. ജനങ്ങളിലൂടെയും ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന ഫണ്ടിങ്ങിലൂടെയമായിരിക്കും അധ്യാപകര്‍ക്ക് ശമ്പളം നല്‍കുക.

അതെ സമയം തമിഴ്‌നാട്ടിലെ തന്നെ രണ്ട് ബിരുദ വിദ്യാര്‍ത്ഥികളും തന്റെ ജോലിയില്‍ നിന്നും ഡീറ്റെയ്ന്‍ ചെയ്യപ്പെട്ട അധ്യാപകനായ ദൈവീകനും സമരത്തില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി രംഗത്ത് വന്നിട്ടുണ്ട്. അരിയല്ലൂരിലെ തുത്തൂരിലുള്ള വിദ്യയും ശബരീനാഥനുമാണ് ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കുന്നത്. തമിഴ്‌നാട് അധ്യാപക സംഘടനകളുടെ സംയുക്ത ആക്ഷന്‍ കൗണ്‍സിലും സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയുമാണ് അധ്യാപക സമരം നടത്തുന്നത്. പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി നീറ്റ് പരീക്ഷയിലൂടെ മെഡിക്കല്‍ പ്രവേശത്തിന് സീറ്റ് ലഭിക്കാതെ വന്നപ്പോള്‍ അനിത എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം തമിഴ്നാട്ടില്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. ഈ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ വിജയ് സന്ദര്‍ശിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു.