“സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്, പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തിയില്ലെങ്കിൽ അത് സിസ്‌റ്റത്തിൻ്റെ പരാജയമാണ്”; വിജയ് ദേവരകൊണ്ട

','

' ); } ?>

‘ജനനായകൻ’ സിനിമയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. കരിയറിൻ്റെ തുടക്കത്തിൽ സമാനമായ അനുഭവം ഉണ്ടായപ്പോൾ അനുഭവിച്ച വേദന താൻ ഇന്നും ഓർക്കുന്നുണ്ടെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തിയില്ലെങ്കിൽ അത് സിസ്‌റ്റത്തിൻ്റെ പരാജയമാണെന്നും വിജയ് പ്രതികരിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“ജനനായകൻ സിനിമയുടെ പ്രിൻ്റ് ലീക്ക് ആയ വാർത്ത എന്നെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നുണ്ട്. എന്റെ കരിയറിൻ്റെ തുടക്കത്തിൽ ഇങ്ങനെയൊന്ന് സംഭവിച്ചപ്പോൾ ഉണ്ടായ ആ വേദനയും നഷ്‌ടബോധവും ഞാൻ നേരിട്ട് അനുഭവിച്ചതാണ്. നമ്മൾ എല്ലാവരുടെയും ലക്ഷ്യമായി മാറുന്നത് പോലെയും, കയ്യിലുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം നഷ്‌ടപ്പെടുന്നത് പോലെയുമാണ് അപ്പോൾ തോന്നുക. ഇത് എൻ്റെ മാത്രം കാര്യമല്ല;

സഹഅഭിനേതാക്കൾ, സംവിധായകർ, നിർമ്മാതാക്കൾ അങ്ങനെ ഒരുപാട് പേരുടെ സ്വപ്നങ്ങളാണ് ഇവിടെ തകരുന്നത്. ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണം, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുകയും വേണം. അതിന് കഴിഞ്ഞില്ലെങ്കിൽ അത് നമ്മുടെ സിസ്റ്റ‌ത്തിന്റെ പരാജയമാണ്. ചില മനുഷ്യർക്ക് ഇത്രയും ക്രൂരത കാണിക്കാൻ എങ്ങനെ കഴിയുന്നു എന്നും, മറ്റുള്ളവരെ ദ്രോഹിക്കാൻ അവർ ഏത് അറ്റം വരെയും പോകുമെന്നും ഇത് നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു. ഈ സിനിമയുടെ മുഴുവൻ ടീമിനും എൻ്റെ എല്ലാവിധ പിന്തുണയും ഞാൻ അറിയിക്കുന്നു.”- വിജയ് ദേവര്കൊണ്ട് കുറിച്ചു.

സംഭവത്തെ അപലപിച്ച് തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങൾ വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ചിരഞ്ജീവി, സൂര്യ, ശിവകാർത്തികേയൻ, കാർത്തി, വിശാൽ തുടങ്ങിയവർ പൈറസിക്കെതിരെ ശക്തമായി സംസാരിക്കുകയും വിജയ്‌യുടെ അവസാന ചിത്രത്തെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.

‘ജനനായക’നുമായി ബന്ധപ്പെട്ട ലീക്കായ ഏതെങ്കിലും ഉള്ളടക്കം ഒരു കാരണവശാലും ഏതെങ്കിലും ഡിജിറ്റൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ഡൗൺലോഡ് ചെയ്യുകയോ, സ്വീകരിക്കുകയോ, സേവ് ചെയ്യുകയോ, ഫോർവേഡ് ചെയ്യുകയോ, ഷെയർ ചെയ്യുകയോ, പ്രചരിപ്പിക്കുകയോ ചെയ്യരുത് എന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ടെസ്റ്റ് സ്ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് പുറത്തുവന്നത്. സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ കാണാം.