
ആട് 3യിൽ നിഖില വിമലിന്റെ ഐറ്റം ഡാൻസ് ഉണ്ടാകുമെന്ന വാർത്തകളോട് പ്രതികരിച്ച് നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ വിജയ് ബാബു. നിഖില വിമലിനെപ്പോലെ ഇത്ര നല്ലൊരു നടിയെ കൊണ്ടു വന്ന് ഐറ്റം ഡാന്‍സ് കളിപ്പിച്ചിട്ട് വിടുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു വിജയ് ബാബുവിന്റെ മറുപടി. കൂടാതെ ചിത്രത്തിന്റെ ട്രയിലർ ലോഞ്ച് ഉടനെ ഉണ്ടാകുമെന്നും, അത് കഴിഞ്ഞിട്ട് മാധ്യമങ്ങളെ കാണുമ്പോൾ കൂടുതൽ വിവരം നൽകാമെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”നിഖില വിമല്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ പ്രസ് കോണ്‍ഫറന്‍സില്‍ കാണാമെന്ന്. നിഖില വിമല്‍ മലയാളത്തിലെ എല്ലാവരും ഇഷ്ടപ്പെടുന്ന നല്ല നടിമാരില്‍ ഒരാളാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ സിനിമകളില്‍ ചെറുതും വലതുമായ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആട് പോലൊരു സിനിമയില്‍ നിഖില വിമലിനെപ്പോലെ ഇത്ര നല്ലൊരു നടിയെ കൊണ്ടു വന്ന് ഐറ്റം ഡാന്‍സ് കളിപ്പിച്ചിട്ട് വിടുമെന്ന് തോന്നുന്നുണ്ടോ.? ” വിജയ് ബാബു ചോദിച്ചു.
”ഇത് എവിടുന്നാണെന്ന് വന്നതെന്നറിയില്ല. അതിന് കുറിക്കു കൊള്ളുന്ന ഉത്തരം നിഖില തന്നെ തന്നിട്ടുണ്ട്. ഞാന്‍ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞോളാമെന്ന്. എന്തായാലും അത് അവിടെ നില്‍ക്കട്ടെ. എന്തായാലും ഉടനെ തന്നെ ട്രെയിലര്‍ ലോഞ്ചുണ്ട്. അത് കഴിഞ്ഞ മാധ്യമങ്ങളെക്കാണും. അപ്പോള്‍ പറയാം. അതുവരെ ഇങ്ങനെയങ്ങ് പോകട്ടെ.” വിജയ് ബാബു കൂട്ടിച്ചേർത്തു.
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് ത്രീ. തിയേറ്ററില്‍ പരാജയപ്പെടുകയും, പിന്നീട് കള്‍ട്ടാവുകയും ചെയ്ത ആദ്യ ഭാഗത്തിനും, ബോക്‌സ് ഓഫീസ് ഇളക്കിമറിച്ച രണ്ടാം ഭാഗത്തിനും ശേഷമെത്തുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ആട് ത്രീ ടൈം ട്രാവല്‍ ചിത്രമാണെന്നാണ് കരുതപ്പെടുന്നത്. പാപ്പന്റേയും സംഘത്തിന്റേയും ഭൂതം, ഭാവി, വര്‍ത്തമാന കാലങ്ങളിലൂടേയുള്ള യാത്രയായിരിക്കും ചിത്രമെന്ന സൂചനയാണ് ക്യാരക്ടര്‍ പോസ്റ്ററുകള്‍ നല്‍കിയത്.