മകളുടെ മരണം, ഹൃദയം തകര്‍ന്ന് വിജയ് ആന്റണി…

”ജീവിതത്തില്‍ നിങ്ങള്‍ക്ക് എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആത്മഹത്യ ചെയ്യരുത്. കുഞ്ഞുങ്ങളുടെ കാര്യം ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നും. എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തതാണ്. എനിക്ക് ഏഴ് വയസ്സും, എന്റെ സഹോദരിക്ക് അഞ്ച് വയസ്സ്. അതിനുശേഷം എന്റെ അമ്മ ജീവിതത്തില്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.”നടന്‍ വിജയ് ആന്റണിയുടെ വാക്കുകളാണിത്. ഏഴാം വയസ്സില്‍ സ്വന്തം അച്ഛനെ നഷ്ടപ്പെട്ട ആ മകന് ഇന്ന് സ്വന്തം മകളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വിജയ് ആന്റണിയുടെ മകള്‍ മീരയെ പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മാനസിക സമ്മര്‍ദം മൂലമാണ് മീര ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയുന്നു. ജീവിതത്തില്‍ തനിയെ പോരാടി ഇവിടെ വരെ എത്തിയ വ്യക്തിത്വമാണ് വിജയ് ആന്റണി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും അനുകരിക്കാനും ഒരുപാട് പേര്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ ചെറുപ്പത്തില്‍ തന്നെ ആത്മഹത്യയുടെ ആഘാതം എന്തെന്ന് അനുഭവിച്ചറിഞ്ഞുതുകൊണ്ട് തന്നെ പല അഭിമുഖങ്ങളിലും അദ്ദേഹം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു.

ഈ അടുത്തും യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ വരുന്ന ആത്മഹത്യ പ്രവണതകളുടെ കാരണങ്ങളെക്കുറിച്ച് ഒരഭിമുഖത്തില്‍ അദ്ദേഹം സംസാരിച്ചിരുന്നു. ”പൈസയുടെ ബുദ്ധിമുട്ടുകൊണ്ടാണ് കൂടുതല്‍ ആളുകള്‍ക്കും ഇങ്ങനെയൊരു ചിന്ത വരുന്നത്. ജീവിതത്തില്‍ ഏറ്റവുമധികം വിശ്വാസം വച്ചിരുന് ഒരാള്‍ ചതിച്ചാല്‍ ചിലര്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ തോന്നാം. കുട്ടികളുടെ കാര്യത്തില്‍ പഠനം മൂലമുണ്ടാകുന്ന അധിക സമ്മര്‍ദമാണ് കാരണം. കുട്ടികള്‍ സ്‌കൂളില്‍ നിന്നും വന്നു കഴിഞ്ഞാല്‍ ഉടനെ ട്യൂഷന് പറഞ്ഞ് അയയ്ക്കുകയാണ്. അവര്‍ക്കു ചിന്തിക്കാന്‍ പോലും സമയം കൊടുക്കുന്നില്ല. കുറച്ച് അവരെ ചിന്തിക്കാന്‍ വിടണം. പിന്നെ കുറച്ച് മുതിര്‍ന്നവരോട് പറയാനുള്ളത്, മറ്റുള്ളവരുടെ വിജയത്തെയും പണത്തെയും കുറിച്ച് ചിന്തിക്കാതെ സ്വയം സ്‌നേഹിക്കാന്‍ സാധിക്കുകയാണെങ്കില്‍ അതാകും സന്തോഷം തരുന്ന കാര്യം.”വിജയ് ആന്റണിയുടെ വാക്കുകള്‍.