തമിഴനെ പിന്തുണയ്ക്കാത്ത തമിഴനോ..? രജനീകാന്തിനെതിരെ വിജയ്‌യുടെ പിതാവ്

രജനികാന്തിനെതിരെ വിമര്‍ശനവുമായി വിജയ്‌യുടെ പിതാവ് എ.എ ചന്ദ്രശേഖര്‍. രജനീകാന്തും കമല്‍ ഹാസനും രാഷ്ട്രീയത്തില്‍ ഒന്നിക്കണമെന്ന് ചന്ദ്രശേഖര്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ അതില്‍ ഖേദിക്കുന്നുവെന്നും രജനികാന്ത് പുറത്തുനിന്നു വന്ന ഒരാളാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ഐബി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘വോട്ടുകള്‍ ഏകീകരിക്കപ്പെടുമ്പോള്‍ അവരുടെ ഐക്യം രാഷ്ട്രീയത്തില്‍ സഹായിക്കുമെന്ന് എനിക്ക് തോന്നിയതിനാലാണ് ഞാന്‍ അവരെ പിന്തുണച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചില മാറ്റങ്ങള്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍, അവര്‍ തമിഴരെക്കുറിച്ച് സംസാരിക്കുന്നതിനാല്‍ അവരുടെ സഖ്യത്തിലൂടെ മാറ്റം സംഭവിക്കുമെന്ന് എനിക്ക് തോന്നി. എന്നാല്‍ തമിഴ് നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെ രജനികാന്ത് കണ്ണടയ്ക്കുകയാണെന്ന്’ അദ്ദേഹം പറഞ്ഞു.

‘തമിഴ്‌നാട് എനിക്ക് എല്ലാം തന്നിട്ടുണ്ട്, അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു നടന്ന വ്യക്തി (രജനീകാന്ത്) തമിഴ് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. മറ്റ് വ്യക്തികള്‍ (കമല്‍) ഇതിനോട് പ്രതികരിക്കുന്നില്ല. വിജയ്‌യ്ക്ക് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ രജനികാന്തും കമല്‍ ഹാസനും തന്റെ മകനെ പിന്തുണയ്ക്കാതിരുന്നതില്‍ ചന്ദ്രശേഖര്‍ നിരാശ പ്രകടിപ്പിച്ചു. ഒരു തമിഴന്‍ ഒരു പ്രശ്‌നം അഭിമുഖീകരിക്കുമ്പോള്‍ അവന് പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകത മറ്റൊരു തമിഴന്‍ മനസിലാക്കും. രജനികാന്ത് പുറത്തു നിന്ന് വന്ന ഒരാളാണെന്നും അതുകൊണ്ടാണ് അത് മനസിലാകാത്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.

രജനീകാന്ത് ജന്മനാ ഒരു മറാഠിയാണ്, സിനിമകളില്‍ അഭിനയിക്കാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനായി ചെന്നൈയിലെത്തുന്നതിനുമുമ്പ് കര്‍ണാടകയില്‍ വളര്‍ന്നു. തമിഴ്‌നാട്ടിലെ വിമര്‍ശകരും രാഷ്ട്രീയ നേതാക്കളും രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതുമുതല്‍ അദ്ദേഹത്തെ ആക്രമിക്കുന്നതിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു അത്.

തമിഴ് ജനതയെ ബാധിക്കുന്ന വിഷയത്തില്‍ വിജയ് എപ്പോഴും പ്രതികരിച്ചിട്ടുണ്ടെന്നും അവര്‍ക്കൊപ്പം നിന്നിട്ടുണ്ടെന്നും ചന്ദ്രശേഖര്‍ അവകാശപ്പെട്ടു. ‘തൂത്തുക്കുടി വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ എന്റെ മകന്‍ ന്ദര്‍ശിച്ചിരുന്നു. രാത്രിയില്‍ രഹസ്യമായി ആരേയും അറിയിക്കാതെ ബൈക്കിലാണ് അവന്‍ സ്ഥലത്തേക്ക് പോയത്.’ ഇരകളെ സന്ദര്‍ശിച്ചതിന് ശേഷം രജനീകാന്ത് നടത്തിയ അഭിപ്രായത്തെക്കുറിച്ചും അദ്ദേഹം പരിഹസിച്ചു.