
വെട്രിമാരൻ-ചിമ്പു ചിത്രം അരസനിൽ നടൻ വിജയ് സേതുപതിയും ഉണ്ടാകുമെന്ന് അറിയിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. നടന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിടുതലൈയ്ക്ക് ശേഷം വീണ്ടും വെട്രിമാരനൊപ്പം ഒന്നിക്കുകയാണ് വിജയ് സേതുപതി. വിജയ് സേതുപതിയുടെ മകൻ സൂര്യയും സിനിമയുടെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2018ൽ പുറത്തിറങ്ങിയ വട ചെന്നൈയുടെ ആദ്യ ഭാഗമാണ് ചിത്രമെന്നാണ് വിവരം. ചിമ്പു ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ് എത്തുകയെന്നാണ് നേരത്തെ ഇറങ്ങിയ പ്രോമോ വിഡിയോ നൽകുന്ന സൂചന. സിമ്പു-അനിരുദ്ധ്-വെട്രിമാരൻ കോമ്പോ ഒന്നിക്കുന്ന ആദ്യ സിനിമയാണ് അരസൻ. ചിത്രത്തിൽ സാമന്ത ആണ് നായിക എന്നാണ് മറ്റൊരു റിപ്പോർട്ട്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. കയ്യിൽ ഒരു വടിവാളും പിടിച്ച് ചോരയിൽ കുളിച്ച് നിൽക്കുന്ന സിമ്പുവിന്റെ ഒരു പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.
അരസന്റെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. അനിരുദ്ധ് രവി ചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. വട ചെന്നൈയെപ്പോലെ തന്നെ ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രമായിരിക്കും അരസൻ. മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ധനുഷിന് പുറമെ ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.