
മലയാള സിനിമാ ലോകത്തിന് ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മുതിർന്ന നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ- ) അന്തരിച്ചു. 90 വയസ്സായിരുന്നു. ബുധനാഴ്ച പുലർച്ചെ 1.30-ന് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമാ ചരിത്രത്തിലെ തന്നെ ആദ്യകാല വിതരണക്കാരിൽ പ്രമുഖനായ എൻ.എക്‌സ്. ജോർജിന്റെ മകനാണ് എൻ.ജി. ജോൺ എന്ന ജിയോ കുട്ടപ്പൻ. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച സംസ്കരിക്കും. ഇടപ്പള്ളി പൈപ്പ്ലൈൻ റോഡിലുള്ള തോപ്പിൽ മേരി ക്യൂൻസ് പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
മലയാളത്തിലെ ആദ്യകാല നിർമാണ-വിതരണ കമ്പനികളിലൊന്നായ ജിയോ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് അദ്ദേഹം ശ്രദ്ധേയമായ സിനിമകൾ ഒരുക്കിയിരുന്നത്.
സംവിധായകൻ ഐ.വി. ശശിയുമൊത്തുള്ള കൂട്ടുകെട്ടാണ് ജിയോ കുട്ടപ്പന്റെ സിനിമാ ജീവിതത്തിൽ ഏറെ ശ്രദ്ധേയമായത്. ‘ഇനിയും പുഴയൊഴുകും’, ‘ഏഴാം കടലിനക്കരെ’, ‘മീൻ’, ‘ഇന്നല്ലെങ്കിൽ നാളെ’, ‘ഈനാട്’, ‘ഇനിയെങ്കിലും’, ‘ഇത്രയും കാലം’ തുടങ്ങി ഐ.വി. ശശിയുടെ ഒട്ടുമിക്ക വമ്പൻ ഹിറ്റുകളും ഈ ബാനറിലാണ് പിറന്നത്. ഇതിനുപുറമെ, സംവിധായകൻ മണിരത്നം മോഹൻലാൽ, സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ പ്രശസ്ത മലയാള ചിത്രം ‘ഉണരൂ’ നിർമിച്ചതും അദ്ദേഹമാണ്. ജെ. ശശികുമാർ സംവിധാനം ചെയ്ത ‘മിനിമോൾ’, എം. കൃഷ്ണൻ നായരുടെ ‘രജനീഗന്ധി’, ഭദ്രൻ ഒരുക്കിയ ‘ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ’ തുടങ്ങിയവയാണ് അദ്ദേഹം നിർമിച്ച മറ്റു പ്രധാന ചിത്രങ്ങൾ.