
വിജയ്‌യെ നായകനാക്കി ഒരുക്കിയ ‘ദി ഗോട്ട്’ എന്ന സയൻസ് ഫിക്ഷൻ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയനെ നായകനാക്കി പുതിയ സിനിമ എടുക്കാനൊരുങ്ങി വെങ്കട്ട് പ്രഭു. ശിവകാർത്തികേയനെ നായകനാക്കിയാണ് വെങ്കട്ട് പ്രഭു അടുത്ത സിനിമയൊരുക്കുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. സയൻസ് ഫിക്ഷൻ ഴോണറിൽ ടൈം ട്രാവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയൊരുങ്ങുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി
മങ്കാത്ത, ദി ഗോട്ട്, മാനാട് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനാണ് വെങ്കട്ട് പ്രഭു. സംവിധായകന്റെ സിനിമകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിലുള്ളത്. വിജയ്‌യെ നായകനാക്കി ഒരുക്കിയ ‘ദി ഗോട്ട്’ എന്ന സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ് അവസാനമായി വെങ്കട്ട് പ്രഭുവിന്റേതായി തിയേറ്ററിലെത്തിയ സിനിമ. ദി ഗോട്ട് സമ്മിശ്ര പ്രതികരണം ആണ് സ്വന്തമാക്കിയതെങ്കിലും ബോക്സ് ഓഫീസിൽ നിന്ന് വലിയ കളക്ഷനാണ് നേടിയത്. ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കിവെച്ചാണ് സിനിമ അവസാനിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഗോട്ട് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും 400 കോടിക്ക് മുകളിൽ നേടി വലിയ വിജയമാണ് ദി ഗോട്ട് സ്വന്തമാക്കിയത്. 455 കോടിയാണ് ലോകമെമ്പാടും നിന്നുള്ള ചിത്രത്തിന്റെ കളക്ഷൻ. തമിഴ്നാട്ടിൽ നിന്ന് മാത്രം 220 കോടിക്കടുത്ത് ചിത്രം നേടി. കഴിഞ്ഞ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമാണ് ഗോട്ട്. വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റർടെയിന്മെന്റിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.