
ഡി.സി യുടെ പ്രശസ്ത കഥാപാത്രമായ ജോക്കറിനെ ആസ്പദമാക്കി ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘ജോക്കര്‍’ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. 76ാമത് വെനീസ് ഫിലിം ഫെസ്റ്റിവലിലെ ‘ഗോള്‍ഡണ്‍ ലയണ്‍’ പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയനില്‍ നിന്ന് ‘ജോക്കറി’ലേക്കുള്ള ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ദി ഹാംഗ് ഓവര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ടോഡ് ഫിലിപ്‌സ്. മൂന്ന് തവണ അക്കാദമി അവാര്‍ഡ് നോമിനേഷന്‍ ലഭിച്ച ജൊവാക്വിന്‍ ഫീനിക്‌സാണ് ജോക്കറില്‍ ഐതിഹാസിക വില്ലന് വീണ്ടും ജീവന്‍ പകരുന്നത്. എണ്‍പതുകളില്‍ പുറത്തിറങ്ങിയ മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ദി കിംഗ് ഓഫ് കോമഡിയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ഫിലിപ്‌സ് ജോക്കര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബറില്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും.
ഫിലിം ഫെസ്റ്റിവലില്‍ ‘ആന്‍ ഓഫീസര്‍ ആന്‍ഡ് എ സ്‌പൈ’ എന്ന ചിത്രത്തിന് റോമന്‍ പൊളാന്‍സ്‌കി മികച്ച സംവിധായകനുള്ള ഗ്രാന്‍ഡ് ജൂറി പ്രൈസ് നേടി. കടുത്ത മത്സരത്തിനൊടുവില്‍ ലൂക്കാ മാരിനെല്ലി ജൊവാക്വിന്‍ ഫീനിക്‌സിനെ മറികടന്ന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ജാക് ലണ്ടന്‍ നോവലിനെ അവംലബിച്ച് തയ്യാറാക്കിയ ‘മാര്‍ട്ടിന്‍ ഈഡനിലെ’ പ്രകടനമാണ് മാരിനെല്ലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ‘ഗ്ലോറിയ മുണ്ടി’ നടി അരിയാന അസ്‌കാര്‍ഡിയാണ് മികച്ച അഭിനേത്രി. മികച്ച സംവിധായകനുള്ള സില്‍വര്‍ ലയണ്‍ റോയ് ആന്‍ഡേഴ്‌സണ്‍ (എബൗട്ട് എന്‍ഡ്‌ലെസ്) കരസ്ഥമാക്കി.