‘വെള്ള’ത്തില്‍ നിന്ന് ‘ജീവിത’ത്തിലേക്കൊഴുകാം…

ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ചിത്രം വെള്ളം തിയേറ്ററുകളിലെത്തിയിരിക്കുന്നു. 318 ദിവസങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ മലയാള ചിത്രമാണ് വെള്ളം. കണ്ണൂര്‍ ഗ്രാമീണ പശ്ചാതലത്തിലൊരുക്കിയ ചിത്രം സാമൂഹ്യ പ്രസക്തിയുള്ള മദ്യാപാനാസക്തിയെ കുറിച്ചാണ് പറയുന്നത്. സാധാരണക്കാരന്റെ ജീവിതത്തില്‍ മദ്യം വില്ലനാകുന്ന അവസ്ഥ അതിതീക്ഷ്ണമായി തന്നെ ചിത്രത്തിലവതരിപ്പിക്കാന്‍ സംവിധായകനായിട്ടുണ്ട്.

വി.പി സത്യന്‍ എന്ന ഫുട്‌ബോള്‍ പ്രതിഭയുടെ ജീവിതകഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം വെള്ളം എന്ന ചിത്രത്തിലെത്തിനില്‍ക്കുമ്പോള്‍ സംവിധായകന് മികച ദൃശ്യാനുഭവത്തിനൊപ്പം ജീവിത സന്ദേശം കൂടെ നല്‍കാനായിട്ടുണ്ട്. കണ്ണൂരിലെ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന് ജീവിതഗന്ധിയായ വൈകാരികനിമിഷങ്ങളുടെ തുടര്‍ച്ച നല്‍കാനായതാണ് ചിത്രത്തിന്റെ വിജയം. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാകാന്‍ ‘മുരളി’ എന്ന കഥാപാത്രത്തിലൂടെ ജയസൂര്യയ്ക്കായിട്ടുണ്ട്. സ്ഥിരമായി സിനിമാരംഗങ്ങളില്‍ കണ്ടുവരുന്ന മദ്യപാനികളുടെ പതിവ് മാനറിസങ്ങള്‍ക്കുമപ്പുറം മദ്യപാനം എന്ന അസുഖം പിടിപ്പെട്ട കഥാപാത്രമായി ആദ്യാവസാനം ജയസൂര്യ ഗംഭീരപ്രകടനമാണ് കാഴ്ച്ചവെച്ചത്. ചിത്രത്തിനൊപ്പം പ്രേക്ഷകനെ കൂട്ടികൊണ്ടുപോകുന്ന പ്രധാന ഘടകം ജയസൂര്യയുടെ പ്രകടനം തന്നെയാണ്. സിങ്ക് സൗണ്ട് ഉള്‍പ്പെടെയുള്ള സാങ്കേതികതികവും ചിത്രത്തിലെ രംഗങ്ങള്‍ക്ക് മിഴിവേകുന്നുണ്ട്.

ഒരു യഥാര്‍ത്ഥ സംഭവകഥയെ ചലച്ചിത്രമാക്കുമ്പോള്‍ സ്വീകരിക്കേണ്ട സൂക്ഷ്മതയാണ് ചിത്രത്തിന്റെ പ്രത്യേകതയായി തോന്നിയത്. വി.പി സത്യന്‍ എന്ന പ്രതിഭയില്‍ നിന്നും ‘മുരളി നമ്പ്യാര്‍’ എന്ന സാധാരണ കണ്ണൂരുകാരന്റെ കഥയിലേക്കെത്തി നില്‍ക്കുമ്പോഴും ഈ കയ്യടക്കം കാണിക്കാന്‍ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും പ്രജേഷ് സെന്നിന് കഴിഞ്ഞിട്ടുണ്ട്. സ്വാഭാവിക സംഭവങ്ങളോട് നീതി പുലര്‍ത്തുന്നതിനൊപ്പം, ഏച്ചുകെട്ടലുകളോ കൃത്രിമത്വമോ ഇല്ലാതെ പച്ചയായി തന്നെ കഥ പറയുന്ന ശൈലി പ്രജേഷിന്റെ പ്രത്യേകതയായി അനുഭവപ്പെട്ടു. കഥയ്ക്കായി സിനിമാറ്റിക് എലമെന്റുകള്‍ക്കു പിറകേ പോകുന്നതിനുമപ്പുറം നമുക്കുചുറ്റും കഥാപാത്രങ്ങളും സിനിമകളും ചിതറികിടപ്പുണ്ട് എന്ന് വെള്ളം കാണിച്ചു തരുന്നു. അത്തരം കാഴ്ച്ചകളെ ഒതുക്കത്തോടെ വെള്ളിത്തിരയിലെത്തിക്കാം എന്ന പ്രജേഷ് സെന്നിന്റെ ആത്മവിശ്വാസം തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നു. സിനിമ സ്വ്പ്‌നം കാണുന്നവര്‍ക്ക് മാതൃകയാക്കാവുന്ന ചലച്ചിത്രാഖ്യാനരീതി കൂടെയാണ് വെള്ളത്തിലൂടെ സംവിധായകന്‍ മുന്നോട്ട് വെയ്ക്കുന്നത്

സ്വാഭാവിക കാഴ്ച്ചകളാല്‍ ഛായാഗ്രഹണം റോബി വര്‍ഗീസ് മനോഹരമാക്കിയപ്പോള്‍ ചിത്രത്തിന് ജീവന്‍ നല്‍കിയത് ബിജിബാലിന്റെ സംഗീതമാണ്. എഡിറ്റിംഗ് ബിജിത്ത് ബാലയാണ് നിര്‍വ്വഹിച്ചത്. ഹരിനാരായണന്‍, നിധീഷ് നടേരി, ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികളും കൃത്യമായ ഇടവേളകളില്‍ ചിത്രത്തിന് കരുത്തായി. മദ്യപാനാസക്തിയെന്നത് അസുഖമാണെന്നും അതിന് മരുന്ന് മാത്രമല്ല സ്‌നേഹം കൂടെയാണ് ചികിത്സയെന്നും ഈ ചിത്രം കാണിച്ചു തരുന്നു. മദ്യപാനികളോട് സമൂഹവും കുടുംബവും കാണിക്കേണ്ടുന്ന കരുതലും അല്ലെങ്കില്‍ അവരെ സ്വയം തിരിച്ചറിവിലേക്കെത്തിക്കുന്നതില്‍ സമൂഹത്തിന്റേയും കുടുംബത്തിന്റേയും പങ്കും ചിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അപമാനം നിക്ഷേപമാക്കി ജീവിതമാകുന്ന ലഹരി നുകരാന്‍ പ്രേരിപ്പിച്ച് കൊണ്ട് ഓരോ മനുഷ്യനും പാഠമാകേണ്ടുന്ന കാഴ്ച്ചകള്‍ സമ്മാനിച്ചാണ് വെള്ളം ഒഴുകുന്നത്.