20 വര്‍ഷങ്ങള്‍ക്കുശേഷം സംവിധായകന് വിനയന് ആകാശ ഗംഗയിലൂടെ പുതിയ ഭാവങ്ങളുമായെത്തിയപ്പോള് ഒരു പുതിയ താരനിരയും ചിത്രത്തെ സവിശേഷമാക്കി. അന്ന് ദിവ്യ ഉണ്ണിയും മയൂരിയും മനോഹരമാക്കി അവതരിപ്പിച്ച വേഷത്തിന് ഇന്ന് തുടര്ച്ചക്കാരിയായെത്തിയത് യുവനടി വീണാ നായരാണ്. ടിക് ടോക്ക് താരമായ വീണ സിനിമയിലെത്തിയത് കഴിവ് കൊണ്ടും എല്ലാത്തിലുമുപരി നിമിത്തം കൊണ്ടുമാണ്. മുത്തശ്ശി പറഞ്ഞിരുന്ന പ്രേതകഥകള്‍ വീണയിലുയര്ത്തിയ കൗതുകം ഒടുവില്‍ ആകാശ ഗംഗയിലെ മായയുടെ പിന്മുറക്കാരിയായിച്ചെന്നവസാനിച്ചത് ചിലപ്പോള്‍ യാദൃശ്ചികതയാവാം. തെന്നിന്ത്യന്‍ നടി രമ്യ കൃഷ്ണന്, മലയാള സിനിമയിലെ മുന്‍നിരതാരങ്ങളായ സലീം കുമാര്‍, ഹരീഷ് കണാരന്, ഹരീഷ് പേരടി, ശ്രീനാഥ് ഭാസി, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം വെള്ളിത്തിര പങ്കിട്ട് ആദ്യ ചിത്രത്തില്‍ തന്നെ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ഈ യുവതാരം. എല്ലാ അര്‍ത്ഥത്തിലും ഒരു നടിയാവണം എന്ന ആശയം മനസ്സിലുള്ളത് കൊണ്ടായിരിക്കാം വീണ തല്ക്കാലം വന്നിരിക്കുന്ന പുതിയ അവസരങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കാത്തത്. ബോംബെ ജീവിതത്തിന്റെ ഇടനാഴിയില്‍ നിന്ന് തലമുറകളവശേഷിക്കുന്ന നാട്ടിലെ മുല്ലപ്പടര്പ്പിലേക്ക് വീണ തിരിച്ചെത്തിയപ്പോള്‍, മനസ്സില്‍ കണ്ടിരുന്നത് മണിച്ചിത്രത്താഴിലെ തന്റെ ഇഷ്ട വേഷമായ നാഗവല്ലിയുടെ നിഗൂഢതകളാണ്. ഇന്ന് തന്റെ ചിത്രം പൂര്‍ത്തിയാക്കി, ഒരുമികച്ച സിനിമ സമ്മാനിച്ച് ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ വീണ സെല്ലുലോയ്ഡിനൊപ്പം തന്റെ വിശേഷങ്ങളുമായി ചേരുകയാണ്…
- ആകാശഗംഗ 2 തിയേറ്ററുകളിലെത്തി മികച്ച വിജയത്തോടെ പ്രദര്‍ശനം തുടരുകയാണ്. എന്താണ് തോന്നുന്നത്…?
വളരെയധികം സന്തോഷമുണ്ട്.. കാരണം ഒരിക്കലും ഞാന്‍ സിനിമയില്‍ കയറാന്‍ പറ്റും, ഇങ്ങനെ ചാന്‍സ് കിട്ടും എന്നൊന്നും പ്രതീക്ഷിച്ചിട്ടില്ല. അങ്ങനെയുള്ള എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ അതൊരു വലിയ ഭാഗ്യമായി കണക്കാക്കുന്നു.
- ആദ്യ സിനിമയില്‍ തന്നെ മലയാളത്തിലെ വണ്‍ ഓഫ് ദി ലെജന്‍ഡറി ഡയറക്ടേഴ്സായ വിനയന് സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതിനേക്കുറിച്ച്…?
പേടിയുണ്ടായിരുന്നു. ‘ടിക് ടോക് ചെയ്യുന്ന ഒരു കുട്ടിയെ ഡയറക്ട് സിനിമയിലേക്ക് വിളിക്കുക’ എന്ന് പറയുമ്പോള്‍ എന്തായാലും പേടിയുണ്ടാകും. അതിന് മുമ്പ് ഞാന്‍ ഷോര്‍ട്ട് ഫിലിം അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. അതിലാണെങ്കിലും ചെറിയ വേഷങ്ങളായിരുന്നു. ഒരു സിനിമ എന്ന് പറയുന്നത് എന്റയര്‍ലി ഡിഫ്രണ്ടാണല്ലോ..? വിനയന് സാറാണെങ്കിലും സെറ്റിലുള്ളവരുമെല്ലാം നല്ല സപ്പോര്‍ട്ടായിരുന്നു. അതുകൊണ്ട് നന്നായി തന്നെ ചെയ്യാന്‍ പറ്റി.
- 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നത്. ആദ്യമായി സ്ക്രിപ്റ്റ് കേട്ടപ്പോള്‍ എന്താണ് തോന്നിയത്…?
ആദ്യമായി സ്ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ എനിക്ക് ഈ വേഷം ചെയ്യണമെന്നുണ്ടായിരുന്നു. ആകാശ ഗംഗ വണ്‍ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ്. എല്ലാവരും വളരെ റെസ്പെക്ടോടെ കാണുന്ന പേടിപ്പെടുത്തുന്ന ഒരു സിനിമയായിരുന്നു അത്. ഫസ്റ്റ് പാര്‍ട്ടില്‍ മയൂരി ചേച്ചി, ദിവ്യ ഉണ്ണി ചേച്ചിയൊക്കെ വളരെ ത്രില്ലിങ്ങായ പെര്‍ഫോമന്‍സുകള്‍ നല്കിയ ഒരു സിനിമയാണ്. മയൂരിചേച്ചിയുടെ ഒരു പ്രേതം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നാണ് ഈ സിനിമയില്‍ പറയുന്നത്. ഈ ഭാഗത്തില്‍ ദിവ്യ ഉണ്ണിചേച്ചിയുടെ മകളായാണ് ഞാനെത്തുന്നത്. നിരീശ്വരവാദിയായ ഒരാളാണ് എന്റെ കഥാപാത്രം, അപ്പോള്‍ ആദ്യമായി ശരിക്കും ഒരു പ്രേതത്തെ കാണുമ്പോള്‍ എന്താണ് ഈ കുട്ടി ചെയ്യുക, പേടിക്കുമോ, അങ്ങനെയുള്ള ഈ കുട്ടിയുടെ ഭാവങ്ങളാണ് ഈ ചിത്രത്തില്‍ കാണിക്കുന്നത്.
- എങ്ങനെയാണ് ആകാശഗംഗ 2 ലേക്ക് എത്തുന്നത്…?
വിനയന് സാര്‍ കാസ്റ്റിങ്ങ് നോക്കുന്നതറിഞ്ഞ് എന്നെ പഠിപ്പിക്കുന്ന റോയ് എന്ന് പറയുന്ന സാറാണ് എന്റെ വീഡിയോസും ഫോട്ടോസുമൊക്കെ അയച്ച് കൊടുക്കാന്‍ പറഞ്ഞത്. സത്യത്തില്‍ ഞാന്‍ ഒരു ഓഡീഷനുപോലും പോയിട്ടില്ല. സിനിമയില്‍ ചേരുന്നത് പോലും അപ്രതീക്ഷിതമായിട്ടാണ്. ഞാന്‍ എല്ലാം അയച്ച് കൊടുത്തപ്പോള്‍ വിനയന് സാറിന്റെ കോള്‍ വന്നു. കുറച്ചുകൂടി വീഡിയോസും ഫോട്ടോസും കൂടി അയച്ചുകൊടുക്കാനായി പറഞ്ഞു. പക്ഷെ അപ്പോഴും എന്നെ സെലക്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. പിന്നീട് ഞാനും അച്ഛനും കൂടി സാറിനെ കാണാന്‍ പോയി. അവിടെ വെച്ച് എന്നെ ഓരോ സീനുകളൊക്കെ ചെയ്യിപ്പിച്ചു.
- എങ്ങനെയുണ്ടായിരുന്നു വിനയന് സാറിന്റെ പരിചയപ്പെടല്‍…?
സാര്‍ വളരെ ഫ്രണ്ട്ലിയായിരുന്നു പിന്നെ ഭയങ്കര ഫ്രാങ്കായിരുന്നു. ”എനിക്ക് ഒരുപാട് ശത്രുക്കളൊക്കെയുണ്ട്”, പക്ഷെ ഞാനെങ്ങനെയാണെന്ന് എനിക്കറിയാം, അങ്ങനെ കുറേ കാര്യങ്ങള്‍ സാര്‍ പറഞ്ഞു. പിന്നെ ഫുള്‍ സ്റ്റോറി എനിക്ക് പറഞ്ഞ് തന്നു. പാര്‍ട്ട് വണ്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു, അങ്ങനെ എന്നെ പരിചയപ്പെട്ട് അവിടുന്ന് തന്നെ രണ്ടു മൂന്ന് സീന്‍സ് ചെയ്യിപ്പിച്ചിട്ടാണ് എന്നെ സെലക്ട് ചെയ്തത്.
- വീണയെ ഒന്ന് പരിചയപ്പെടുത്താമോ…?
ഞാന്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. ഞാന്‍ അവിടെ തന്നെയാണ് പഠിക്കുന്നത്. ബിഎംഎസ് സ്റ്റുഡന്റാണ്. സിനിമക്കുവേണ്ടിയാണ് നാട്ടില്‍ വന്നത്.
- എന്തൊക്കെയാണ് വീണയുടെ മറ്റു ഹോബികള്‍…?
ഡാന്‍സ് ചെയ്യാറുണ്ട്. ഞാന്‍ ചെറിയ പ്രായത്തിലൊക്കെ ഭരതനാട്യം പഠിച്ചിട്ടുണ്ട്. അതുപോലെ സ്കൂളില്‍ ഫോക്ക് ഡാന്‍സൊക്കെ കളിക്കാറുണ്ടായിരുന്നു. നമുക്ക് ഒരു കൈകൊട്ടിക്കളി ടീം തന്നെയുണ്ട്. കോമ്പറ്റീഷന്സിലൊക്കെ പോകാറുണ്ട്. യൂത്ത് ഫെസ്റ്റിവല്സിലൊക്കെ പോകാറുണ്ട്.
- പ്രേതത്തില്‍ റോള്‍ ചെയ്യാനാണ് തന്നെ വിളിച്ചതെന്ന് കേട്ടപ്പോള്‍ എന്താണ് തോന്നിയത്…?
ശരിക്കും ഇതില്‍ പ്രേതത്തിന്റെ ഒരു ഗെറ്റപ്പ് എനിക്ക് വരുന്നില്ല. എനിക്ക് ബാധ കേറുന്ന ഒരു വേഷമാണ് ചെയ്യാനുള്ളത്. പ്രേതത്തിന്റെ റോള്‍ ചെയ്തത് ശരണ്യചേച്ചിയാണല്ലോ. എനിക്ക് ഇങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യാന്‍ വലിയ താല്‍പ്പര്യമാണ്. കാരണം ചെറുപ്പം മുതലേ എനിക്ക് ഇങ്ങനെയുള്ള കഥകള്‍ കേള്‍ക്കാന്‍ വലിയ താല്പ്പര്യമായിരുന്നു. അമ്മമ്മയൊക്കെ കാണാന്‍ വരുമ്പോള്‍ ഞാന്‍ ഇങ്ങനെയുള്ള കഥകള്‍ പറഞ്ഞ് തരാന്‍ പറയും. മനയില്‍ തന്നെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് ഞാന്‍ അടുത്തുള്ള വീടുകളിലൊക്കെ പോയി ചോദിച്ചു, ശരിക്കും ഇവിടെ ഇങ്ങനെ വല്ല സംഭവങ്ങളും നടന്നിരുന്നോയെന്ന് (ചിരിക്കുന്നു).
- യഥാര്‍ത്ഥ ജീവിതത്തില്‍ പ്രേതത്തെ വിശ്വാസമുണ്ടോ…? എന്തെങ്കിലും മറക്കാനാവാത്ത അനുഭവങ്ങളുണ്ടായിട്ടുണ്ടോ…?
ഞാന്‍ ചെറുതായിരിക്കുമ്പോഴുണ്ടായ ഒരനുഭവമാണ്. എനിക്ക് അന്ന് രാത്രി പഠിക്കുന്ന ശീലമില്ല. രാവിലെ നേരത്തെ ഒരു മൂന്ന് മണി, നാല് മണി ഒക്കെയാവുമ്പോഴാണ് ഞാന്‍ പഠിക്കാനിരിക്കുക. അമ്മയേയും കൂട്ടി, ഹാളില്‍ തന്നെയാണ് ഞാന്‍ കിടക്കാറ്. ആ സമയത്ത് ഞാന്‍ പ്രേതത്തെക്കുറിച്ച് പറയുന്ന പുസ്തകങ്ങളൊക്കെ വായിക്കുമായിരുന്നു. അതില്‍ നമ്മളെ പരിചയമുള്ള മരിച്ചുപോയവര്‍, നമ്മളെ കാണാന്‍ വരുന്നതായി ഞാന്‍ വായിച്ചിട്ടുണ്ട്. ഒരു ദിവസം ഞാന്‍ ഹാളിലിരിക്കുമ്പോള്‍, എന്നെ ആരോ തൊട്ടടുത്തുള്ള അടുക്കളയില്‍ നിന്ന് നോക്കുന്നത് പോലെ തോന്നി. പെട്ടെന്ന് എനിക്ക് തോന്നി അമ്മയായിരിക്കും എന്ന്, പക്ഷെ പിന്നീടാണ് ഞാന്‍ ശ്രദ്ധിക്കുന്നത് എന്റെയടുത്ത് തന്നെ അമ്മ കിടക്കുന്നത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. അപ്പോഴാണ് എനിക്ക് ഇതിലുള്ള വിശ്വാസമൊക്കെ കൂടിയത്.
- ഭാവി പരിപാടികള്‍, പുതിയ അവസരങ്ങള്‍…
തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നു. പക്ഷെ ഇപ്പോള്‍ ഞാനൊന്നും ചെയ്യാനുദ്ദേശിക്കുന്നില്ല. എന്റെ എക്സാം നടന്നുകൊണ്ടിരിക്കുകയാണ്. അതിന് തടസ്സമില്ലാത്ത അവസരങ്ങള്‍ വരുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും. ആദ്യം പഠനം പൂര്‍ത്തിയാക്കാനാണ് താല്‍പ്പര്യം.
- മുന്‍പ് ഇതുപോലെ കണ്ടിട്ടുള്ള എതെങ്കിലും പ്രേതകഥാപാത്രങ്ങള്‍ ഈ ചിത്രത്തിലെ റോളിനെ സ്വാധീനിച്ചിട്ടുണ്ടോ…? സ്വപ്ന വേഷത്തെക്കുറിച്ച്..
എനിക്ക് ശോഭനച്ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് ചേച്ചിയുടെ ഗ്രേസായാലും ആക്ടിങ്ങായാലും വളരെ ഇഷ്ടമാണ്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു ക്യാരക്ടറാണ് ചേച്ചിയുടെ മണിച്ചിത്രത്താഴിലെ റോള്‍. ഹിന്ദിയില്‍ ബൂല്‍ ബുലയ്യ ഇറങ്ങിയപ്പോള്‍ വിദ്യാ ബാലന് പോലും വിചാരിച്ചിട്ട് ചെയ്യാന്‍ സാധിക്കാത്ത റോളാണത്. ഒരു സ്വപ്ന വേഷം എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ഞാന്‍ ശോഭനച്ചേച്ചിയെ ഓര്‍ത്ത് വളരെ അഭിമാനിക്കുന്ന ഒരു റോളാണത്.
- എങ്ങനെയുണ്ടായിരുന്നു ആകാശ ഗംഗ ക്രൂവിനൊപ്പമുള്ള ഒരു എക്സ്പീരിയന്‍സ്…?
ഇതെന്റെ ആദ്യത്തെ സിനിമയായത് കൊണ്ട് തന്നെ എനിക്ക് ഷൂട്ടിങ്ങിനെപ്പറ്റിയൊന്നും ഒന്നുമറിയില്ലായിരുന്നു. ഇതിന്റെ ക്രൂ, പിറകിലുള്ള മറ്റ് ആള്ക്കാര് അങ്ങനെയൊക്കെ. പക്ഷെ ക്രൂവിലുള്ള എല്ലാവരും തന്നെ നല്ല സപ്പോര്‍ട്ടും ഗൈഡന്‍സും എനിക്ക് തന്നു. അസോസിയേറ്റായിരുന്ന റെബീഷേട്ടനായാലും പ്രകാശ് കുട്ടി ചേട്ടനായാലും എല്ലാവരും വളരെ ഫ്രണ്ട്ലിയായിരുന്നു. എനിക്ക് അതുകൊണ്ട് തന്നെ വളരെ സിമ്പിളായിരുന്നു.
- തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒരു സൂപ്പര്‍സ്റ്റാര്‍ ആക്ട്രസ്സാണ് രമ്യ കൃഷ്ണന്.എങ്ങനെയുണ്ടായിരുന്നു ആക്ടിങ്ങ് എക്സ്പീരിയന്‍സ്…?
ഞാന്‍ ആദ്യം കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഇത്രയും സുന്ദരിയായ, ഇത്രയും നല്ല പേഴ്സണാലിറ്റിയുള്ള ഒരു ആക്ട്രസ്സിനെ ഞാനാദ്യമായിട്ടാണ് കാണുന്നത്. അവര്‍ക്ക് നല്ല പ്രായം ഉണ്ട്. പക്ഷെ കണ്ടാല്‍ ഒരിക്കലും പറയില്ല. കാരണം അത്രയും ബ്യൂട്ടിഫുളായാണ് അവര്‍ അത് മെയ്ന്റെയ്ന്‍ ചെയ്തിരിക്കുന്നത്. ശരിക്കും ഒരു ദേവി മുമ്പില്‍ വന്ന് നില്‍ക്കുന്നത് പോലെ തോന്നും. അതില്‍ അവരുടെ പേരും സൗമിനി ദേവിയെന്നാണ്. ശരിക്കും ഒരു ഗോഡസ്സ് ക്യാരക്ടര്‍ തന്നെയാണ്. എന്നോട് വന്ന് സംസാരിക്കുകയും ചെയ്തു ‘പേരെന്താ..ഫസ്റ്റ് ടൈം ആണോ..?’ എന്നൊക്കെ ചോദിച്ചു. എനിക്ക് സത്യത്തില്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.
- എന്താണ് സിനിമയെപ്പറ്റി പ്രേക്ഷകരോട് പറയാനുള്ളത്…?
സിനിമക്ക് നല്ല റെസ്പോണ്‍സ് കിട്ടിയതില്‍ സന്തോഷമുണ്ട്. ഈ ചിത്രത്തില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ പറ്റിപ്പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. അടുത്ത പ്രാവശ്യം ഞാന്‍ എല്ലാം ശരിയാക്കുന്നുണ്ട്. ഒരുപാട് നന്ദി..
- ബോംബെ ജീവിതത്തെക്കുറിച്ച്…?
ബോംബെ ലൈഫ് എന്നുപറയുമ്പോള്‍ കേരളത്തിലെ ലൈഫുമായി ധാരാളം വ്യത്യാസമുണ്ട്. വ്യത്യസ്ഥമായ ആള്‍ക്കാരും വ്യത്യസ്ഥമായ ചിന്താഗതി, വ്യത്യസ്ഥമായ സ്റ്റൈല്‍ അങ്ങനെയാണല്ലോ. ഇവിടത്തേക്കാള്‍ കുറച്ച് മോഡേണ്‍ ചിന്താഗതിയുള്ള ആള്‍ക്കാരാണ് അവിടെ. ഇവിടെ ഞാന്‍ ഡബ്ബിങ്ങ് കഴിഞ്ഞ് തിരിച്ചുവരുന്നവഴിക്ക് അമ്മയോടൊപ്പം മരുന്ന് വാങ്ങാന്‍ കയറിതാണ്. അന്ന് രാത്രി പത്തുമണി ആയിട്ടേയുണ്ടായിരുന്നുള്ളുവെങ്കിലും ആള്‍ക്കാരുടെ കണ്ണേറ് കൊണ്ടുള്ള ബഹളമായിരുന്നു. മുംബൈയില്‍ ആ സമയത്തൊക്കെ പുറത്ത് പോയാലും വളരെ സെയ്ഫാണ്. എന്നാല്‍ ഇവിടെ ആറേഴ് മണിയായാലൊക്കെ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് പറയുന്നത്.