മതേതര ഇടം ഇല്ലാതാകുന്ന ‘വര്‍ത്തമാനം’

മതേതര ഇടം ഇല്ലാതാകുന്ന കാലത്ത് ഫാസിസത്തിനെതിരെയാണ് വര്‍ത്തമാനമെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ആര്യാടന്‍ ഷൗക്കത്ത്. ചിത്രത്തിന്റെ പ്രിവ്യൂവിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം മാര്‍ച്ച് 12ന് തിയേറ്ററുകളിലെത്തും. പാര്‍വതിയും റോഷന്‍ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. ചിത്രീകരണത്തിനിടെയും സെന്‍സര്‍ഷിപ്പിനിടെയും പ്രതിസന്ധികളുണ്ടായ ചിത്രം ഏറെ ശ്രമകരമായാണ് തിയേറ്ററുകളിലെത്തിക്കുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. അപ്രിയമായത് ആരെങ്കിലുമൊക്കെ തുറന്ന് പറയണമെന്ന ചിന്തയില്‍ നിന്നാണ് ചിത്രമുണ്ടായത്.

ഇത്തരമൊരു വിഷയം കേരളത്തില്‍ നിന്ന് പറയാനാകുന്നുവെന്നതാണ് സന്തോഷമെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പറഞ്ഞു. ഗായിക മഞ്ജരി പാടി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇതൊരു ചരിത്ര സിനിമയാകുമെന്ന് ഗായിക മഞ്ജരി പറഞ്ഞു.