ഈ ടീസര്‍ തടവറപോലും പ്രണയഭൂമിയാക്കിയ വാലന്റൈന് വേണ്ടി…

ഏറെ വ്യത്യസ്ഥകള്‍ നിറഞ്ഞ ഒരു മനോഹരപ്രണയ കഥയുമായി ഈ പ്രണയകാലത്ത് പ്രേക്ഷകഹൃദയത്തിലിടം നേടാനൊരുങ്ങുകയാണ് ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രം. പേരു പോലെ തന്നെ ഒരു ‘ചെറിയ വലിയ’ രഹസ്യവുമായെത്തുന്ന ചിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടവുമായാണ് നടന്‍ ഉണ്ണി മുകുന്ദനുമിന്നെത്തിയത്.

പ്രേക്ഷകര്‍ക്കായി ഒരു വാലന്റൈന്‍സ് ഡേ ഗിഫ്‌റ്റെന്നോണം
ചിത്രത്തിലെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ടീസര്‍ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെക്കുകയായിരുന്നു താരം.

മരണത്തിന് തൊട്ടുമുന്‍പ് വരെ പ്രണയത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച വാലന്റൈനെ ഓര്‍മ്മിച്ചുകൊണ്ടും പ്രണയത്തിന്റെ ത്യാഗത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടുമാണ് പ്രണയദിനത്തിലെ പ്രത്യേക ടീസര്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

”ജീവിതത്തിന്റെ ആ അവസാനം നിമിഷം വരെ പ്രണയത്തിന് വേണ്ടി മാറ്റിവെച്ച, തടവറപോലും പ്രണയഭൂമിയാക്കിയ വാലന്റൈന്റെ ഓര്‍മ്മക്കാണ് ലോകം പ്രണയദിനം ആഘോഷിക്കുന്നത്” ചിത്രത്തിലെ പ്രണയാര്‍ദ്രമായ ദൃശ്യങ്ങള്‍ക്കൊപ്പം നടന്‍ ലാല്‍ തന്നെ തന്റെ ഘനഗാംഭീര്യമായ ശബ്ദവുമായെത്തി. ഷൈജു അന്തിക്കാട് സംവിധാനത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, ദീപക് പറമ്പോല്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രം തിയറ്ററുകളിലെത്താനൊരുങ്ങുകയാണ്…