അറിയണം നീ ആരെന്ന്, വിസ്മയിപ്പിച്ച് കത്തനാര്‍ ടീസര്‍

കടമറ്റത്ത് കത്തനാരുടെ ജീവിതത്തെ ആസ്പദമാക്കി ജയസൂര്യ നായകനായെത്തുന്ന ചിത്രം കത്തനാരുടെ ടീസര്‍ പുറത്തിറങ്ങി. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ആണ്. ത്രീഡിയിലാകും ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ അനിമേറ്റഡ് ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. രമ്യ നമ്പീശന്റെ ശബ്ദമാണ് ലോഞ്ച് ടീസറില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍, ജോ ആന്‍ഡ് ദി ബോയ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോജിന്‍ തോമസ് ആണ് സംവിധാനം. തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്‍.രാമാനന്ദാണ്. രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസിനെത്തുക. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ആയിരിക്കും ഈ സിനിമ.

ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന എട്ടാമത്തെ ചിത്രമാണ് കത്തനാര്‍. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിനു പുറമെ മൂന്ന് മെഗാ പ്രോജക്ടുകളും താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നു. അനശ്വര നടന്‍ സത്യന്റെ ബയോപിക്, ആട് 3, കത്തനാര്‍ എന്നീ സിനിമകളും വന്‍ മുതല്‍മുടക്കിലാണ് ഒരുങ്ങുന്നത്.