വടചെന്നൈ ഉപേക്ഷിച്ചിട്ടില്ല, വ്യാജവാര്‍ത്തകളെ തള്ളി ധനുഷ്..

','

' ); } ?>

വടചെന്നൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ധനുഷ്. ട്വിറ്ററിലൂടെയായിരുന്നു ധനുഷിന്റെ വിശദീകരണം. വടചെന്നൈ 2 എന്ന ചിത്രം വേണ്ടെന്നുവച്ചിട്ടില്ലെന്നും അത് സംഭവിക്കുമെന്നും തന്റെ ഔദ്യോഗിക പേജില്‍ നിന്നല്ലാതെയുള്ള മറ്റ് വാര്‍ത്തകളെ വിശ്വസിക്കരുതെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു. വടചെന്നൈ 2 ഉപേക്ഷിക്കുന്നതായി ചില തമിഴ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. വടക്കന്‍ ചെന്നൈയിലെ ചേരി നിവാസികളുടെ കുടിപ്പകയും അവരുടെ 35 വര്‍ഷത്തെ ജീവിതമായിരുന്നു ചിത്രത്തിന്റെ പ്രമേയം. എ. സുബാസ്‌കാരന്‍, ധനുഷ്, വെട്രിമാരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ചിത്രത്തിന്റെ ആദ്യഭാഗം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തു.

സിനിമ പുറത്തിറങ്ങയതിന് തൊട്ടുപിന്നാലെ വടക്കന്‍ ചെന്നൈയിലെ മത്സ്യത്തൊഴിലാളികള്‍ ചിത്രത്തിനെതിരേ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു അവരുടെ ആരോപണം. ഇതാണ് രണ്ടാം ഭാഗത്തിനു തടസ്സമായി നില്‍ക്കുന്നതെന്നായിരുന്നു വാര്‍ത്ത.

ധനുഷ്, ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ വടചെന്നൈ ഏകദേശം 50 കോടി വരുമാനവും നേടിയിരുന്നു. ചിത്രത്തിന്റെ റിലീസ് സമയത്തു തന്നെ മൂന്ന് ഭാഗങ്ങളായാണ് വടചെന്നൈ ഒരുക്കുന്നതെന്ന് സംവിധായകന്‍ പ്രഖ്യാപിക്കുകയും ചെയ്തതാണ്. കൂടാതെ രണ്ടാം ഭാഗത്തിന്റെ ഏകദേശം 20 ശതമാനത്തോളം ഭാഗങ്ങള്‍ ആ സമയത്ത് ചിത്രീകരിക്കുകയും ചെയ്തു.

ഇതിനിടെ ഈ സിനിമയില്‍ അമീര്‍ അവതരിപ്പിച്ച രാജന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ‘രാജന്‍ വാഗൈയാര’ എന്ന പേരില്‍ വെബ്‌സീരിസ് ഒരുക്കാനും വെട്രിമാരന്‍ പദ്ധതിയിടുന്നുണ്ട്.