‘ഷൈലോക്ക്’- മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിലെ മൂന്നാം ചിത്രം

മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഷൈലോക്ക്’ എന്നാണ് ചിത്രത്തിന്റെ പേര്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്. പതിവുപോലെതന്നെ സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നു. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് തിരക്കഥയൊരുക്കുന്നത്.

തമിഴ് നടന്‍ രാജ്കിരണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയ് വാസുദേവ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ആദ്യ രണ്ടു ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വനിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.