മലയാളത്തിന്റെ പ്രിയനടന്‍ കൊച്ചിന്‍ ഹനീഫയുടെ പത്താം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍. മരണം ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന അന്യായങ്ങളില്‍ നഷ്ടപ്പെട്ടു പോയ അതിഗംഭീരനായ ഒരു കലാകാരനാണ് കൊച്ചിന്‍ ഹനീഫയെന്ന് ശ്രീകുമാര്‍ പറയുന്നു. ദുശ്ശീലങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ഹനീഫ ലിവര്‍ സിറോസ് ബാധിതനായെന്നും പൂര്‍ണ്ണമായും അനുഭവിക്കാന്‍ കഴിയാതെ പോയ വലിയ ഒരു മനുഷ്യനാണ് കൊച്ചിന്‍ ഹനീഫയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
വി.എ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്..
മറവികളിലേക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരാളാണ് എനിക്ക് ഹനീഫിക്ക. മരണം ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന അന്യായങ്ങളില്‍ നഷ്ടപ്പെട്ടു പോയ അതിഗംഭീരനായ ഒരു കലാകാരന്‍. മദ്യപിക്കില്ല, പുകവലിക്കില്ല, ജീവിതശൈലിയെ ബാധിക്കുന്ന മറ്റു ദുശ്ശീലങ്ങള്‍ ഒന്നും തന്നെയില്ല, എന്നിട്ടും ലിവര്‍ സിറോസിസ് ബാധിതനായി.
കല്യാണ്‍ ജ്യുവല്ലേഴ്‌സിന്റെ റേറ്റ് ടാഗ് പരസ്യത്തില്‍ അഭിനയിക്കാന്‍ ചെന്നൈയില്‍ എത്തുമ്പോള്‍ അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. ഭക്ഷണകാര്യത്തിലുമൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ, രണ്ടുമൂന്നു ദിവസങ്ങള്‍ നീണ്ടു നിന്ന ഷെഡ്യൂളില്‍ ഏറെ ആസ്വദിച്ചാണ് ഹനീഫിക്ക പങ്കെടുത്തത്. വളരെ സ്‌ട്രെയിനെടുത്താണ് അദ്ദേഹം സഹകരിച്ചതെന്ന് എനിക്ക് പലപ്പോഴും അനുഭവപ്പെട്ടു, എങ്കിലും മരണത്തിലേക്ക് നയിക്കത്തക്കവിധമുള്ള അസുഖമുണ്ടായിരുന്നു എന്ന് അപ്പോള്‍ ആര്‍ക്കും തോന്നിയിരുന്നില്ല. അത്രയ്ക്കും ഡെഡിക്കേഷനോടെയാണ് അദ്ദേഹം അത് പൂര്‍ത്തീകരിച്ചത്. കല്യാണ്‍ ജ്യുവല്ലേഴ്‌സിന്റെ പരസ്യസീരിസിലെ ഒരു നാഴികക്കല്ലായിരുന്നു റേറ്റ് ടാഗ് സീരീസിലുള്ള മികച്ച ഈ പരസ്യങ്ങള്‍.
കരുണാനിധിയുമായി ഹനീഫിക്കയ്ക്കുണ്ടായിരുന്ന വളരെ അടുത്ത സൗഹൃദവും ഇക്കാലയളവില്‍ നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞു. ഹനീഫിക്കയ്ക്കുള്ള ഭക്ഷണം പലപ്പോഴും കരുണാനിധിയുടെ വീട്ടില്‍ നിന്നു തന്നെ ആദരവോടെ കൊടുത്തയച്ചിരുന്നു. പൂര്‍ണ്ണമായും നമുക്ക് അനുഭവിക്കാന്‍ കഴിയാതെ പോയ വലിയ ഒരു മനുഷ്യനാണ് കൊച്ചിന്‍ ഹനീഫ.
വാത്സല്യം പോലെ മലയാളത്തിലെ ഏറ്റവും മികച്ച ഒരു ചിത്രം സംവിധാനം ചെയ്ത ഹനീഫിക്ക, പക്ഷെ പിന്നീട് അഭിനയത്തിലും ഹാസ്യകഥാപാത്രങ്ങളിലുമായി ഒതുങ്ങി മാറി. ‘താളം തെറ്റിയ താരാട്ട്’ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ആരാധനയോടെ കാണാന്‍ തുടങ്ങിയ കലാകാരനാണ്. അപൂര്‍ണ്ണതയിലാണ് ആ ജീവിതം വിട വാങ്ങിയത്.