
മെമ്മറി കാർഡ് വിവാദത്തിൽ ഇടവേള ബാബുവിനും കുക്കു പരമേശ്വരനും എതിരെ അമ്മ സംഘടനയ്ക്ക് പരാതി നൽകാനൊരുങ്ങി നടി ഉഷ ഹസീന. അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ വിഷയമാണ് മെമ്മറി കാർഡുമായി ബന്ധപ്പെട്ടുള്ളത്. അത്കൊണ്ട് തന്നെ
സംഘടനയിലെ വനിതാ അംഗങ്ങളുടെ പരാതി റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് എവിടെയെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം.
കുക്കു പരമേശ്വരനാണ് അത് കൈകാര്യം ചെയ്തത്. ആ കാർഡ് എന്തുകൊണ്ട് ഹേമാ കമ്മിറ്റിക്കുമുന്നിൽ സമർപ്പിച്ചില്ല?. എന്തുകൊണ്ട് തുടർ നടപടികളുണ്ടായില്ല?. ഇടവേള ബാബുവിന്റെ കയ്യിലുൾപ്പെടെ ഈ മെമ്മറി കാർഡ് ഉണ്ട്. അത് കണ്ടെത്തണം. ഉഷ ഷീന പരാതിയിൽ ചൂണ്ടിക്കാട്ടി.
മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെ സംഘടനയിലെ വനിതാ അംഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാനായി ഒരു യോഗം വിളിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് എവിടെയെന്നാണ് ഉഷ ഹസീന ചോദിക്കുന്നത്.
അതേസമയം തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാട്ടി കുക്കു പരമേശ്വരൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഇല്ലാത്ത മെമ്മറി കാര്‍ഡിന്റെ പേരില്‍ തന്നെ വേട്ടയാടുന്നുവെന്നും യൂട്യൂബ് ചാനലുകളിലൂടെ തന്നെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് കുക്കു പരമേശ്വരന്റെ പരാതി.
അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിയാണ് കുക്കു പരമേശ്വരൻ. തനിക്കെതിരെ വലിയ രീതിയിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ഡിജിപിക്കുനൽകിയ പരാതിയിൽ അവർ പറയുന്നത്. തന്നെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സമൂഹ മാധ്യങ്ങളി തനിക്കെതിരെ വ്യാപക പ്രചാരണം നടക്കുന്നു. താൻ സംഘടനാ തിരഞ്ഞെടുപ്പിന്റെ മത്സരരംഗത്തുവന്നതിന് പിന്നാലെയാണ് മെമ്മറി കാർഡ് വിവാദം തലപൊക്കിയതെന്നും കുക്കു പറയുന്നു.