“കുഞ്ചാക്കോ ബോബന്റെയും മീരാ ജാസ്മിന്റെയും തിരിച്ചുവരവിന് ഞാനാണ് കാരണം, ഇപ്പോൾ ജോജുവിന്റെയും”; ഉർവശി

','

' ); } ?>

ജോജു ജോർജിനെ കുടുംബപ്രേക്ഷകരിലേക്ക് തിരികെ എത്തിച്ചത് താനാണെന്ന പ്രേക്ഷകരുടെ പ്രതികരണത്തിൽ ഏറെ സന്തോഷമുണ്ടെന്ന് നടി ഉർവശി. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സിനിമാജീവിതത്തിലെ തിരിച്ചുവരവുകളെക്കുറിച്ചും പുതിയ ചിത്രമായ ‘ആശ’യെക്കുറിച്ചും താരം മനസ്സുതുറന്നത്. തന്റെ സാന്നിധ്യമില്ലായിരുന്നെങ്കിൽ മുത്തശ്ശിയും അമ്മയും മകളുമടങ്ങുന്ന കുടുംബപ്രേക്ഷകർ ജോജുവിന്റെ ചിത്രം കാണാൻ തിയറ്ററിലെത്തുമായിരുന്നില്ല എന്ന് കാണികൾ നേരിട്ട് അറിയിച്ചതായി ഉർവശി വ്യക്തമാക്കി. കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും തങ്ങളുടെ പ്രതിസന്ധിഘട്ടങ്ങൾക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ സിനിമകളെ ഉദാഹരിച്ചുകൊണ്ടാണ് താരം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് തിരിഞ്ഞുപോയ കുഞ്ചാക്കോ ബോബന് ‘സകുടുംബം ശ്യാമള’, ‘മമ്മി ആൻഡ് മി’ എന്നീ ചിത്രങ്ങളാണ് വലിയൊരു റീ-എൻട്രി നൽകിയതെന്നും, ബോക്സ് ഓഫീസ് പരാജയങ്ങളും വ്യക്തിജീവിതത്തിലെ വിഷമങ്ങളും നേരിട്ട മീരാ ജാസ്മിന് ‘അച്ചുവിന്റെ അമ്മ’ വഴിതിരിവായി മാറിയെന്നും ഉർവശി ഓർമിച്ചു.

അതേസമയം, ‘ആശ’ സിനിമയുടെ പ്രമോഷനിടയിൽ അവതാരകയോട് മോശമായി പെരുമാറിയെന്ന തരത്തിൽ ഉയർന്ന വിവാദങ്ങളോടും താരം പ്രതികരിച്ചു. താൻ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും, ആ കുട്ടി ഭംഗിയായി ജോലി ചെയ്തതിന് ഈശ്വരൻ നൽകിയ അനുഗ്രഹമാണ് വിവാദങ്ങളിലൂടെ ലഭിച്ച പിന്തുണയെന്നും ഉർവശി കൂട്ടിച്ചേർത്തു.

ഉർവശിയുടെ വാക്കുകൾ;

‘‘ഞാനായിട്ട് അത് പറയുന്നില്ല, ഈ അടുത്ത സമയത്ത് ഒരു സംവിധായകൻ എന്നെ കണ്ടപ്പോൾ പറഞ്ഞു, ‘ഉര്‍വശി, കുഞ്ചാക്കോ ബോബൻ സിനിമ വിട്ട് റിയൽ എസ്റ്റേറ്റിൽ പോയപ്പോൾ ചാക്കോച്ചനെ വച്ച് ഈ പടം ചെയ്യണം എന്നു പറഞ്ഞു.’ കുഞ്ചാക്കോ ബോബനെക്കാൾ മൂന്നോ നാലോ വയസ്സ് വ്യത്യാസമേ ഒള്ളൂ എനിക്ക്.  ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന സത്യന്റെ പടം ചെയ്തിട്ട് ഗ്യാപ്പ് എടുക്കാനായിരുന്നു ആഗ്രഹിച്ചത്. പ്രസവത്തിനു മുമ്പ് തമിഴുള്ള സിനിമകൾ തീർക്കണം എന്നിട്ട് സ്വസ്ഥമായി ഇരിക്കാനുളള തീരുമാനമായിരുന്നു. പക്ഷേ ജീവിതസാഹചര്യങ്ങൾകൊണ്ട് പറ്റിയില്ല.

ചാക്കോച്ചന്റെ ‘റീഎൻട്രിക്ക് സകുടുംബം ശ്യാമള’ എന്ന ഒരു സിനിമ കാരണമായി, ‘മമ്മി ആൻഡ് മി’ കാരണമായി. പിന്നെ ചാക്കോച്ചന്‌ ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  മീരാ ജാസ്മിന്‌ കലക്‌ഷൻ ഇല്ലാത്ത പടങ്ങളും പഴ്സണൽ ലൈഫിലെ ദുഃഖങ്ങളും ഒക്കെ ആയിരുന്ന സമയത്താണ് ‘അച്ചുവിന്റെ അമ്മ’യിൽ അഭിനയിക്കുന്നത്. പിന്നെ അവളുടെ ഒരു യാത്രയായിരുന്നു. അത് പലരും പറയും. കൂടെയുളളവരെ പ്രോത്സാഹിപ്പിക്കുന്നത് നമ്മുടെ ഹൃദയത്തിൽ നിന്നാണ്. അങ്ങനെയൊരു വലിയ നിരയെക്കുറിച്ച് പറഞ്ഞപ്പോൾ ശരിയാണല്ലോ എന്ന് തോന്നി.

ഇപ്പോൾ  ‘ആശ’ കണ്ടപ്പോൾ പ്രേക്ഷകരൊക്കെ പറയുന്നത്, ജോജുവിനെ തങ്ങളുടെ കുടുംബ പ്രേക്ഷകർക്ക് തന്നത് ഉർവശിയാണെന്നാണ്. ഉർവശി ഇല്ലെങ്കിൽ ഞങ്ങൾ ജോജുവിന്റെ ഒരു പടത്തിന് അമ്മൂമ്മയും അമ്മയും മകളും മകളുടെ കുട്ടിയുമായിട്ട് വരില്ല എന്നാണ്. അങ്ങനെയൊരു ഘട്ടത്തിൽ ഉര്‍വശി, ജോജുവിന്റെ രക്ഷകയായി എത്തിയെന്ന് പറയുമ്പോൾ നമുക്ക് ഭയങ്കര അഭിമാനമല്ലേ, നമ്മൾ അറിയാതെ മനസ്സാ വാചാ ചിന്തിക്കാതെ ഈശ്വരൻ നമ്മളിലൂടെ മറ്റൊരാൾക്ക് വഴികാട്ടിയാകുന്നു. നമ്മൾ സഹയാത്രികർ മാത്രമാണ്. അതൊക്കെ ഒരു മഹാഭാഗ്യം.’’–ഉർവശിയുടെ വാക്കുകൾ:

‘ആശ’ സിനിമയുടെ പ്രമോഷനിടെ അവതാരകയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ പ്രസ്താവനകളോടും അതിനോടനുബന്ധിച്ച് നടന്ന വിവാദങ്ങളോടും നടി പ്രതികരിച്ചു.

‘‘ദക്ഷ എന്ന കുട്ടി രക്ഷപ്പെട്ടു. അവൾ അവളുടെ ജോലി ഭംഗിയായി ചെയ്തതിന് ഈശ്വരൻ കൊടുത്തൊരു അനുഗ്രഹമാണിത്. അവളൊന്നും പറഞ്ഞില്ല. അവസാനം, എന്നെ കാണാൻ വന്നൊരു കുഞ്ഞിന് അവസരം ഉണ്ടാക്കികൊടുത്ത് ആ കുട്ടിയെ ആശ്വസിപ്പിച്ചവളാണ്. ഞാൻ ഗൗരവത്തിൽ ഒരു കുട്ടിയോട്, ‘ഇവിടെ ഇംഗ്ലിഷിൽ സംസാരിക്കരുത്, ഇത് മലയാളം സ്റ്റേജ് ആണ്’ എന്നു പറഞ്ഞിട്ടില്ല.

ഞാൻ ആരെയും അങ്ങനെ വേദനിപ്പിക്കില്ല. പറയുന്നവർ പറയട്ടെ. നല്ലതല്ല എന്നുന്നു പറയാൻ പത്തുപേരുള്ളപ്പോഴല്ലേ നല്ലതെന്നു പറയുന്ന നൂറ് പേരെക്കുറിച്ച് ഞാൻ ചിന്തിക്കുകയുള്ളൂ. അതിനു വേണ്ടിയിട്ടാണെന്നു വിചാരിക്കൂ.’’