
‘ഉണ്ട’ എന്ന സിനിമയ്ക്കു ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്ഡേഷന് ശേഷം ചർച്ചയായി മമ്മൂട്ടിയുടെ 2026 ലെ ലൈനപ്പുകൾ. 2025 അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഖാലിദ് റഹ്മാനൊപ്പമുള്ള മമ്മൂട്ടി ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുന്നത്. ക്യാപ്പിറ്റല്‍ M നൊപ്പം അറിയാലോ മമ്മൂട്ടിയാണ് എന്ന ക്യാപ്ഷനോടെ പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പിന്നാലെയാണ് മമ്മൂട്ടിയുടെ ഈ വർഷത്തെ സിനിമകളെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. പാട്രിയറ്റ്, ചത്താ പച്ച, അടൂർ- മമ്മൂട്ടി ചിത്രം, ധനുഷിനൊപ്പമുള്ള ചിത്രം, എന്നിവയാണ് അണിയറയിലൊരുങ്ങുന്നത്. എന്നാൽ ഈ വർഷം ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബജറ്റ് മാസ് എന്റർടെയ്‌നർ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല.
17 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യുകെ എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.
റെസ്‌ലിങിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചത്താ പച്ച. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നു. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്‌ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ റെസിലിങ് കോച്ചായി അതിഥി വേഷത്തിൽ മമ്മൂട്ടി എത്തുന്നുണ്ട്.
അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കുന്ന സിനിമ മമ്മൂട്ടി കമ്പനി തന്നെ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി അനന്തരം, വിധേയന്‍, മതിലുകള്‍ എന്നീ സിനിമകളൊരുക്കിയത് അടൂരായിരുന്നു.
അമരന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി ഉണ്ടെന്നാണ് റിപ്പോർട്ട്. ധനുഷ് നായകനായെത്തുന്ന ചിത്രത്തിന് ഡി 55 എന്നാണ് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. മമ്മൂട്ടി നായകനായെത്തിയ കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ ധനുഷും അതിഥി വേഷത്തിലെത്തിയിരുന്നു.
അതേ സമയം. 2026 നമ്മ കത്തിക്കും, തൂക്കിയിരിക്കും, ആചാര വെടിക്കിതാ ബെസ്റ്റ്, ഇനി കണ്ടോ, അടിയുടെ ഇടിയുടെ വെടിയുടെ പൊടിപൂരം എന്നിങ്ങനെയാണ് മമ്മൂട്ടിയുടെ പുതിയ അപ്ഡേഷന് പോസ്റ്റിനു താഴെ നിറയുന്ന കമന്റുകള്‍. നിയോഗ്, സുഹാസ്, ഷർഫു എന്നിവർ ചേർന്ന് രചിച്ച ചിത്രം, മമ്മൂട്ടി എന്ന നടനും താരത്തിനും ഉള്ള ആദരമായാണ് ഒരുക്കുന്നത്. 2026ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബജറ്റ് മാസ് എന്റർടെയ്‌നർ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല.